' സ്വന്തം പാപക്കറ മായ്ച്ച് കളയാന്‍ അവന്‍ ശ്രമിക്കുകയായിരുന്നു, ഇനി ഞങ്ങള്‍ക്ക് നാട്ടുകാരുടെ മുഖത്തു നോക്കാം'; വാതുവെപ്പ് വിവാദത്തില്‍ നിന്നും പാക് താരം ആമിര്‍ കരകയറിയതെങ്ങനെ?
Daily News
' സ്വന്തം പാപക്കറ മായ്ച്ച് കളയാന്‍ അവന്‍ ശ്രമിക്കുകയായിരുന്നു, ഇനി ഞങ്ങള്‍ക്ക് നാട്ടുകാരുടെ മുഖത്തു നോക്കാം'; വാതുവെപ്പ് വിവാദത്തില്‍ നിന്നും പാക് താരം ആമിര്‍ കരകയറിയതെങ്ങനെ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2017, 10:25 am

ഇസ്‌ലാമാബാദ്: അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാക് താരം മുഹമ്മദ് ആമിറിന്റെ കുടുംബത്തിന് ഇനി ചിരിയ്ക്കാം. ആമിറിന്റെ കരിയറില്‍ കറുത്ത നിഴല്‍ വീഴ്ത്തിയ വാതുവെപ്പിനും വിലക്കിനും ശേഷം താരവും കുടുംബവുമെല്ലാം പുതിയ ജീവിതത്തിലേക്ക് കടന്നു വരികയാണ്.

ഫൈനലിലെ ആമിറിന്റെ പ്രകടനത്തിന്റെ ബലത്തില്‍ ടീം കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാനില്‍ മുഴുവന്‍ ആഘോഷമായിരുന്നു. നാളുകളായി കൊണ്ടു നടന്ന ഭാരം ഒഴിവായതു പോലെ തോന്നുന്നുണ്ടെന്ന് ആമിറിന്റെ സഹോദരന്മാരായ നവീദും ഇജാസും പറയുന്നു.

” റാവല്‍പ്പിണ്ടിയ്ക്ക് അടുത്തുള്ള കംഗാ ബുനിയല്‍ ആണ് ഞങ്ങളുടെ ഗ്രാമം. വാതുവെപ്പ് വിവാദം ഉടലെടുത്തതോടെ പുറത്തിറങ്ങാനും ആളുകളെ അഭിമുഖീകരിക്കാനും ഞങ്ങള്‍ക്ക് നാണക്കേട് തോന്നിയിരുന്നു. ഇന്ന് ഞങ്ങള്‍ താമസിക്കുന്നത് ലാഹോറിലാണ്. വേരുകള്‍ ഇന്നും ഗ്രാമത്തില്‍ തന്നെയാണ്. അതു കൊണ്ട് ഇനി തിരികെ ചെല്ലുമ്പോള്‍ അഭിമാനത്തോടെ അവരെ അഭിമുഖീകരിക്കാം.” പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവീദ് പറയുന്നു.


Also Read: ‘ചതിച്ചത് കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ്’; വിവാദത്തിന് തിരികൊളുത്തി തോല്‍വിയ്ക്ക് കാരണം സഹതാരമെന്ന് വെളിപ്പെടുത്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിവാദ ട്വീറ്റ്


“ശിക്ഷ കഴിഞ്ഞ പുറത്തു വന്ന ആമിറിന്റെ ആഗ്രഹം തന്റെ തെറ്റുകള്‍ മറക്കുന്ന തരത്തിലുള്ള എന്തെങ്കിലും പാകിസ്ഥാന് വേണ്ടി ചെയ്യണം എന്നായിരുന്നു. അത് സഫലമായിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദരിദ്രകുടുംബത്തിലെ ഏഴുമക്കളില്‍ ആറാമനായാണ് ആമിര്‍ ജനിച്ചത്. 2010 ല്‍ താന്‍ ചെയ്ത തെറ്റിന്റെ വില ആമിര്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും സഹോദരന്മാര്‍ പറയുന്നു. ഗ്രാമത്തില്‍ നിന്നും എല്ലാവരും വിളിക്കുന്നു, ആമിറിന്റെ പ്രകടനത്തെ പ്രശംസിക്കുന്നുണ്ടെന്നും നവീദ് പറഞ്ഞു.

വിലക്കിന് ശേഷം 2016 ലായിരുന്നു ആമിര്‍ തിരികെ ടീമിലെത്തിയത്. എന്നാല്‍ താരത്തിന് തന്റെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചതേയില്ല. ആമിറിനെ ടീമിലേക്ക് എടുത്തതിനെതിരെ നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പിന്നാലെ വന്ന ഏഷ്യകപ്പ് ട്വന്റി-20 ആമിറിന്റെ തിരിച്ചു വരവിന് വഴിയൊരുക്കി.

ആ കാലയളവില്‍ ആമിറിന് കരുത്ത് പകര്‍ന്നിരുന്നത് കുടുംബത്തിന്റെ പിന്തുണ മാത്രമായിരുന്നു. ” അതൊരു വല്ലാത്ത സമയമായിരുന്നു. പിതാവ് ഏറെ ദു:ഖിതനായിരുന്നു. പക്ഷെ, അവന്‍ ചെറിയ കുട്ടിയായിരുന്നു. ഒരു 18 കാരന് പറ്റിയ അബദ്ധം എന്നാണ് ഞങ്ങളതിനെ കണ്ടത്. അവന് ഞങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു.” ആമിറിന്റെ സഹോദരങ്ങള്‍ വ്യക്തമാക്കുന്നു.


Don”t Miss: ‘എന്റെ സാറേ അതൊരു ഒന്നൊന്നര വരവായിരുന്നു…’; അലിയ ഭട്ടിനേയും സോനം കപൂറിനേയും ജാക്വലിനേയും ഒറ്റയടിക്ക് പിന്നിലാക്കി കിംഗ് ഖാന്റെ രാജകുമാരി സുഹാന


കുടുംബത്തിന്റെ നിര്‍ബന്ധപ്രകാരം തന്നെയായിരുന്നു ആമിര്‍ ബ്രിട്ടീഷ് പൗരയായ നര്‍ജീസ് ഖാനെ വിവാഹം ചെയ്യുന്നത്. തിരികെ ടീമിലെത്തിയ ആമിറിനെ നല്ലനടപ്പ് പഠിപ്പിക്കാന്‍ സീനിയര്‍ താരമായ ഷൊയ്ബ് മാലിക്കിനെ നിയോഗിച്ചിരുന്നു. കളിക്കളത്തിന് അകത്തും പുറത്തും പക്വതയോടെ പെരുമാറുന്ന മാലിക്ക് ആമിറിന് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആമിറിനെ പക്വതയും അച്ചടക്കവുമുള്ളവനാക്കി മാറ്റി.

സഹോദരന് കൈവരിച്ച മാറ്റത്തിന് നവീദ് ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നതും ഷൊയ്ബിനോടാണ്. അല്ലായിരുന്നെങ്കില്‍ കരിയര്‍ എന്‍ഡിംഗ് സാഹചര്യത്തില്‍ നിന്നുമൊരു ഫിനിക്‌സ് പക്ഷിയായി ആമിര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ലായിരുന്നു.