നരേന്ദ്ര മോദി പ്രതികാര മനോഭാവമുള്ള നേതാവ്; ശിവസേന വരെ മോദിയില്‍ തൃപ്തനല്ല: ചന്ദ്രബാബു നായിഡു
national news
നരേന്ദ്ര മോദി പ്രതികാര മനോഭാവമുള്ള നേതാവ്; ശിവസേന വരെ മോദിയില്‍ തൃപ്തനല്ല: ചന്ദ്രബാബു നായിഡു
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 8:47 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികാര മനോഭാവമുള്ള നേതാവാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബി.ജെ.പിയുടെ പരമ്പരാഗത സഖ്യകക്ഷികളായ ശിവസേന പോലും മോദിയില്‍ തൃപതനല്ലെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ദല്‍ഹിയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന.

“നരേന്ദ്ര മോദി പ്രതികാര മനോഭാവമുള്ള നേതാവാണ്, ശിവസേന അദ്ദേഹത്തില്‍ തൃപതനല്ല. ഉദ്ധവ് താക്കറെ എന്റെ അടുത്ത സുഹൃത്താണ്. ബാല്‍ താക്കറെയും എന്നോട് വളരെ സ്‌നേഹം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ്. ശിവസേന മേധാവി സമരത്തിന് സഹകരണം അറിയിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്”- “ധര്‍മ്മ പോരട്ട ദീക്ഷ”യില്‍ അണികളെ അഭിസംബോധനം ചെയ്തു കൊണ്ട് ചന്ദ്രബാബു നായിഡു പറഞ്ഞു.

Also Read ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരപന്തലില്‍ അപ്രതീക്ഷിത സന്ദര്‍ശകനായി ശിവസേന നേതാവ്

ഇന്ന് രാവിലെ ആരംഭിച്ച നിരാഹാരസമരത്തിന് പ്രതിപക്ഷത്തെ പ്രധാന നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ നായിഡുവിനെ സന്ദര്‍ശിച്ചിരുന്നു.

2014ല്‍ ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകൃതമായതോടെ ആന്ധ്രയ്ക്ക് തലസ്ഥാനമായിരുന്ന ഹൈദരാബാദ് ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ നഷ്ടപെട്ടിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം ടി.ഡി.പിയെ ബി.ജെ.പിയോടടുപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ ടി.ഡി.പി, ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു.