എഡിറ്റര്‍
എഡിറ്റര്‍
‘അദ്വാനി രാഷ്ട്രപതിയാവുന്നത് തടയാനുള്ള മോദിയുടെ ഗൂഢാലോചന’: ബാബറി കേസിലെ വിധിയെക്കുറിച്ച് ലാലുപ്രസാദ് യാദവ്
എഡിറ്റര്‍
Wednesday 19th April 2017 2:47pm

ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കെതിരായ കോടതി വിധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൂഢാലോചനയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്.

‘സി.ബി.ഐ പ്രധാനമന്ത്രിയുടെ കൈകളിലാണ്. ബാബറി കേസില്‍ അദ്വാനിക്കെതിരെ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്ന് സി.ബി.ഐ ഇന്ന് കോടതിയില്‍ നിലപാടെടുത്തു. അദ്വാനി പ്രസിഡന്റാവാനുള്ള സാധ്യതയാണ് പ്രധാനമന്ത്രി ഇല്ലാതാക്കിയത്. അദ്വാനിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും തടയാനുള്ള മോദി സര്‍ക്കാറിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് ആര്‍ക്കും മനസിലാകും.’ ലാലു പ്രസാദ് യാദവ് പറഞ്ഞു.

ഈ വര്‍ഷം ജൂലൈയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പു നടക്കുന്നത്. ബി.ജെ.പി അവരുടെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്ന് അദ്വാനിയുടേതായിരുന്നു.


Must Read: ഒടുക്കം സുപ്രീം കോടതിക്ക് വഴങ്ങി കേന്ദ്രം: വിവിപാറ്റ് സംവിധാനമുള്ള വോട്ടിങ് മെഷീന്‍ വാങ്ങാന്‍ 3000കോടി നല്‍കാമെന്ന് കേന്ദ്രം


ഗുജറാത്ത് കലാപത്തിനു പിന്നാലെ മോദിയെ സംരക്ഷിക്കുന്ന നിലപാട് എടുത്ത വ്യക്തിയായിരുന്നു അദ്വാനിയെന്നും ലാലു പറഞ്ഞു.

‘ ഗുജറാത്ത് കലാപവേളയില്‍ അദ്വാനി മോദിയെ പിന്തുണച്ചു. അന്നത്തെ പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയ് മോദിയോട് രാജനീതി പാലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്വാനിയാണ് മോദിയെ രക്ഷിച്ചത്.’ അദ്ദേഹം പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി, മുരളീ മനോഹര്‍ ജോഷി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്, കേന്ദ്രമന്ത്രി ഉമാ ഭാരതി എന്നിവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ് വന്നത്.

Advertisement