എഡിറ്റര്‍
എഡിറ്റര്‍
സ്റ്റാര്‍ക്ക് മടങ്ങി; ഡി.ആര്‍.എസിനു പിന്നാലെ പരിക്കും ഓസീസിനെ വേട്ടയാടുന്നു
എഡിറ്റര്‍
Friday 10th March 2017 2:10pm

 

ന്യൂദല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലേറ്റ പരാജയത്തിനും ഡി.ആര്‍.എസ് വിവാദത്തിനും പിന്നാലെ പരിക്കും ഓസീസിന് തലവേദന സൃഷ്ടിക്കുന്നു. ടീമിന്റെ മുന്‍നിര ഫാസ്റ്റ് ബൗളറായ മിച്ചെല്‍ സ്റ്റാര്‍ക്കാണ് പരിക്കുമൂലം നാട്ടിലേക്ക് മടങ്ങിയത്. പരമ്പരക്കിടെ പരിക്കേറ്റ് മടങ്ങുന്ന ഓസീസിന്റെ രണ്ടാമത്തെ താരമാണ് മിച്ചെല്‍ സ്റ്റാര്‍ക്ക്.


Also read പശു ഗവേഷണത്തിന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് ഡോക്ടറേറ്റ് 


നേരത്തെ മിച്ചെല്‍ മാര്‍ഷും പരിക്കുമൂലം പരമ്പര ഉപേക്ഷിച്ചിരുന്നു. കാല്‍പാദത്തിനേറ്റ പരിക്കുമൂലമാണ് സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങിയത്. തോളിനേറ്റ പരിക്കുമൂലമായിരുന്നു മാര്‍ഷിന്റെ പിന്മാറ്റം. ഓസീസ് ബൗളിങ് നിരയുടെ കുന്തമുനയായ സ്റ്റാര്‍ക്കിന്റെ പിന്മാറ്റം ടീമില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയായിരിക്കില്ല. പ്രത്യേകിച്ച് രണ്ടാം ടെസ്റ്റിലേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് കരകയറാന്‍ ടീം ശ്രമിക്കുന്ന സാഹചര്യത്തില്‍.

പരമ്പരയിലെ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ ജയവുമായി ഒപ്പത്തിനൊപ്പമാണ് ഇപ്പോള്‍. രണ്ടാം മത്സരത്തിലെ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പുറത്തായതിനുശേഷം കളിക്കളത്തിലുണ്ടായ നാടകീയ സംഭവങ്ങള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ടീമിനെ താരങ്ങളുടെ പരിക്കും സാരമായി തന്നെ ബാധിക്കും.

ഔട്ടായശേഷം ഡ്രസിംങ് റൂമിലേക്ക് നോക്കി ഡി.ആര്‍.എസ് ആവശ്യപ്പെടണോ എന്ന് ചോദിച്ച സ്മിത്തിന്റെ നടപടിക്കെതിരെ ഓസീസിന്റെയും ഇന്ത്യയുടെയും മുന്‍താരങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഗ്രൗണ്ട് വിട്ട് പോകാതിരുന്ന സ്മിത്തിനെ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി ഇടപെട്ടാണ് ഡ്രസിംങ്‌റൂമിലേക്ക് തിരിച്ചയച്ചിരുന്നത്.

ആദ്യ രണ്ടു ടെസ്റ്റിലുമായി അഞ്ച് വിക്കറ്റുകള്‍ മാത്രമേ വീഴ്ത്തിയുള്ളുവെങ്കിലും ബാറ്റിംങ് നിരയില്‍ തിളങ്ങിയ സ്റ്റാര്‍ക്കിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു ഓസീസിന്റെ പൂനെയിലെ ജയം. ഓസീസ് 333 റണ്‍സിന്റെ ഉജ്വല ജയം നേടിയ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി മികച്ച പ്രകടനമായിരുന്നു സ്റ്റാര്‍ക്ക് പുറത്തെടുത്തിരുന്നത്.

ഗ്രൗണ്ടില്‍ യോര്‍ക്കറുകളും റിവേഴ്‌സ് സ്വിങ്ങുമായി ബാറ്റ്‌സ്മാന്മാരെ കുഴപ്പിക്കുന്ന താരത്തിനെ പരിക്ക് വിടാതെ പിന്തുടരുകയാണ്. 2016 ടി-20 ലോകകപ്പ് സമയത്തും 2015ല്‍ നടന്ന ആദ്യ പകല്‍-രാത്രി ടെസ്റ്റ് മത്സരത്തിനിടയിലും കാലിനേറ്റ പരിക്കുമൂലം താരത്തിന് കളിയില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം 16ന് റാഞ്ചിയില്‍ ആരംഭിക്കും.

Advertisement