എഡിറ്റര്‍
എഡിറ്റര്‍
‘മാനസിക രോഗിയായ യുവാവിനെ ആക്രമിച്ചു, ജീവനോടെ തീകൊളുത്താന്‍ ശ്രമിച്ചു’: മുടിമുറിക്കുന്നയാളെന്ന സംശയത്തില്‍ കശ്മീരില്‍ ജനക്കൂട്ടം ചെയ്തത്
എഡിറ്റര്‍
Saturday 21st October 2017 8:51am

കശ്മീര്‍: മുടിമുറിക്കുന്നയാളെന്ന സംശയത്തിന്റെ പേരില്‍ കശ്മീരില്‍ രണ്ടു മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായെത്തിയ മാനസിക രോഗിയായ യുവാവിനെ ഓടിച്ചിട്ട് പിടികൂടി ആക്രമിക്കുകയായിരുന്നു.

ട്രാക്ടറില്‍ ഇയാളെ പിന്തുടര്‍ന്ന ജനക്കൂട്ടം യുവാവിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. മുതിര്‍ന്ന കശ്മീരി ഐ.പി.എസ് ഓഫീസര്‍ മുബാസിര്‍ ലത്തീഫാണ് വീഡിയോ പോസ്റ്റു ചെയ്തത്. ജമ്മു കശ്മീരിലെ സോനാപൂരിലായിരുന്നു സംഭവം.

മറ്റൊരു യുവാവിനെ ബോട്ടില്‍ നിന്നും പിടികൂടി വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് കൃത്യസമയത്ത് എത്തി ഇടപെട്ടതുകൊണ്ടാണ് യുവാവിന്റെ ജീവന്‍ രക്ഷപ്പെട്ടത്.


Also Read:‘ ഈ ഡയലോഗുകളാണോ നിങ്ങള്‍ക്ക് വെട്ടേണ്ടത്’ മെര്‍സലിനെ വിമര്‍ശിച്ച സംഘപരിവാറുകാര്‍ക്ക് ചുട്ടമറുപടി നല്‍കി വിജയ് ആരാധകര്‍


‘ഭ്രാന്ത് മൂത്തിരിക്കുകയാണ്. മുടിവെട്ടുന്നയാളാണെന്ന് സംശയിച്ച് അക്രമാസക്തരായ ജനക്കൂട്ടം കൊല്ലാന്‍ ശ്രമിച്ച രണ്ടു യുവാക്കളുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനായത് പൊലീസിന്റെ കൃത്യസമയത്തെ ഇടപെടല്‍ കാരണമാണ്. ഹസ്രത്ബല്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയ നിരപരാധികളാണ് ആക്രമിക്കപ്പെട്ടത്. ദയവുചെയ്ത് മുടിമുറിക്കുന്നവരെ തേടി പോകല്ലേ. അങ്ങനെ ആരുമില്ല.’ അദ്ദേഹം പറഞ്ഞു.

ഫ്രൂഡ് മന്ദി മേഖലയിലെ മുടിമുറിയ്ക്കുന്നയാളെ ജനക്കൂട്ടം പിടികൂടിയെന്ന വാര്‍ത്ത അറിഞ്ഞാണ് പൊലീസ് അവിടെയെത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ജനക്കൂട്ടം വസീം അഹമ്മദ് താന്‍ട്രെയെന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ്. ഇവര്‍ പുല്ല് കൂട്ടിയിട്ട് കത്തിച്ച് അതിലേക്ക് ഇയാളെ ഇടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്കുമേല്‍ ട്രാക്ടര്‍ കയറ്റാനും ചിലര്‍ ശ്രമിച്ചു.’ അദ്ദേഹം പറയുന്നു.

യുവാവിനെ പൊലീസ് രക്ഷിക്കുകയും സോനാപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നില ഗുരുതരമായതിനാല്‍ അദ്ദേഹത്തെ ശ്രീനഗറിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement