എഡിറ്റര്‍
എഡിറ്റര്‍
രാജ്ഭവന്‍ കോണ്‍ഗ്രസ് ഭവനായി മാറിക്കഴിഞ്ഞെന്ന് മോഡി
എഡിറ്റര്‍
Monday 10th June 2013 12:22am

Modi

പനാജി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം.  രാജ്ഭവന്‍ കോണ്‍ഗ്രസ് ഭവനായി മാറിക്കഴിഞ്ഞെന്നും ഇത്തരമൊരു നിര്‍വികാരമായ സര്‍ക്കാരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ടത് ബി.ജെ.പിയുടെ കടമയാണെന്നും മോഡി പറഞ്ഞു.
Ads By Google

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കസേരയല്ല ബി.ജെ.പിയുടെ പ്രധാന അജന്‍ഡ, രാഷ്ട്ര നിര്‍മാണമാണ്. ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയുടെ തെളിവുകളായി മാറിയിരിക്കുകയാണ്.

അധികാരം നേടാന്‍ വേണ്ടി പ്രകൃതിവിഭവങ്ങള്‍ പോലും വിറ്റഴിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും മോഡി പറഞ്ഞു.

നമ്മള്‍ രാഷ്ട്രീയം തെരഞ്ഞെടുത്തിരിക്കുന്നത് സേവനത്തിന് വേണ്ടിയാണെന്ന് പറഞ്ഞ മോഡി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാകൂവെന്നും കൂട്ടിച്ചേര്‍ത്തു.

തന്നെ വളര്‍ത്തിയത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ്. തെറ്റുകള്‍ ക്ഷമിച്ച് പാര്‍ട്ടി നേതാക്കളാണ് തന്നെ പരുവപ്പെടുത്തിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സ്വന്തം കുട്ടികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ സമയം തനിക്കു വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്നും മോഡി പറഞ്ഞു.

ഗോവ തന്റെ ഭാഗ്യസംസ്ഥാനമാണെന്ന് പറഞ്ഞ മോഡി 2002 ല്‍ ഗോവയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവിലാണ് ഗുജറാത്തിനെ നയിക്കാന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹം തനിക്ക് അനുഗ്രങ്ങള്‍ നേര്‍ന്നതായും ട്വിറ്ററില്‍ പുറത്തുവിട്ട സന്ദേശത്തില്‍ മോഡി വ്യക്തമാക്കി.

അദ്വാനിയുടെ ആശീര്‍വാദം തനിക്ക് ആദരവും ആഹ്ലാദവും പകരുന്നുണ്ടെന്നും മുതിര്‍ന്ന നേതാക്കള്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണെന്നും മോഡി പറഞ്ഞു.

മോഡിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കുന്നതിനെതിരേ അദ്വാനി കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തീരുമാനമുണ്ടായ പനാജിയിലെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നുപോലും അദ്വാനി വിട്ടുനിന്നിരുന്നു.

Advertisement