മോദിക്ക് വോട്ടു കുത്തിയാല്‍ ഗുജറാത്തിലും യു.പിയിലും നടപ്പാക്കിയപോലെ രാജ്യമാകെ 'വികസനം' കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
India
മോദിക്ക് വോട്ടു കുത്തിയാല്‍ ഗുജറാത്തിലും യു.പിയിലും നടപ്പാക്കിയപോലെ രാജ്യമാകെ 'വികസനം' കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 8:51 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.ജെ.പിക്ക് വോട്ട് നല്‍കിയാല്‍ ഗുജറാത്തിലും ബീഹാറിലും ഉത്തര്‍പ്രദേശിലും വികസനം കൊണ്ടുവന്നതുപോലെ ജമ്മുകശ്മീരിലും വികസനം കൊണ്ടുവരുമെന്ന് കേന്ദ്രസഹമന്ത്രി അനുരാഗ് ഠാക്കൂര്‍.

”നിങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെന്നപോലെ മോദി ജിയുടെ ബി.ജെ.പി വികസനം കൊണ്ടുവരും” അനുരാഗ് ഠാക്കൂര്‍ അവകാശപ്പെട്ടു.

മോദിക്ക് വോട്ടു നല്‍കിയാല്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ബി.ജെ.പി വിദ്യാഭ്യാസം, തൊഴില്‍, വികസനം എന്നിവ ഉറപ്പാക്കുമെന്നും അനുരാഗ് ഠാക്കൂര്‍ അവകാശവാദം ഉന്നയിച്ചു.

ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരില്ലെന്നും ഠാക്കൂര്‍ പറഞ്ഞു.

” ചൈനയുടെ സഹായം തേടുമെന്ന് ഫാറൂഖ് അബ്ദുള്ള പറയുന്നു. നമുക്ക് ഭീകരത നല്‍കിയ രാജ്യമായ പാകിസ്ഥാന്റെ സഹായം ഏറ്റെടുക്കുമെന്ന് മെഹ്ബൂബ മുഫ്തി പറയുന്നു. ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് അവര്‍ പറയുന്നു, പക്ഷേ ആര്‍ട്ടിക്കിള്‍ 370 എന്നെന്നേക്കുമായി പോയി എന്നും ഒരിക്കലും തിരിച്ചുവരില്ലെന്നും ഞാന്‍ പറയുന്നു,” അനരാഗ് ഠാക്കൂര്‍ പറഞ്ഞു.

നേരത്തെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ അനുരാഗ് നടത്തിയ ‘ഗോലി മാരോ’ വിദ്വേഷ മുദ്രാവാക്യം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ വെടി വയ്ക്കണമെന്ന് ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂര്‍ പ്രവര്‍ത്തകരെ കൊണ്ട് മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Modi ji‘s BJP will bring about development just like in Bihar, Uttar Pradesh and Gujarat says Union Minister Anurag Thakur