Administrator
Administrator
ഗുജറാത്തിലുള്ളത് പാകിസ്ഥാന്‍ മുസ്‌ലിംകള്‍: അഴീക്കോട്
Administrator
Sunday 8th May 2011 9:20am

തിരുവനന്തപുരം: ഗുജറാത്ത് കലാപക്കേസിന് നേതൃത്വം കൊടുത്തുവെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രസംശിച്ച് കേരളത്തിലെ സാംസ്‌കാരിക പ്രഭാഷകന്‍ സുകുമാര്‍ അഴീക്കോട് രംഗത്ത്. ‘അഴിക്കോട് മുതല്‍ അയോദ്ധ്യവരെ’ എന്ന പുസ്തകത്തിന്റെ നിരൂപണമായി സി.പി വില്ല്യംസ് എഴുതിയ ‘ശബ്ദം അയോദ്ധ്യവരെ എത്തുമ്പോള്‍’ എന്ന നിരൂപണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഴീക്കോടുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം വിവാദമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്.

‘മോഡി പ്രസംഗിക്കുമ്പോള്‍ ഭയങ്കര തേജസ്സാണ്. ശക്തനായ എതിരാളിതന്നെയാണ് മോഡി. എന്നിട്ട് രാഹുല്‍ഗാന്ധി എന്നൊക്കെ പറയുന്ന കൊച്ചനെ അയാള്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍… ഇവര്‍ക്ക് കോമണ്‍സെന്‍സുണ്ടോ?’ രാഹുല്‍ ഗാന്ധി എന്ന കൊച്ചനെ ഇത്രയും വലിയ ഒരു പര്‍വ്വതത്തെ ഒതുക്കാന്‍ പ്രയോഗിക്കുന്നത് വിവരക്കേടാണ്.- അഴീക്കോട് വ്യക്തമാക്കുന്നു.

‘പാക്കിസ്ഥാനില്‍ നിന്നും വന്നിട്ടുള്ള ഒരുപാട് മുസ്‌ലിങ്ങളുണ്ടവിടെ. അവര്‍ക്ക് ഇന്ത്യയോട് ഒരു കൂറുമില്ല. അവിടെ നാട്ടുകാര്‍ക്കും ഇഷ്ടമല്ല’ തുടങ്ങി ഏറെ വിവാദത്തിന് ഇടയാക്കുന്ന പരാമര്‍ശങ്ങളും അഭിമുഖത്തിലുണ്ട്. ‘കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ഒരു വഴിയേ ഉള്ളൂ. സോണിയാഗാന്ധിയേയും മന്‍മോഹന്‍സിങ്ങിനേയും പുറത്താക്കുക. ജീവിതകാലം മുഴുവന്‍ അമേരിക്കക്കാരന്റെ ശമ്പളം വാങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലിരിക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് മന്‍മോഹന്‍സിംഗിനുള്ളത്- അഭിമുഖത്തില്‍ പറയുന്നു.

വി.എസ് അച്ച്യുതാനന്ദനെതിരെയും അഴീക്കോട് ശക്തമായ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ‘അച്യുതാനന്ദന്‍ കയ്യും കാലും കെട്ടിയതുപോലെയാണ്. അയാള്‍ തടവറയിലാണെന്ന് പറഞ്ഞത് സത്യമാണ്. എനിക്ക് തരാനുള്ളൊരു സംഗതിയും പിണറായി വിജയന്റെ കയ്യിലില്ല. പിന്നെ ഞാനെന്തിന് മാറണം. എല്ലാവരും മാറുന്നത് ലാഭത്തിന് വേണ്ടിയാണ്. അപ്പോള്‍ അഴീക്കോട് മാറുന്നതും അങ്ങനെയാണെന്ന് ധരിക്കുകയാണ്. മാറുന്നു എന്ന് പറയുന്നത് ആശയത്തിന്റെ ഒരു വികാസമാണ്.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംസാരിക്കുന്നതുപോലെയാണ് കോണ്‍ഗ്രസ്സിന്റെ രണ്ടു നേതാക്കള്‍ കേരളത്തിലുള്ളത്. ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും പ്രസംഗം കേട്ടാല്‍ ഒരാള്‍പോലും അവര്‍ക്ക് വോട്ടുകൊടുക്കില്ല. എത്ര തേഡ് റൈറ്റ് സ്പീച്ചാണ് അവരുടേത്- അഴീക്കോട് പറയുന്നു. പുസ്തകം കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. പ്രകാശന ചടങ്ങില്‍ അഴിക്കോട് പങ്കെടുത്തിരുന്നില്ല. വിമര്‍ശമേല്‍ക്കാന്‍ ഭയമുള്ളതുകൊണ്ടാണ് പുസ്തക പ്രകാശന ചടങ്ങില്‍ അഴിക്കോട് പങ്കെടുക്കാത്തതെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബാലചന്ദ്രന്‍ വടക്കേടത്തിന്റെ വിമര്‍ശനം ശരിയല്ലെന്നും വടക്കേടത്ത് അവതാരികയെഴുതിയാല്‍ പുസ്തകത്തിന് ഗുണമേന്മ കൂടുകയല്ല, കുറയുകയേയുള്ളുവെന്നും അഴിക്കോട് അഭിപ്രായപ്പെട്ടു.

അതേസമയം മോഡിയെ പ്രശംസിച്ചാല്‍ താന്‍ മുസ്‌ലീംവിരോധിയൊന്നുമാവില്ലെന്ന് അഭിമുഖത്തെക്കുറിച്ച് അഭിപ്രായമാരാഞ്ഞ ഒരു സ്വകാര്യ ചാനലിനോട് അഴിക്കോട് പ്രതികരിച്ചു. പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും മോഡി മികച്ച ഭരണാധികാരിയയത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പോലും അദ്ദേഹത്തെ ഭയപ്പെടുന്നതെന്നും അഴീക്കോട് സ്വകാര്യ ചാനലിനോട് പറഞ്ഞു.

Advertisement