ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ്; ഉദ്ഘാടനത്തെ കിരീടധാരണമായി മോദി ആഘോഷിക്കുന്നു: രാഹുല്‍ ഗാന്ധി
national news
ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ്; ഉദ്ഘാടനത്തെ കിരീടധാരണമായി മോദി ആഘോഷിക്കുന്നു: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th May 2023, 2:32 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തെ കിരീടധാരണം പോലെ ആഘോഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് ഉദ്ഘാടനത്തെ കിരീടധാരണം പോലെ ആഘോഷിക്കുന്നു,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പുതിയ പാര്‍ലമെന്റ് തറക്കല്ലിടല്‍ പരിപാടിയില്‍ നിന്നും അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ മാറ്റി നിര്‍ത്തിയെന്നും ഇന്ന് ഉദ്ഘാടനത്തില്‍ നിന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും മാറ്റി നിര്‍ത്തിയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വിമര്‍ശിച്ചു.

‘ആര്‍.എസ്.എസിന്റെ പിന്നാക്ക വിരുദ്ധ നിലപാടാണ് ഇത് കാണിക്കുന്നത്. അവരുടെ ഭരണഘടനാപരമായ പദവിക്ക് ബഹുമാനം നിഷേധിച്ചു. രാഷ്ട്രപതിയെ പ്രധാനമന്ത്രി രാഷ്ട്രീയപരമായി ഉപയോഗിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. എന്നാല്‍ ചരിത്രപരമായ പരിപാടികളില്‍ നിന്നും അവരെ ഒഴിവാക്കുന്നു,’ അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് നടപടികളോട് തികഞ്ഞ അവജ്ഞ പുലര്‍ത്തുകയും സ്വയം മഹത്വവത്കരിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപത്യ പ്രധാനമന്ത്രിയാണ് പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും കുറ്റപ്പെടുത്തി.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഭരണഘടനാ ചുമതലകള്‍ നിറവേറ്റാനും പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിക്കാനും അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പാര്‍ലമെന്റില്‍ വല്ലപ്പോഴും മാത്രം പങ്കെടുക്കുന്ന പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാര്‍ലമെന്റ് നടപടികളെ തികഞ്ഞ അവജ്ഞയോടെ കാണുകയും സ്വയം മഹത്വവത്കരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, അദ്ദേഹം പാര്‍ലമെന്റില്‍ വല്ലപ്പോഴും മാത്രമെ പങ്കെടുക്കാറുള്ളൂ. അദ്ദേഹമാണ് ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്,’ ജയറാം രമേശ് പറഞ്ഞു.

അതേസമയം പുതിയ പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് താരതമ്യപ്പെടുത്തിയായിരുന്നു ആര്‍.ജെ.ഡിയുടെ വിമര്‍ശനം. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെയും ചിത്രങ്ങള്‍ വെച്ചുകൊണ്ട ‘യെ ക്യാ ഹെ’ എന്നായിരുന്നു ആര്‍.ജെ.ഡി ഒഫീഷ്യല്‍ ട്വിറ്ററില്‍ കുറിച്ചത്.

Contenthighlight: Modi treating innaguration as coronation: RAHUL Gandhi