ഇത് നല്ല റെക്കോഡോ അതോ മോശം റെക്കോഡോ? ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ അത്യപൂര്‍വ റെക്കോഡുമായി ഷമി
IPL
ഇത് നല്ല റെക്കോഡോ അതോ മോശം റെക്കോഡോ? ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ അത്യപൂര്‍വ റെക്കോഡുമായി ഷമി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st June 2022, 8:21 am

ഐ.പി.എല്‍ 2022 അവസാനിച്ചു. ടീമുകള്‍ തങ്ങളുടെ രാജ്യത്തിനായുള്ള പരമ്പരകളിലേക്കും ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കും ശ്രദ്ധ തിരിച്ചിരിക്കുകയാണ്.

അതിനിടെയിലാണ് ഐ.പി.എല്ലില്‍ പിറന്ന അത്യപൂര്‍വ റെക്കോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലടക്കം സജീവമാവുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാണ് അത്യപൂര്‍വ റെക്കോഡിന് ഉടമയായിരിക്കുന്നത്.

ഐ.പി.എല്‍ ആരംഭിച്ച് 15 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തിലൊരു റെക്കോഡ് പിറക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

സീസണിലെ എല്ലാ മത്സരങ്ങളും കളിക്കുകയും എന്നാല്‍ ഒന്നില്‍ പോലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്ത ഐ.പി.എല്ലിലെ തന്നെ ആദ്യതാരം എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.

 

 

ഐ.പി.എല്‍ 2022ന്റെ ഫൈനല്‍ അടക്കം കളിക്കുകയും, എന്നാല്‍ ഒന്നില്‍ പോലും ബാറ്റ് ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് താരത്തെ തേടി ഈ റെക്കോഡ് എത്തിയിരിക്കുന്നത്.

ഷമിക്ക് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കാതിരിക്കുകയായിരുന്നില്ല, മറിച്ച് അതിന്റെ ആവശ്യം വരാതിരിക്കുകയായിരുന്നു എന്നതാണ് സത്യം. ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും ശക്തമായി തന്നെ തുടര്‍ന്നപ്പോള്‍, ലോവര്‍ ഓര്‍ഡര്‍ താരങ്ങള്‍ക്ക് പലപ്പോഴും ബാറ്റ് പിടിക്കേണ്ടി വന്നിരുന്നില്ല.

സീസണില്‍ ബാറ്റ് തൊടാന്‍ ഒരവസരം ലഭിച്ചില്ലെങ്കില്‍ കൂടിയും ബൗളിംഗില്‍ തകര്‍പ്പന്‍ പ്രകടനം തന്നെയായിരുന്നു ഷമിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

 

16 മത്സരത്തില്‍ നിന്നും 8 എക്കോണമിയില്‍ 488 റണ്‍സ് വഴങ്ങി 20 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആറാമനുമാണ് മുഹമ്മദ് ഷമി.

സീസണില്‍ നാല് വിക്കറ്റ് നേട്ടമോ അഞ്ച് വിക്കറ്റ് നേട്ടമോ ഒരിക്കല്‍ പോലും സ്വന്തമാക്കാനായില്ലെങ്കിലും ടീമിന് ബ്രേക്ക് ത്രൂ ആവശ്യമായ ഘട്ടങ്ങളിലൊക്കെ തന്നെ ഷമി ഗുജറാത്തിന് തുണയായി.

ഐ.പി.എല്‍ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ വിക്കറ്റും അവസാന വിക്കറ്റും നേടിയതും ഷമി തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫ്യൂച്ചര്‍ ഹാള്‍ ഓഫ് ഫെയിം ആവാന്‍ സാധ്യതയുള്ള ഷമി, സീസണിലെ മികച്ച താരങ്ങളിലൊരാളാണെന്ന് നിസ്സംശംയം പറയാം.

 

Content Highlight: Mohammed Shami Becomes The First Cricketer To Play All Games In A Season Without Coming To Bat