Administrator
Administrator
എം.എന്‍ വിജയന്‍ നവോത്ഥാന ചിന്തകളുടെ തുടര്‍ച്ച
Administrator
Wednesday 19th October 2011 10:27pm

MN VIJAYAN REMEMBRANCE OF PROGRESSIVE CULTURAL MOVEMENT RIYADH

റിയാദ്: എം.എന്‍ വിജയന്റെ നാലാം ചരമവാര്‍ഷികം അദ്ദേഹത്തിന്റെ ചിന്തകളും സംഭാഷണങ്ങളും ഇടപെടലുകളും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പ്രോഗ്രസ്സീവ് കള്‍ച്ചറല്‍ മൂവ്‌മെന്റ് അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ശ്രീനാരായണ ഗുരുവിന്റേയും സ്വാമി വിവേകാനന്ദന്റേയും നവോത്ഥാന ചിന്തകളുടെ ഒരു തുടര്‍ച്ച വിജയന്‍മാഷുടെ ചിന്തകളും വഹിക്കുന്നുണ്ടെന്നും അതാണ് മലയാളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ജ്ഞാനമണ്ഡലത്തില്‍ എം എന്‍ വിജയന്റെ പ്രത്യേകതയെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ലക്ഷ്യവും പ്രത്യയശാസ്ത്രവും കൈവെടിയുമ്പോള്‍ അത് എത്തിപ്പെടുന്നത് ഭക്ഷണത്തിലും രതിയിലുമാണ്. വിശക്കുമ്പോള്‍ പൂവന്‍കോഴി പിണ്ണാക്ക് സ്വപ്നം കാണുമെന്നും വയറുനിറഞ്ഞാല്‍ പിടക്കോഴിയെ സ്വപ്നം കാണുമെന്നുമുള്ളത് ഒരു സാധാരണ സംഗതിയാണ് എന്ന് വിജയന്‍മാഷ് പറഞ്ഞിട്ടുണ്ട്. വയറുനിറഞ്ഞ് പിടക്കോഴികളെ അന്വേഷിക്കുന്ന ഒരു മുഖ്യധാരാ ഇടതുപക്ഷ നേതൃനിരയെയാണ് ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് വരുന്ന ദരിദ്രര്‍ക്ക് ഭക്ഷണം ഒരു പ്രശ്‌നം തന്നെയാണ് ഇന്നും. ജനങ്ങളുടെ രോദനങ്ങള്‍ കേള്‍ക്കാതെ അധികാരത്തിന്റെ ഉത്തുംഗ ശൃംഗങ്ങളില്‍ അമര്‍ന്നിരിക്കുന്ന നേതൃത്വം മനസ്സിലാക്കേണ്ട ഒരു കാര്യം, പാര്‍ട്ടിയുണ്ടാകും, ത്യാഗവും പ്രത്യയശാസ്ത്രവും മറന്ന പ്രസ്ഥാനത്തിനു പിന്നില്‍ ജനങ്ങളുണ്ടാവില്ല എന്നതാണ്.. ബംഗാളില്‍ ഇപ്പോള്‍ കണ്ടതും അതാണ്- ഇക്ബാല്‍ പറഞ്ഞു.

അധഃസ്ഥിതവര്‍ഗ്ഗത്തിന് അനുയോജ്യമായ ഒരു തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെടാത്ത കാലത്തോളം എന്തൊക്കെ പരിമിതികളുണ്ടെങ്കിലും, മതേതര ജനാധിപത്യ മൂല്യങ്ങളുടെ നിലനില്‍പിന് നിലവിലെ ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്നു കൊണ്ടു മാത്രമേ പുരോഗമന വാദികള്‍ക്ക് സഞ്ചരിക്കാനാവൂ എന്ന് തുടര്‍ന്ന് സംസാരിച്ച എ.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. വിജയന്‍മാഷ് പറഞ്ഞത് ഇടതുപക്ഷത്തിന്റെ ശുദ്ധീകരണമാണ്. എ.ഐ.സി.സിയില്‍ നിന്ന് ഫണ്ടു വാങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് ഒരു ഇടതുപക്ഷ പ്രവര്‍ത്തനമല്ലെന്നും അത്തരം നവ ഇടതുപക്ഷങ്ങള്‍ക്കെതിരേയുള്ള ജാഗ്രത കൂടിയാണ് വിജയന്‍മാഷുടെ സ്മരണ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ത്തമാനകാലത്തിലെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഇടപെടലുകളില്‍, ഒരു പണ്ഡിതന്‍ എന്നതിലുപരി സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളുമായി കൂട്ടിയിണക്കി ലളിതമായ ഭാഷയിലാണ് വിജയന്‍മാഷ് കാര്യങ്ങളെ അവതരിപ്പിച്ചിരുന്നതെന്ന് അനുസ്മരണചടങ്ങില്‍ ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു.

സിദ്ദീഖ് നിലമ്പൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യയില്‍ സംഘപരിവാര്‍ ഫാസിസം ശക്തമായിരുന്ന കാലത്ത് അതിനെതിരേയുള്ള എം.എന്‍ വിജയന്റെ പ്രതികരണങ്ങളും, ദേശീയതയെയും കേരളീയ സാമൂഹിക ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെയും വേര്‍തിരിച്ച് അദ്ദേഹം നടത്തുന്ന സംഭാഷണങ്ങളുള്‍പ്പെടുത്തി, പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘വര്‍ത്തമാനങ്ങളുടെ പുനഃസംഘടന’ എന്ന ഡോക്യുമെന്ററിയും വിജയന്‍മാഷുടെ പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Advertisement