അന്തേവാസിയുടെ കുഞ്ഞിനെ ദമ്പതികള്‍ക്കു വിറ്റു: മിഷനറീസ് ഓഫ് ചാരിറ്റി ജീവനക്കാരി അറസ്റ്റില്‍
National
അന്തേവാസിയുടെ കുഞ്ഞിനെ ദമ്പതികള്‍ക്കു വിറ്റു: മിഷനറീസ് ഓഫ് ചാരിറ്റി ജീവനക്കാരി അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Thursday, 5th July 2018, 3:59 pm

റാഞ്ചി: ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസിയുടെ കുഞ്ഞിനെ വിറ്റതിന് മിഷനറീസ് ഓഫ് ചാരിറ്റിയിലെ ജീവനക്കാരി അറസ്റ്റില്‍. മദര്‍ തെരേസ സ്ഥാപിച്ചിട്ടുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ സ്ഥാപനത്തിലാണ് കുഞ്ഞിനെ വിറ്റ സംഭവമുണ്ടായത്. മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശിശുക്ഷേമ സമിതി റാഞ്ചി യൂണിറ്റ് അധ്യക്ഷ രൂപ വെര്‍മയുടെ പരാതിയിന്മേലാണ് നിര്‍മല്‍ ഹൃദയിലെ ജീവനക്കാരിയായ അനിമ ഇന്ദ്‌വാറിനെ അറസ്റ്റു ചെയ്തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും അറസ്റ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കോട്‌വാലി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ശ്യാമാനന്ദ് മണ്ഡല്‍ പറഞ്ഞു.


Also Read: 34000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി; ആദ്യ ജനപ്രിയ ബജറ്റുമായി എച്ച്.ഡി കുമാരസ്വാമി


നിര്‍മല്‍ ഹൃദയ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്കു കൈമാറിയ കുഞ്ഞിനെ തിരികെ തട്ടിയെടുത്തു എന്ന പരാതിയുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ ശിശുക്ഷേമസമിതിയെ സമീപിച്ചതോടെയാണ് വില്പനയുടെ കഥ പുറത്തായത്. മേയ് 14ന് തങ്ങള്‍ക്കു നല്‍കിയ കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം തിരികെ തട്ടിയെടുത്തത് എന്നായിരുന്നു ദമ്പതിമാരുടെ പരാതി.

കുഞ്ഞിനെ ലഭിക്കാനായി ഇവര്‍ 1.2 ലക്ഷം രൂപ നല്‍കിയതായും ശിശുക്ഷേമ സമിതി വൃത്തങ്ങള്‍ പറയുന്നു. കുഞ്ഞിനെ കൈമാറിയതിനു ശേഷം ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായി തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ തിരിച്ചുകൊണ്ടുവന്ന കുഞ്ഞിനെ ഇന്ദ്‌വാര്‍ തിരികെ തട്ടിയെടുക്കുകയായിരുന്നുവെന്ന് സമിതി പ്രവര്‍ത്തകര്‍ പറയുന്നു.


Also Read: ഒറ്റക്കുത്തിനു  കൊല്ലണമെങ്കില്‍ നമ്മുടെ ആ പി.ടി ക്ലാസ് ഇപ്പോഴും നടക്കുന്നുണ്ടാവുമല്ലോ; ക്യാമ്പസ് ഫ്രണ്ട് മുന്‍ ജില്ലാ കമ്മിറ്റി അംഗം ചോദിക്കുന്നു


ശിശുക്ഷേമ സമിതി ഷെല്‍ട്ടറില്‍ നടത്തിയ മിന്നല്‍ പരിശോധനയ്ക്കു ശേഷമാണ് ഇന്ദ്‌വാര്‍ കുട്ടിയെ തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ടതെന്ന് രൂപ വെര്‍മ പറയുന്നു. ഇവിടെ നിന്നും അധികൃതര്‍ ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഷെല്‍ട്ടര്‍ ഹോമുമായി ബന്ധപ്പെട്ട് കുട്ടികളെ വില്‍ക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും അവര്‍ ആരോപിക്കുന്നുണ്ട്.

കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. അവിവാഹിതരായ അമ്മമാരെ പുനരധിവസിപ്പിക്കാനായി ആരംഭിച്ച സ്ഥാപനമാണ് നിര്‍മല്‍ ഹൃദയ്.