കെ.കെ ശൈലജയില്‍ നിന്ന് തുടങ്ങിയതല്ല കേരള രാഷ്ട്രീയത്തിലെ സ്ത്രീ വിരുദ്ധത
Kerala News
കെ.കെ ശൈലജയില്‍ നിന്ന് തുടങ്ങിയതല്ല കേരള രാഷ്ട്രീയത്തിലെ സ്ത്രീ വിരുദ്ധത
ശ്രിന്‍ഷ രാമകൃഷ്ണന്‍
Tuesday, 23rd June 2020, 12:57 pm

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയ്ക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ കേരളരാഷ്ട്രീയത്തിലെ സ്ത്രീവിരുദ്ധത വീണ്ടും ചര്‍ച്ചയാക്കുകയാണ്. ആണ്‍കോയ്മ അനുവദിച്ച പെണ്ണിടങ്ങള്‍ക്ക് അപ്പുറത്തേക്ക് എത്തിനോക്കാന്‍ പോലും ധൈര്യമില്ലാത്ത കാലത്ത് രാഷ്ട്രീയത്തിലേക്കിറങ്ങി, ബാലറ്റുപെട്ടിയിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ മുതല്‍ രാഷ്ട്രീയ കേരളത്തില്‍ അനേകം വനിതകള്‍ക്ക് ഇത്തരം പരാമര്‍ശങ്ങളും അപമാനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതില്‍ വിവാദങ്ങളിലൂടെ നമ്മള്‍ അറിഞ്ഞതിലും പതിന്മടങ്ങായിരിക്കും പ്രാദേശിക തലത്തിലും അല്ലാതെയും വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നേരിടേണ്ടി വന്ന അവഗണനകളും മാറ്റിനിര്‍ത്തലുകളും. ഇപ്പോഴും ഉന്നതരാഷ്ട്രീയ പദവിയിലിരിക്കുന്നവരുള്‍പ്പെടെ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്, നടത്തുന്നുമുണ്ട്. കേരള രാഷ്ട്രീയത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്ന വനിതകളും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും ആരെല്ലാമായിരുന്നുവെന്ന് നോക്കാം.

കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ നിപ കാലത്തും കൊവിഡ് കാലത്തും കേരളത്തില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മികവ് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിച്ചതാണ്. ഈ ഘട്ടത്തിലാണ് കെ.കെ ശൈലജയ്‌ക്കെതിരെ നിപ്പ രാജകുമാരി, കൊവിഡ് റാണി എന്നതരത്തില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്നത്.

പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ ദ ഗാര്‍ഡിയന്‍, റോക്ക് സ്റ്റാര്‍ എന്ന് മന്ത്രിയെ അഭിസംബോധന ചെയ്തല്ലോ എന്നായി മുല്ലപ്പള്ളിയുടെ ചോദ്യം. പരമാര്‍ശത്തില്‍ മാപ്പ് പറയുന്നോ എന്ന ചോദ്യത്തിന് നത്തിങ്ങ് ഡൂയിങ്ങ് എന്ന ഇംഗ്ലീഷ് വാക്കിന്റെ സഹായത്താല്‍ വിദഗ്ധമായി മുല്ലപ്പള്ളി മുങ്ങി.

ശൈലജ ടീച്ചറോടുള്ള കെ.പി.സി.സി അധ്യക്ഷന്റെ വിമര്‍ശനങ്ങളിലുണ്ടായിരുന്നത് കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വീഴ്ച്ചകളോ പാളിച്ചകളോ ആയിരുന്നില്ല. പകരം അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പാരാമര്‍ശങ്ങള്‍ മാത്രമായിരുന്നു.

കേരളത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തില്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്ന സ്ത്രീകള്‍ക്ക് നേരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ ഇപ്പോഴും ഉന്നത രാഷ്ട്രീയ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പെടെയുണ്ട്.

കേരളത്തിന് ഒരു കാലത്തും അവഗണിക്കാന്‍ കഴിയാത്ത രാഷ്്ട്രീയ സാന്നിധ്യമായ കെ.ആര്‍ ഗൗരിയമ്മയെകുറിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയിട്ട് അതികമൊന്നും കഴിഞ്ഞിട്ടില്ല.

അന്ന് തൊണ്ണൂറ് വയസ്സുണ്ടായിരുന്ന ഗൗരിയമ്മയെ യു.ഡി.എഫിന്റെ കഷ്ടകാലമാണെന്ന് പറഞ്ഞുകൊണ്ടാണ് പി.സി ജോര്‍ജ് അപമാനിച്ചത്.

സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ, അവരുടെ കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിക്കാന്‍ ഇറങ്ങുകയാണെന്നും ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. ജോര്‍ജിനെ കാണാന്‍ ഒരു സ്ത്രീ കുഞ്ഞുമായി നിയമസഭയില്‍ വന്നപ്പോള്‍ പണം നല്‍കി മടക്കിയത് താനാണെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലാണ് പി.സി ജോര്‍ജിനെ പ്രകോപിതനാക്കിയത്.

