സാലറി ചലഞ്ചുകൊണ്ട് ഞങ്ങള്‍ക്ക് അരിവാങ്ങേണ്ട അവസ്ഥയില്ല; വിമര്‍ശനങ്ങള്‍ തള്ളി വൈദ്യുതി മന്ത്രി; തുക മുഖ്യമന്ത്രിയ്ക്ക് കൈമാറി
Kerala
സാലറി ചലഞ്ചുകൊണ്ട് ഞങ്ങള്‍ക്ക് അരിവാങ്ങേണ്ട അവസ്ഥയില്ല; വിമര്‍ശനങ്ങള്‍ തള്ളി വൈദ്യുതി മന്ത്രി; തുക മുഖ്യമന്ത്രിയ്ക്ക് കൈമാറി
ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2019, 3:44 pm

 

തിരുവനന്തപുരം: 2018ലെ പ്രളയത്തിനു പിന്നാലെ സാലറി ചലഞ്ചിലൂടെ കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 131 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കായി കെ.എസ്.ഇ.ബി സമാഹരിച്ചത്.

ഇന്നു ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മന്ത്രി എം.എം മണിയും കെ.എസ്.ഇ.ബി ചെയര്‍മാനും മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തി തുക കൈമാറിയത്. ജീവനക്കാരില്‍ നിന്ന് പിടിച്ച 113.30 കോടി രൂപയും പെന്‍ഷന്‍കാരുടെ തുകയായ 17.86 കോടി രൂപയും ചേര്‍ത്തുള്ള തുകയാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പത്തുമാസത്തെ സാലറി ചാലഞ്ചായതുകൊണ്ടുതന്നെ കിട്ടുന്ന മുറയ്ക്ക് ഇതു കൊടുക്കേണ്ടതില്ലെന്നു പറഞ്ഞാണ് തുക കൈമാറാന്‍ വൈകിയതിനെ മന്ത്രി എം.എം മണി ന്യായീകരിച്ചത്. സാലറി ചലഞ്ചുകൊണ്ട് തങ്ങള്‍ക്ക് അരിവാങ്ങേണ്ട അവസ്ഥയില്ലെന്നും മന്ത്രി പറഞ്ഞു.

‘പൈസയെല്ലാം കൊടുത്തു. ഇന്ന് 131 കോടി കൊടുത്തു. നേരത്തെ ഒരു അമ്പത് കോടി. അങ്ങനെ എല്ലാം കോടി 181 കോടി ചില്ലാനം. വിവാദങ്ങളില്‍ ഒരു കാര്യവുമില്ല. പത്തുമാസത്തേക്കാണ് സാലറി ചാലഞ്ച്. പത്തുമാസം കൊണ്ടേ തുക കിട്ടുള്ളൂ. ആ കിട്ടിയത് ഓരോ മാസവും കൊടുത്തില്ലയെന്നേയുള്ളൂ. ‘ എന്നും മന്ത്രി പറഞ്ഞു.

സാലറി ചലഞ്ചിലേക്ക് കെ.എസ്.ഇ.ബി പിരിച്ചെടുത്ത തുക ഇതുവരെ കൈമാറിയില്ലെന്നതായിരുന്നു വിവാദത്തിന് ആധാരം. മാസം തോറും മൂന്നുദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10മാസംകൊണ്ടാണ് തുക സമാഹരിച്ചത്. ഇതില്‍ 10.23 കോടി രൂപ മാത്രമാണ് ദുരിതാശഅവാസ നിധിയിലേക്ക് നല്‍കിയത്. ബാക്കി തുക 16ാം തിയ്യതി തന്നെ ഇത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് വിവാദങ്ങള്‍ക്കു പിന്നാലെ കെ.എസ്.ഇ.ബി പ്രതികരിച്ചത്.

സാലറി ചലഞ്ച് തുടങ്ങുന്നതിനു മുമ്പു തന്നെ മുഖ്യമന്ത്രി 50 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.