റഫാല്‍ കരാര്‍; പ്രധാനമന്ത്രിക്കെതിരെ ഔദ്യോഗിക സുരക്ഷാ നിയമപ്രകാരം കേസെടുക്കണം: രാഹുല്‍ ഗാന്ധി
Rafale Row
റഫാല്‍ കരാര്‍; പ്രധാനമന്ത്രിക്കെതിരെ ഔദ്യോഗിക സുരക്ഷാ നിയമപ്രകാരം കേസെടുക്കണം: രാഹുല്‍ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 5:07 pm

ന്യൂദല്‍ഹി: രാജ്യസുരക്ഷയെ ദുര്‍ബലമാക്കും വിധം രഹസ്യ വിവരങ്ങള്‍ അനില്‍ അംബാനിക്ക് കൈമാറിയ നരേന്ദ്ര മോദിക്കെതിരെ ഔദ്യോഗിക സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

റഫാല്‍ കരാറില്‍ ഫ്രാന്‍സും ഇന്ത്യയും ഒപ്പു വെക്കുന്നതിന് മുമ്പ് തന്നെ കരാറിനെക്കുറിച്ച് വിവരം ലഭിച്ച അനില്‍ അംബാനി ഫ്രഞ്ച് സര്‍ക്കാറുമായി ധാരണാ പത്രം ഒപ്പു വെക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുതായി രാഹുല്‍ ഗാന്ധി തെളിവു സഹിതം വെളിപ്പെടുത്തിയിരുന്നു. പ്രതിരോധ മന്ത്രിക്കോ, സെക്രട്ടിറിക്കോ ഇക്കാര്യം അറിയാത്ത സാഹചര്യത്തില്‍ അനില്‍ അംബാനിക്ക് ഈ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് മോദി ആണെന്നാണ് രാഹുലിന്റെ ആരോപണം.

Also Read റഫാലില്‍ ഒപ്പ് വെക്കുന്ന കാര്യം പത്തു ദിവസം മുമ്പ് എങ്ങനെ അമ്പാനി അറിഞ്ഞു; ഇമെയില്‍ പുറത്തുവിട്ട് രാഹുല്‍

“ഇത് ഒദ്യോഗിക സുരക്ഷാ നിയമത്തിനു നേരെയുള്ള കടന്നു കയറ്റമാണ്. കരാറിനെക്കുറിച്ചറിയാവുന്ന പ്രധാനമന്ത്രിയാണ് അനില്‍ അംബാനിയോട് ഇക്കാര്യം പറഞ്ഞത്. അനില്‍ അംബാനിയുടെ ഇടനിലക്കാരനായാണ് മോദി പ്രവര്‍ത്തിക്കുന്നത്. ഇത് രാജ്യദ്രോഹത്തില്‍ കുറഞ്ഞ കുറ്റമല്ല”- രാഹുല്‍ ഗാന്ധി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മോദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് തെളിവുകള്‍ പെതുജനങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കുമെന്നും അവര്‍ തീരുമാനിക്കട്ടെയെന്നായിരുന്നു രാഹുലിന്റെ മറുപടി.