തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള രാഹുലിന്റെ ഗിമ്മിക്‌സ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മുന്നില്‍ ചെലവാകില്ല; ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ നിലപാട് പറയണമെന്ന് എം.എം ലോറന്‍സ്
Kerala
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള രാഹുലിന്റെ ഗിമ്മിക്‌സ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മുന്നില്‍ ചെലവാകില്ല; ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ നിലപാട് പറയണമെന്ന് എം.എം ലോറന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th February 2021, 12:58 pm

തിരുവനന്തപുരം: കൊല്ലം വാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുകയും അവര്‍ക്കൊപ്പം മണിക്കൂറുകളോളം ചിലവഴിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സി.പി.ഐ.എം മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്.

കേരളത്തിലെ മത്സ്യത്തൊഴിലാളികളോടൊപ്പം നിന്ന് ഇന്നലെ നാടകം കളിച്ച രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മനസിലാക്കാന്‍ ചില കാര്യങ്ങളുണ്ടെന്ന് പറഞ്ഞാണ് എം.എം ലോറന്‍സ് ഇറ്റാലിയന്‍ നാവികരുടെ ചരിത്രവും അവരോട് യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചത്.

കേരള തീരത്തെ മത്സ്യത്തൊഴിലാളികളായ ജലസ്റ്റിന്‍, അജീഷ് എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ട് പോയ്ക്കോട്ടെ എന്നായിരുന്നു സോണിയ ഗാന്ധിക്ക് കീഴിലെ കോണ്‍സ്സിന്റേയും മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെയും നിലപാടെന്നും രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാന്‍ ഉള്ളത് എന്ന് ഇപ്പോഴെങ്കിലും വ്യക്തമാക്കിയാല്‍ കൊള്ളാമെന്നും എം.എം ലോറന്‍സ് പറഞ്ഞു.

തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാവപ്പെട്ടവരെ കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുന്ന പരിപാടി കൊണ്ട് വിജയം നേടാന്‍ ഉത്തരേന്ത്യയില്‍ പോലും രാഹുലിന് സാധിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ ഈ വിഷയങ്ങള്‍ പഠിക്കാനും ഉറച്ച നിലപാട് സ്വീകരിക്കാനും ഏറെ കഴിവുറ്റവരാണ്.

പ്രളയത്തില്‍ കേരളത്തിലെ ജനങ്ങളെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചു പ്രവര്‍ത്തനം നടത്തി ലോക ശ്രദ്ധ നേടിയവരാണ്. അവരുടെ മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ ‘ഗിമ്മിക്സ്’ ചെലവാകില്ല. കേരളത്തിലെ ജനങ്ങളെ വില കുറച്ചു കാണരുതെന്നും എം.എം ലോറന്‍സ് ഫേസ്ബുക്കിലെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റിക ലെക്സിയും സോണിയ ഗാന്ധിക്ക് കീഴിലെ രണ്ടാം യു.പി.എ സര്‍ക്കാരും:

2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്സിയില്‍ നിന്നുള്ള വെടിയേറ്റ് കേരള തീരത്തെ മത്സ്യത്തൊഴിലാളികളായ ജലസ്റ്റിന്‍, അജീഷ് എന്നിവര്‍ മരിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ കപ്പലിലെ സുരക്ഷാ ചുമതലയുള്ള സാല്‍ത്തോറ ജിറോണും ലസ്തോറെ മിലിയാനോയും മത്സ്യബന്ധന ബോട്ടിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

വലിയ ജനരോഷത്തെ തുടര്‍ന്ന് കൊലയാളികളെ അറസ്റ്റ് ചെയ്യുകയും എന്റിക്ക ലെക്സി കൊച്ചി തുറമുഖത്ത് പിടിച്ചിടുകയും ചെയ്തു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ അക്രമികള്‍ക്കെതിരായ നിലപാട് സ്വീകരിച്ചു.

