എഡിറ്റര്‍
എഡിറ്റര്‍
‘അപമാനകരം’; ഓസീസ് ക്രിക്കറ്റ് ടീമിനു നേരെയുണ്ടായ അക്രമണത്തെ അപലപിച്ച് മിതാലി രാജ്
എഡിറ്റര്‍
Thursday 12th October 2017 11:14am

 

ന്യൂദല്‍ഹി: ഗുവാഹത്തിയില്‍ ഓസീസ് ക്രിക്കറ്റ് ടീം ബസിനു നേരെയുണ്ടായ അക്രമണം അപമാനകരമായ സംഭവമെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഓസീസ് താരങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറുണ്ടായ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് മിതാലി അക്രമത്തെ അപലപിച്ചത്.


Also Read: ‘നാറ്റിച്ചു നാറ്റിച്ചു രാജ്യമാകെ നാറ്റിച്ചു’; ജനരക്ഷാ യാത്രയെ പരിഹസിച്ച് ഇംഗ്ലീഷ് ട്രോളുകളും; ഏറ്റെടുത്ത് ഇംഗ്ലീഷ് മാധ്യമങ്ങള്‍


ബസിന് നേരെയുണ്ടായ അക്രമണം നല്ലകാര്യമല്ലെന്നു പറഞ്ഞ താരം കായിക മത്സരങ്ങളെ ഇത്ര വൈകാരികമായി സ്വീകരിക്കരുതെന്നും പറയുന്നു.

‘ഏത് കായിക മത്സരമായാലും അതിലെ ജയപരാജയങ്ങളെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണം അതിവൈകാരികതയോടെ മത്സരങ്ങളെ സമീപിക്കരുത്. ബസിനു നേരെ ഉണ്ടായ കല്ലേറ് രാജ്യത്തെ കായിക രംഗത്തിനു തന്നെ അപമാനമാണ്’ താരം പറഞ്ഞു.

ചൊവ്വാഴ്ച ഗുവാഹട്ടിയില്‍ നടന്ന, ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരശേഷം മടങ്ങവേയാണ് ഓസീസ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറുണ്ടായത്. ഇന്ത്യയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയതിനു പിന്നാലെയായിരുന്നു അക്രമമെന്നതും ശ്രദ്ധേയമായിരുന്നു. അക്രമ സംഭവത്തില്‍ ആസ്സാം സര്‍ക്കാര്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.


Dont Miss: ടി.പി കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കണ്ടാല്‍മതി: സോളാര്‍ കേസില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് വി.ടി ബല്‍റാം


ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചാണ് ബസിന്റെ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്ന വിവരം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നത്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഓസീസ് ടീം ബസിനു നേരെ കല്ലേറുണ്ടാകുന്നത്. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരായ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിറ്റഗോംഗില്‍ വച്ചും ആക്രമണമുണ്ടായിരുന്നു.

Advertisement