എഡിറ്റര്‍
എഡിറ്റര്‍
‘ആരെ സന്തോഷിപ്പിക്കാനാണ് നിങ്ങളിങ്ങനെ പറയുന്നത്’; മുത്താലാഖിനെതിരായ സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത മുഹമ്മദ് കൈഫിന് മതമൗലികവാദികളുടെ ആക്രമണം
എഡിറ്റര്‍
Tuesday 22nd August 2017 9:11pm

മുംബൈ: തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദികളുടെ ആക്രമണത്തിന് ഇരയായിട്ടുള്ള താരമാണ് മുഹമ്മദ് കൈഫ്. ഇന്ന് മുത്തലാഖ് വിഷയത്തില്‍ ചരിത്രപരമായ ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള കൈഫിന്റെ ട്വീറ്റിന് മതമൗലികവാദികളുടെ ആക്രമണമായിരുന്നു ലഭിച്ചത്.

സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും ഉത്തരവ് മുസ് ലിം സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ വിധിയ്ക്ക് കഴിയുമെന്നുമായിരുന്നു കൈഫിന്റെ ട്വീറ്റ്. തുല്യനീതിയുടെ ആവശ്യകതയെക്കുറിച്ചും മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു.

പലരും കൈഫിന്റെ ട്വീറ്റിന് അഭിനന്ദനങ്ങളറിയിച്ച് രംഗത്തെത്തിയപ്പോള്‍ മതമൗലികവാദികളായ ചിലര്‍ ആക്രമണവുമായാണ് രംഗത്തെത്തിയത്. നിങ്ങള്‍ ആരെ സന്തോഷിപ്പിക്കാനാണ് ഇത്തരത്തില്‍ ട്വീറ്റ് ചെയ്യുന്നതെന്നും അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കരുതെന്നുമായിരുന്നു ചില കമന്റുകള്‍.

മുത്തലാഖ് ഖുറാന് വിരുദ്ധമാണെങ്കില്‍ വന്ദേമാതരുവം ഖുറാന് വിരുദ്ധമാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. മുസ് ലിമായിരുന്നിട്ടും താങ്കള്‍ ഇങ്ങനെ പ്രതികരിച്ചത് ശരിയായില്ലെന്നും കമന്റുണ്ട്.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നത്. അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് എതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ രണ്ടു പേര്‍ മുത്തലാഖ് മുസ്ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് പറയുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷ വിധിപ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്നുള്ള വിധി പുറപ്പെടുവിക്കുകയായിരുന്നു.

ആറ് മാസത്തിനുള്ളില്‍ മുത്തലാഖിനെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. പുതിയ നിയമം നിലവില്‍ വരുന്നതുവരെ ആറുമാസത്തേക്ക് മുത്തലാഖിനു വിലക്കേര്‍പ്പെടുത്തുകയും ആറുമാസത്തിനുള്ളില്‍ നിയമം വന്നില്ലെങ്കില്‍ വിലക്ക് തുടരാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Advertisement