എഡിറ്റര്‍
എഡിറ്റര്‍
‘കോവളം എം.എല്‍.എയുടെ കസേര ഒഴിഞ്ഞു കിടക്കുന്നു; അന്വേഷിച്ചപ്പോഴാണറിഞ്ഞത്, അദ്ദേഹം ജയിലിലാണത്രേ..വീട്ടമ്മയെ പീഡിപ്പിച്ചതിന്’; തനിക്കെതിരെ സമരം നടത്തിയ എം.വിന്‍സെന്റിനെ പരിഹസിച്ച് എം.എം മണി
എഡിറ്റര്‍
Monday 7th August 2017 4:59pm

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചതിനും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തതിനും അറസ്റ്റിലായ കോണ്‍ഗ്രസിന്റെ കോവളം എം.എല്‍.എ എം.വിന്‍സെന്റിനെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസം.

’14ാം കേരള നിയമസഭയുടെ 7-ാം സമ്മേളനം ഇന്നാരംഭിച്ചു.
ഇന്ന് സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് പ്രതിപക്ഷ ബഞ്ചില്‍ കോവളം എം.എല്‍.എ യുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.
തിരക്കിയപ്പോഴാണ് മനസ്സിലായത് കോവളത്തെ മെമ്പര്‍ക്ക് സഭയില്‍ വരാന്‍ കഴിയില്ലെന്ന്.
എന്താ കാര്യം?
അദ്ദേഹം ജയിലിലാണത്രെ!
അത് എന്തിന്?
‘വീട്ടമ്മയെ പീഡിപ്പിച്ചതിനും നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതിനും.’ എന്നായിരുന്നു മണിയുടെ പരിഹാസം.


Also Read:  ‘എന്റെ മകള്‍ക്ക് വെള്ളം പേടിയാണ്; അവളെ കാണാതായത് വെള്ളത്തില്‍ വീണല്ല’; കാസര്‍ഗോഡ് കാണാതായ സന ഫാത്തിമയുടെ ഉപ്പ പറയുന്നു


കഴിഞ്ഞ സഭാ കാലത്ത് ഞാന്‍ പെമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് സഭയില്‍ എനിക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു കോവളത്തെ അദ്ദേഹം.
അന്നുയര്‍ത്തിയ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെത്തന്നെ ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

യു.ഡി.എഫ് കാരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീഴുകയാണ്. ഇനിയും ഏറെ മുഖം മൂടികള്‍ അഴിഞ്ഞ് വീഴാനുണ്ട്. എന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ, വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എം.വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ 22നാണ് അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്.

2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സെന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങിയത്. എംഎല്‍എ ആയതിന് ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി, എന്നിങ്ങനെയാണ് പരാതി.

Advertisement