'ഷമി ഫൈനലില്‍' പെയ്തിറങ്ങിയത് റെക്കോഡുകളുടെ പെരുമഴ; ബെഞ്ച് വാര്‍മറില്‍ നിന്നും ചരിത്രത്തിലേക്ക്
icc world cup
'ഷമി ഫൈനലില്‍' പെയ്തിറങ്ങിയത് റെക്കോഡുകളുടെ പെരുമഴ; ബെഞ്ച് വാര്‍മറില്‍ നിന്നും ചരിത്രത്തിലേക്ക്
ആദര്‍ശ് എം.കെ.
Wednesday, 15th November 2023, 11:47 pm

 

2023 ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 70 റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരിന്റെയും സെഞ്ച്വറി കരുത്തില്‍ 397 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലിലെത്തിയിരുന്നു. വിരാടിന്റെയും അയ്യരിന്റെയും വെടിക്കെട്ടിന് പുറമെ ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറിയും രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരുടെ അപരാജിത പ്രകടനവും ഇന്ത്യക്ക് തുണയായി.

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ 327ന് ഓള്‍ ഔട്ടായി. 134 റണ്‍സടിച്ച ഡാരില്‍ മിച്ചലാണ് ന്യൂസിലാന്‍ഡിന്റെ ടോപ് സ്‌കോറര്‍.

ഏഴ് കീവീസ് താരങ്ങളെ പുറത്താക്കിയ മുഹമ്മദ് ഷമിയാണ് കിവികളെ പരാജയത്തിലേക്ക് തള്ളിയിട്ടത്. ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ഷമിയുടെ പേസിന്റെ കരുത്തറിഞ്ഞത്.

ഈ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും ഷമിയെ തന്നെയായിരുന്നു. 2023 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാകാനും ഇതോടെ ഷമിക്കായി.

ഈ പ്രകടനത്തിന് പിന്നാലെ പല റെക്കോഡുകളും ഷമിയെ തേടിയെത്തിയിരുന്നു. ലോകകപ്പിലെ 50 വിക്കറ്റ് തികയ്ക്കുന്ന ബൗളര്‍ എന്ന നേട്ടമാണ് ഇതില്‍ പ്രധാനം.

ന്യൂസിലാന്‍ഡിനെതിരെ മൂന്ന് വിക്കറ്റ് നേടിയാല്‍ ഷമിക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. കോണ്‍വെയും രചിനെയും പുറത്താക്കി ഈ നേട്ടത്തിനടുത്തെത്തിയ ഷമി കെയ്ന്‍ വില്യംസണെ പുറത്താക്കിയാണ് ലോകകപ്പ് വിക്കറ്റുകളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും ഏഴാമത് താരവുമാണ് ഷമി. ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), മിച്ചല്‍ സ്റ്റാര്‍ക് (ഓസ്‌ട്രേലിയ), ലസിത് മലിംഗ (ശ്രീലങ്ക), വസീം അക്രം (പാകിസ്ഥാന്‍), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്) എന്നിവരാണ് ഇതിന് മുമ്പ് ലോകകപ്പില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമാണ് മുഹമ്മദ് ഷമി. ലോകകപ്പിലെ 795ാം പന്തിലാണ് ഷമി 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക് (941 പന്ത്), ലസിത് മലിംഗ (1,187 പന്ത്) എന്നിവരാണ് ഈ നേട്ടത്തില്‍ ഷമിക്ക് പുറകിലുള്ളത്.

ലോകകപ്പില്‍ ഏറ്റവുമധികം ഫൈഫര്‍ നേടിയ താരം എന്ന റെക്കോഡും ഷമി സ്വന്തമാക്കി. തന്റെ കരിയറിലെ നാലാമത് ലോകകപ്പ് ഫൈഫറാണ് ഷമി വാംഖഡെയില്‍ കുറിച്ചത്. ഇതില്‍ മൂന്ന് ഫൈഫറും പിറന്നത് ഈ ലോകകപ്പില്‍ തന്നെയാണ് രസകരമായ വസ്തുത.

ലോകകപ്പില്‍ ഏറ്റവുമധികം ഫൈഫര്‍ നേടിയ താരങ്ങള്‍

(താരം – രാജ്യം – നേടിയ ഫൈഫര്‍ – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

മുഹമ്മദ് ഷമി – ഇന്ത്യ – 4 – 17

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 3 – 26

ഗാരി ഗില്‍മോര്‍ – ഓസ്‌ട്രേലിയ – 2 – 2

വാസ്‌ബെര്‍ട് ഡ്രേക്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 2 – 6

അഷാന്ത ഡി മെല്‍ – ശ്രീലങ്ക – 2 – 9

ഇതിന് പുറമെ ലോകകപ്പിന്റെ നോക്ക് ഔട്ട് മത്സരത്തില്‍ ഫൈഫര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ഷമി സ്വന്തമാക്കി.

തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഷമി വാംഖഡെയില്‍ പുറത്തെടുത്തത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നും ഇതുതന്നെ.

ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം

(താരം – രാജ്യം – എതിരാളികള്‍ ഓവര്‍ – വഴങ്ങിയ റണ്‍സ് – നേടിയ വിക്കറ്റ് വര്‍ഷം എന്നീ ക്രമത്തില്‍)

ഗ്ലെന്‍ മഗ്രാത്ത് – ഓസ്‌ട്രേലിയ – നമീബിയ – 7.0 – 15 – 7 – 2003

ആന്‍ഡി ബിചെല്‍ – ഓസ്‌ട്രേലിയ -ഇംഗ്ലണ്ട് – 10.0 – 20 – 7 – 2003

ടിം സൗത്തി – ന്യൂസിലാന്‍ഡ് – ഇംഗ്ലണ്ട് – 9.0 – 33 – 7 – 2015

വിന്‍സ്റ്റണ്‍ ഡേവിസ് – വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ – 10.3 – 51 – 7 – 1983

മുഹമ്മദ് ഷമി – ഇന്ത്യ – ന്യൂസിലാന്‍ഡ് – 9.5 – 57 – 7 – 2023

ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ അവസരം നല്‍കാതെ ബെഞ്ചിലിരുത്തിയ താരമാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് എന്ന് ഓര്‍ക്കുമ്പോഴാണ് ഷമിയുടെ പ്രകടനത്തിന്റെ മഹത്വമേറുന്നത്. ഫൈനലിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ മൂന്നാം കിരീടം ചൂടിക്കാന്‍ തന്നെയാകും ഷമി ഒരുങ്ങുന്നത്.

 

Content highlight: Mohammed Shami’s records in semi final

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.