അന്നും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിന് കേസെടുക്കാവുന്ന പരിധിയിലാണോ വെടിവെപ്പ് നടന്നത് എന്ന സാങ്കേതികത്വം വലിച്ചിട്ടാണ് കേസിന്റെ വഴി മുടക്കാന്‍ ശ്രമിച്ചത്.

അതിനിടെ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി ഇറ്റാലിയന്‍ അധികൃതരും പുരോഹിതരുമെത്തി. മരിച്ചവരുടെ ബന്ധുക്കള്‍ വഴങ്ങാത്തതിനാല്‍ അത് വിഫലമായി. ഒടുക്കം കേന്ദ്ര സര്‍ക്കാറിന്റെയും ഇറ്റലിയുടെയും നിലപാട് സുപ്രീം കോടതി അംഗീകരിച്ചതോടെ പ്രതികളെ ദല്‍ഹിയിലേക്ക് മാറ്റി.

കേരളത്തിന് ഇതിലെന്ത് കാര്യമെന്ന് ചോദിച്ച പരമോന്നത കോടതി സംസ്ഥാന സര്‍ക്കാറിനെ നിരായുധമാക്കി. ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട് മുഖവിലക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാറും തയ്യാറായില്ല. എങ്ങനെയെങ്കിലും ഇറ്റാലിയന്‍ നാവികരെ രക്ഷിച്ചെടുക്കാനുള്ള ചിലരുടെ ശ്രമം ഇവിടെ വിജയം കണ്ടുതുടങ്ങി.

ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന അപേക്ഷയിന്മേല്‍ സുപ്രീം കോടതി അനുകൂല തീരുമാനമെടുത്തു. കടുത്ത ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. അനുവദിച്ച സമയപരിധിക്ക് മുമ്പ് തന്നെ തിരിച്ചെത്തി നാവികര്‍ ‘വാക്ക് പാലിച്ചു’. എന്നാല്‍ അത് ഗൂഢാലോചനയായിരുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസമാര്‍ജിക്കാനുള്ള കൗശലം.

ഇറ്റലിയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനാണ് രണ്ടാം ഘട്ടത്തില്‍ നാവികര്‍ ജാമ്യത്തിനപേക്ഷിച്ചത്. നിയമകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് ഉപദേശം നല്‍കാന്‍ നിയുക്തനായ അറ്റോണി ജനറലിനോട് പോലും ആലോചിക്കാതെ കടല്‍ക്കൊലയാളികളുടെ ജാമ്യാപേക്ഷയില്‍ രണ്ടാം തവണയും കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചു.

അതോടൊപ്പം ദല്‍ഹിയിലെ ഇറ്റാലിയന്‍ സ്ഥാനപതിയുടെ ഉറപ്പിന്മേലാണ് തിരിച്ചെത്തുമെന്ന വ്യവസ്ഥയില്‍ സുപ്രീം കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. ആ വാക്കാണ് പിന്നീട് ലംഘിക്കപ്പെട്ടത്.

കടല്‍ക്കൊലക്കേസ് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള അന്താരാഷ്ട്ര പ്രശ്നമാകയാല്‍ ഇന്ത്യയിലെ വിചാരണ നടപടികള്‍ക്കായി നാവികരെ തിരിച്ചെത്തിക്കില്ലെന്നാണ് പിന്നീട് ഇറ്റലി ഇന്ത്യക്ക് നല്‍കിയ കത്തില്‍ പറയുന്നത്. ശേഷം ഈ വിഷയത്തില്‍ അനുരഞ്ജനത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് ഇറ്റലി കത്തെഴുതി.

വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണെന്നും ഇന്ത്യയിലെ നിയമനടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടില്‍ അവരുടെ പൗരന്മാര്‍ക്ക് വേണ്ടി അവര്‍ ഉറച്ചു നിന്നു. എന്നാല്‍ ഇത്തരമൊരു നിലപാടിലേക്ക് വീണ്ടുമെത്താന്‍ ആ രാജ്യത്തെ ധൃഷ്ടമാക്കിയത് അന്നത്തെ യു.പി.എ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടാണ്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി. കേസ് വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അവഗണിച്ചു. ഇറ്റാലിയന്‍ സ്ഥാനപതിയുടെ വാക്കുറപ്പിന്മേല്‍ ജാമ്യം നല്‍കാമെന്ന നിലപാട് അന്ന് കേന്ദ്രം എടുത്തു.