കൂടാതെ ഗൗരിയമ്മയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തൊണ്ണൂറ്റിയഞ്ച് വയസ് കഴിഞ്ഞിട്ടുള്ള കിഴവി ആണ് തനിക്കെതിരെ പറയുന്നതെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.

പി.സി ജോര്‍ജിന് എന്തു പറയാം, അതിന്റെ പേരില്‍ ഇവിടെ ഒരു വിഷയവും ഉണ്ടാകാന്‍ പോകുന്നില്ല. ജോര്‍ജിന്റെ തമാശകള്‍ മാത്രമായേ എത്ര അപഹാസ്യകരമായ വാക്കുകള്‍ ജോര്‍ജ് ഉപയോഗിച്ചാലും ഇവിടുത്തെ പൊതുബോധം കാണാന്‍ പോകുന്നുള്ളൂ. ആ ബോധ്യം ജോര്‍ജിനുമുണ്ട്്. അതുകൊണ്ട് തന്നെയായിരിക്കണമല്ലോ പൂഞ്ഞാറില്‍ താനല്ലാതെ വേറാരും എം.എല്‍.എ ആകില്ലെന്ന ഉറച്ച ബോധ്യം ജോര്‍ജ് പലയാവര്‍ത്തി പങ്കുവെക്കുന്നതും. ഗൗരിയമ്മയ്ക്കെതിരെ മാത്രം നില്‍ക്കുന്നതല്ല പൂഞ്ഞാര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശം. സിസ്റ്റര്‍ ലൂസി കളപ്പുര ഉള്‍പ്പെടെ സ്വതന്ത്രമായ നിലപാടുകളും രാഷ്ട്രീയാഭിപ്രായങ്ങളും പറയുന്ന നിരവധി സ്ത്രീകള്‍ക്കെതിരെയും ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയിട്ടുണ്ട്.

തെരഞ്ഞെടുുപ്പ് കാലത്ത് പോലും നേതാക്കള്‍ പരസ്യമായി പൊതു വേദിയില്‍ തന്നെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താറുണ്ട് കേരളത്തില്‍. ഉദാഹരണത്തിന് 2018 ല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായിരുന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ വിവാദ പരാമര്‍ശം വന്നത്. 1991ല്‍ ഡി. വിജയകുമാറിന് പകരം ശോഭന ജോര്‍ജ് സ്ഥാനാര്‍ത്ഥിയായത് എങ്ങനെയെന്നത് ക്യാമറയ്ക്ക് മുന്നില്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു ഹസന്റെ പ്രതികരണം.

ഇവിടെയും തീരുന്നില്ല തെരഞ്ഞെടുപ്പ് കാലത്തെ സ്ത്രീ വിരുദ്ധതത. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും നമ്മള്‍ കണ്ടു. പൊതു വേദികളില്‍ ഒരു ജാള്യതയുമില്ലാതെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്ന നേതാക്കളെ. അന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായെത്തിയത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനായിരുന്നു. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നുമായിരുന്നു എ വിജയരാഘവന്‍ പറഞ്ഞത്. പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനിലായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഏറെ ചര്‍ച്ചയായ വിഷയത്തില്‍ കേരളത്തിലെ പ്രശസ്ത നടനും അന്ന് ഇടതു സ്വതന്ത്ര എം.പിയുമായിരുന്ന ഇന്നസെന്റ് പറഞ്ഞത് സ്ത്രീകള്‍ മോശമെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടി വരുമെന്നാണ്. സിനിമാ രംഗത്ത് സ്ത്രീകള്‍ ചുഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനായിരുന്നു ഇത്ര നിരുത്തരവാദിത്തപരമായ സമീപനം ഒരു എം.പിയില്‍ നിന്നുണ്ടായത്. സിനിമാതാരവും എം.എല്‍.എയും ആയ മുകേഷില്‍ നിന്നും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത് ആക്രോശമാണ്.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വി.എസ് അച്യൂതാനന്ദനും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. 2012 മാര്‍ച്ചില്‍ കോണ്‍ഗ്രസിലെത്തിയ പഴയ എസ്.എഫ്.ഐ നേതാവ് സിന്ധു ജോയിക്കെതിരെയായിരുന്നു വി.എസിന്റെ പരാമര്‍ശം. പല തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്നതുമായായിരുന്നു വി.എസ് സിന്ധുവിനെ താരതമ്യപ്പെടുത്തിയത്. പരാമര്‍ശം വിവാദമായപ്പോള്‍ സിന്ധുവിനെ കറിവേപ്പില പോലെ യു.ഡി.എഫ് വലിച്ചെറിഞ്ഞു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു വി.എസ് പറഞ്ഞത്. ലതികാ സുഭാഷിനെതിരെയും 2011ല്‍ വി.എസ് നടത്തിയ ദ്വായാര്‍ത്ഥ പ്രയോഗത്തിന്‍ മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ജെ. മേഴ്സികുട്ടിയമ്മയക്കെതിരെ അണ്ടിയാപ്പീസില്‍ പോയിക്കൂടെ എന്നുള്‍പ്പെടെ ചോദ്യങ്ങള്‍ ചോദിച്ച് അധിക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് വളരെ പക്വമായ രീതിയില്‍ അണ്ടിയാപ്പീസില്‍ പോയിക്കൂടേ എന്ന അല്ല പോയിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്നായിരുന്നു ജെ. മേഴ്സികുട്ടിയമ്മ പറഞ്ഞത്. മന്ത്രിയായാല്‍ താഴേ തട്ടില്‍ ബന്ധം വേണ്ടെന്ന് കരുതുന്ന ആളല്ല താന്‍, മന്ത്രിയായിരിക്കുമ്പോഴും കശുവണ്ടി ഫാക്ടറിയില്‍ പോകുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2012 മേയ് നാലിന് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന ശക്തമായ ആവശ്യവുമായി പോരാട്ടം നയിക്കുന്ന കെ. കെ രമയ്ക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ടി.പി കൊല്ലപ്പെട്ട് ഒരാഴ്ച്ച പിന്നിടും മുന്‍പേ ഞാന്‍ ചാവുപായയില്‍ നിന്ന് രാഷ്ട്രീയം പറയുന്നു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങളുമായിസി.പി.എമ്മുകാര്‍ മുന്നോട്ട് വന്നിരുന്നുവെന്ന് കെ.കെ രമ പറയുന്നു.

