മോഫിയയുടെ ആത്മഹത്യ; പ്രതിഷേധിച്ച സഹപാഠികള്‍ കസ്റ്റഡിയില്‍
Kerala News
മോഫിയയുടെ ആത്മഹത്യ; പ്രതിഷേധിച്ച സഹപാഠികള്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th November 2021, 5:54 pm

കൊച്ചി: ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ 17 സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച 17 നിയമ വിദ്യാര്‍ഥികളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

എസ്.പിക്കു പരാതി നല്‍കാനായി നാല് വിദ്യാര്‍ഥിനികളെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് കസ്റ്റഡിയിലെടുത്തതെന്നു വിദ്യാര്‍ഥിനികള്‍ പറയുന്നു.

അതേസമയം എസ്.പി ഓഫിസിലേയ്ക്ക് അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസിന്റെ വാദം.

പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ മോശമായി പെരുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ആരോപണ വിധേയനായ ആലുവ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.

മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്.

ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്.

സി.ഐ സുധീറിനെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mofiya suicide classmates in custody