ചൈനീസ് സര്‍ക്കാര്‍ ജാക് മായെ 'പൂട്ടിയിട്ടില്ല'; മാസങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെട്ട് ആലിബാബ സ്ഥാപകന്‍
World
ചൈനീസ് സര്‍ക്കാര്‍ ജാക് മായെ 'പൂട്ടിയിട്ടില്ല'; മാസങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെട്ട് ആലിബാബ സ്ഥാപകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th January 2021, 12:10 pm

ബെയ്ജിംഗ്: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെയും ആന്റിന്റെയും സ്ഥാപകനായ ജാക് മാ.

ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അധ്യാപകരെ അഭിസംബോധന ചെയ്താണ് ജാക് മാ ലൈവില്‍ എത്തിയത്. ഷാങ്ഹായിലെ ഒരു പരിപാടിയില്‍ ചൈനീസ് സര്‍ക്കാരിനെയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ആലിബാബ ഗ്രൂപ്പിനെതിരെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ ജാക് മായെ കുറിച്ച് വിവരങ്ങള്‍ ഒന്നും പുറത്തു വന്നിരുന്നില്ല. മാത്രമല്ല അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി ഊഹോപോഹങ്ങളും വാണിജ്യലോകത്ത് പ്രചരിച്ചിരുന്നു.

എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ജാക് മായുടെ വീഡിയോ സന്ദേശം ലൈവായി എത്തിയത്. കൊവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം വീണ്ടും കാണാമെന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നുണ്ട്.

സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സന്ദേശം എവിടെ നിന്നാണ് എന്നതില്‍ വ്യക്തതയില്ല. ഒക്ടോബറിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റേതായി ഒരു സന്ദേശം പുറത്തുവരുന്നത്.

ചൈനീസ് സര്‍ക്കാറുമായി അസ്വാരസ്യം തുടങ്ങിയതില്‍ പിന്നെ രണ്ട് മാസമായി ജാക്ക് മായെ കണ്ടിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.’ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ എന്ന ടിവി ഷോയുടെ ഫൈനലില്‍ മാ അടുത്തിടെ ജഡ്ജായി സ്ഥാനമേറ്റെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ടിവി ഷോയുടെ വെബ്പേജില്‍ നിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ നീക്കം ചെയ്തിട്ടുണ്ട്. പ്രൊമോഷണല്‍ വീഡിയോയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2020 ല്‍ ആഫ്രിക്കയിലെ ബിസിനസ് ഹീറോസിന്റെ അന്തിമ ജഡ്ജി പാനലിന്റെ ഭാഗമാകാന്‍ മായ്ക്ക് കഴിയില്ലെന്ന് അലിബാബയുടെ വക്താവ് അറിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെ ആഗോള മുഖമായിരുന്നു ജാക് മായും ആലിബാബയും. ദശലക്ഷക്കണക്കിന് ചൈനക്കാരുടെ ദൈനംദിന ജീവിതത്തില്‍ ടെക്നോളജി കമ്പനികള്‍ക്ക് വന്‍ സ്വാധീനമാണുള്ളത്.

രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബര്‍ 24 ന് നടത്തിയ പ്രസംഗത്തില്‍ ജാക് മാ വിമര്‍ശിച്ചിരുന്നു. ചൈനയുടെ സാമ്പത്തിക പ്രശ്നങ്ങളെ പുതിയ മാറ്റങ്ങളിലൂടെ പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ബിസിനസ് രംഗത്തെ കമ്പനിയുടെ കുത്തക പ്രവര്‍ത്തങ്ങള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

ആലിബാബ വ്യാപാരികളുമായി വെക്കുന്ന പ്രത്യേക കരാറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നേരത്തെ തന്നെ വിവിധ നിയന്ത്രണ ബോര്‍ഡുകള്‍ രംഗത്തെത്തിയിരുന്നു. ആലിബാബ പ്ലാറ്റ്ഫോമില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ആലിബാബയുടെ എതിരാളികളായ പ്ലാറ്റ്ഫോമുകളില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനാവില്ലെന്ന കരാറിനെതിരെയാണ് ബോര്‍ഡുകള്‍ രംഗത്തെത്തിയത്.

കമ്പനിയുടെ ഈ ബിസിനസ് രീതി ഇ-കൊമേഴ്സ് മേഖലയില്‍ കുത്തക സ്ഥാപിക്കാനുള്ളതാണെന്നും ഇത് അനുവദിച്ചു നല്‍കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചൈനീസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഒന്നുകില്‍ ഞങ്ങല്‍ അല്ലെങ്കില്‍ അവര്‍, രണ്ടില്‍ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കുക’ എന്ന ആലിബാബയുടെ രീതി അംഗീകരിക്കാനാവില്ലെന്ന് ബോര്‍ഡുകള്‍ അറിയിച്ചു.

ആലിബാബയുടെ ബിസിനസ് രീതികളില്‍ അന്വേഷണം ആരംഭിക്കുകയാണെന്ന് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ചൈനയിലെ ധനികരായവരുടെ പട്ടികയില്‍ ഒന്നാമനായ ജാക്ക് മായാണ് ആലിബാബയുടെ സഹ സ്ഥാപകന്‍. ചൈനയിലെ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ജാക്ക് മാ. ചൈനയിലെ വിവിധ റെഗുലേറ്ററി ബോര്‍ഡുകള്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ ജാക്ക് മാ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ആലിബാബക്കെതിരെ ശക്തമായ നടപടികളുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Missing Chinese entrepreneur jack ma reappears after months