ക്രിസ്മസ് ആഘോഷിക്കാന്‍ വിടുന്നത് പ്രതികള്‍ കോടികള്‍ കെട്ടിവെച്ചതിനു ശേഷമാണെങ്കില്‍ വോട്ട് ചെയ്യാന്‍ പോകുന്നത് ഇത്തരം നിബന്ധനകളൊന്നുമില്ലാതെയായിരുന്നു. ഇത്ര വിശ്വസിക്കാന്‍ മാത്രം ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥയോട് പ്രതിബദ്ധതയുണ്ടെന്ന് ചിന്തിക്കാന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ച ഘടകം എന്താണ്? പ്രതികളെ തിരിച്ചയക്കില്ലെന്ന് ഇറ്റലി നിലപാടെടുത്ത ശേഷവും അന്നത്തെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം നിശബ്ദത മാത്രമായിരുന്നു.

ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചത് മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ഒരേയൊരു നീക്കം. ഇറ്റലിക്കാര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വവും ഗവണ്‍മെന്റും എന്തുകൊണ്ട് നിരായുധരും നിസ്സഹായരുമായി പോകുന്നു?

രാജ്യത്തെ പൗരന്മാരുടെ ജീവനേക്കാള്‍ പ്രധാനം കൊലക്കേസ് പ്രതികളുടെ ക്രിസ്മസ് ആഘോഷവും വോട്ടെടുപ്പില്‍ പങ്കെടുക്കലുമാണെന്ന് വന്നത് കഷ്ടമാണ്. ജാമ്യാപേക്ഷ പരിഗണിക്കവെ, ഇറ്റലിയില്‍ പോസ്റ്റല്‍ വോട്ട് സമ്പ്രദായമില്ലെന്നും അതിനാല്‍ അവര്‍ക്കവിടെ പോകണം എന്നും പ്രതിഭാഗം അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ അഭിപ്രായത്തില്‍ അന്വേഷണം നടത്താനുള്ള സാവകാശം പോലും സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടില്ല.

എങ്ങനെയെങ്കിലും നാവികര്‍ രക്ഷപ്പെട്ട് പോയ്ക്കോട്ടെ എന്നായിരുന്നു കടല്‍ക്കൊലയാളികളുടെ കാര്യത്തില്‍ സോണിയ ഗാന്ധിക്ക് കീഴിലെ കോണ്‍സ്സിനും മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെയും നിലപാട്.

രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാന്‍ ഉള്ളത് എന്ന് ഇപ്പോഴെങ്കിലും വ്യക്തമാക്കിയല്‍ കൊള്ളാം. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാവപ്പെട്ടവരെ കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുന്ന പരിപാടി കൊണ്ട് വിജയം നേടാന്‍ ഉത്തരേന്ത്യയില്‍ പോലും രാഹുലിന് സാധിച്ചിട്ടില്ല.

കേരളത്തിലെ ജനങ്ങള്‍ ഈ വിഷയങ്ങള്‍ പഠിക്കാനും ഉറച്ച നിലപാട് സ്വീകരിക്കാനും ഏറെ കഴിവുറ്റവരാണ്. പ്രളയത്തില്‍ കേരളത്തിലെ ജനങ്ങളെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചു പ്രവര്‍ത്തനം നടത്തി ലോക ശ്രദ്ധ നേടിയവരാണ്. അവരുടെ മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ ‘ഗിമ്മിക്സ്’ ചെലവാകില്ല. കേരളത്തിലെ ജനങ്ങളെ വില കുറച്ചു കാണരുത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: MM Lawrence Against Rahul Gandhi