എഡിറ്റര്‍
എഡിറ്റര്‍
‘മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, ശിക്കാരി ശംഭു’ : പരിഹാസവുമായി എം.കെ മുനീര്‍
എഡിറ്റര്‍
Sunday 30th April 2017 12:45pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ട ചങ്കനല്ല ശിക്കാരി ശംഭുവാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോടെത്തിയ എം.കെ മുനീര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ് മുഖ്യമന്ത്രിയെ പരിഹസിച്ചത്.

യു.ഡി.എഫിന് മുഖ്യമന്ത്രിയെ പേടിയുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് മുനീര്‍ ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥരെ തന്നെ പേടിയാണെന്നും പറയുംപോലെ പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ലെന്നും മുനീര്‍ പറഞ്ഞു. ശിക്കാരി ശംഭുവിനെ പോലെ മറ്റുള്ളവരുണ്ടാക്കുന്ന നേട്ടങ്ങള്‍ മുഖ്യമന്ത്രിയില്‍ വന്നുചേരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Must Read: ഗതാഗത തടസ്സമുണ്ടാക്കി താലപ്പൊലിയും ഘോഷയാത്രയും; ചോദ്യം ചെയ്ത ഡോക്ടറേയും ഭര്‍ത്താവിനേയും കയ്യേറ്റം ചെയ്ത് അമ്പലക്കമ്മിറ്റിക്കാര്‍ 


മൂന്നാറിലെ കുടിയേറ്റ പ്രശ്‌നത്തില്‍ നടപടിയെടുക്കും മുമ്പ് ഉദ്യോഗസ്ഥര്‍ അവിടെനിന്നുള്ള എം.എല്‍.എയോടും മന്ത്രിയോടും ആലോചിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി അവിടെ ബിജിമോള്‍ എന്ന ഒരു എം.എല്‍.എ കൂടിയുണ്ടെന്ന കാര്യം അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പിന്റെ എല്ലാ പ്രസക്തിയും എടുത്തുകളയാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. റവന്യൂ വകുപ്പിന്റെ കാര്യങ്ങള്‍ മന്ത്രി ചന്ദ്രശേഖരന്‍ എം.എം.മണിയുമായി ആലോചിച്ചല്ല തീരുമാനിക്കേണ്ടത്. പാര്‍ട്ടി അന്ത്യശാസനം നല്‍കിയിട്ടും മന്ത്രി മണി വിലവയ്ക്കുന്നില്ലെന്നും മണിയെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് പോലും സാധിക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

ചിലയിടങ്ങളില്‍ പൊലീസിന്റെ അമിതമായ ഇടപെടലും ചിലയിടങ്ങളില്‍ പൊലീസ് നിഷ്‌ക്രിയവുമാണ്. കോടതിക്ക് എല്ലായിടത്തും ഇടപെടേണ്ടി വരുന്നു. എക്‌സിക്യൂട്ടീവ് നിഷ്‌ക്രിയമാവുമ്പോഴാണ് ജുഡീഷ്യറി ഇടപെടുന്നത്. അത് സര്‍ക്കാറിന്റെ ദൗര്‍ബല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement