69 ശതമാനം പേരും മോദിക്ക് വോട്ടു നല്‍കിയിട്ടില്ല; മോദിയെ പിന്തുണച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രം: പി.ചിദംബരം
national news
69 ശതമാനം പേരും മോദിക്ക് വോട്ടു നല്‍കിയിട്ടില്ല; മോദിയെ പിന്തുണച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രം: പി.ചിദംബരം
ന്യൂസ് ഡെസ്‌ക്
Saturday, 23rd February 2019, 10:20 am

ചെന്നൈ: രാജ്യത്തെ 69 ശതമാനം പൗരന്മാരും മോദിക്ക് വോട്ടു ചെയ്തില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മോദിയെ പിന്തുണച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമാണെന്നും ചിദംബരം പറഞ്ഞു.

“69 ശതമാനം ആളുകളും ഒരിക്കലും മോദിക്കു വേണ്ടി വോട്ടു ചെയ്തിരുന്നില്ല. 31 ശതമാനം ആളുകള്‍ മാത്രമാണ് മോദിക്കു വേണ്ടി വോട്ടു ചെയ്തത്. അതും ഉത്തരേന്ത്യയിലെ ഏഴു സംസ്ഥാനങ്ങള്‍ മാത്രം. അക്കൗണ്ടില്‍ ലക്ഷക്കണക്കിന് രൂപ നല്‍കാമെന്നും കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തിലേറിയിത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പകോഡ ഉണ്ടാക്കലാണ് മോദി കണ്ടു പിടിച്ച ഏക ജോലി”- ചിദംബരം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത മോദി പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നല്‍കാതിരുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു എന്ന് ചിദംബരം പരിഹസിച്ചു. നോട്ടുനിരോധനത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read യു.പിയിലെ ബി.ജെ.പി സഖ്യകക്ഷി കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ച നടത്തി; പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാമെന്ന് ബി.ജെ.പി

“മോദി പറയാത്തതൊക്കെ ചെയ്തു. നോട്ടു നിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നോ. മുപ്പത് ദിവസങ്ങള്‍ അദ്ദേഹം ആളുകളെ കാശിനായി വട്ടം ചുറ്റിച്ചു. അഞ്ചു വര്‍ഷം മുമ്പ് ഞാന്‍ ജി.എസ്.ടി നടപ്പിലാക്കാന്‍ നോക്കിയപ്പോള്‍ എതിര്‍ത്ത ആളാണ് മോദി. ഇന്ന് നിക്ഷേപവുമില്ല ജോലിയുമില്ല”- ചിദംബരം പറഞ്ഞു.

രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രമാണ് ബി.ജെ.പി ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി. മോദി ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി സഭയുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.