സജീവ രാഷ്ട്രീയത്തിലെത്തിയാലും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനോ മുന്നോട്ട് പോകാനോ ഒരു സ്ത്രീയെ അനുവദിക്കാത്ത സാഹചര്യം ഇന്നുമുണ്ട്. ഇതെല്ലാം മനസിലാക്കാന്‍ നമ്മള്‍ ഏറെയൊന്നും പോകേണ്ടതില്ല. നമ്മുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തന്നെ എത്ര സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ട് എന്ന് പരിശോധിച്ചാല്‍ മതി. ഇന്നും നമ്മുടെ കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ ചെയര്‍മാനായി മത്സരിച്ചാല്‍ അത് മാധ്യമങ്ങള്‍ക്ക് ഒരു സോഫ്റ്റ് സ്റ്റോറിക്കുള്ള വകുപ്പാണ്. വലിയ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന ക്യാമ്പസുകളില്‍ പോലും അത് അങ്ങിനെ തന്നെയാണ്.

സ്ത്രീകളോടുള്ള പൊതുമണ്ഡലത്തില്‍ ഇടപെടുന്നവരോടുള്ള കേരളീയരുടെ അസഹിഷ്ണുത മനസിലാക്കാന്‍ ശബരിമല സ്ത്രീ പ്രവേശന വിധിയോട് കേരളത്തിലെ ഉന്നത രാഷ്ട്രീയ പദവിയിലിക്കുന്നവര്‍ എങ്ങിനെ പ്രതികരിച്ചു എന്നത് കൂടി നോക്കിയാല്‍ മതി. ശബരിമല വിഷയത്തില്‍ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ പരാമര്‍ശം നോക്കാം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് കരുതി. പെണ്ണുങ്ങളേക്കാള്‍ മോശമായാണ് എന്നാണ് സുധാകരന്‍ പറഞ്ഞത്. ഇത് വ്യക്തമാക്കുന്നത് സുധാകരന്റെ കാഴ്ച്ചപ്പാടില്‍ പെണ്ണ് എന്തോ മോശമാണ് എന്നല്ലേ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് തയ്യാറാക്കിയ പരസ്യത്തില്‍ പോലും സുധാകരന്‍ ഉപയോഗിച്ചത് സ്ത്രീവിരുദ്ധത നിറഞ്ഞ ഭാഗങ്ങളായിരുന്നു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെക്കുറിച്ച് ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞതും ഇവിടെ ഒന്നു പ്രതിപാദിക്കേണ്ടതുണ്ട്. 48 വയസ്സുള്ള പ്രിയങ്കയെ യുവസുന്ദരി എന്ന് വിളിക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളകിക്കേണ്ട പേര് വേറെയാണെന്നായിരുന്നു ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ പറഞ്ഞത്. ഇന്നും ശബരിമലയില്‍ കയറിയ സ്ത്രീകള്‍ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്നതും വസ്തുതയാണ്.

മുസ്ലിം ലീഗും ഒട്ടും പിന്നിലല്ല സ്ത്രീവിരുദ്ധതയുടെ വിഷയത്തില്‍. മലപ്പുറത്ത് പി.കെ സൈനബയുടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുസ്ലിം ലീഗ് ആയുധമാക്കിയത്് പി.കെ സൈനബ മുസ്ലിം സാമ്പ്രദായിക വേഷം ഉപയോഗിക്കുന്നില്ലെന്നും തട്ടം ധരിക്കുന്നില്ലെന്നുമായിരുന്നു. നിയമസഭയില്‍ പൗരത്വ വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും താരതമ്യം ചെയ്തുകൊണ്ട് സമീപകാലത്ത് മുസ്ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജി നടത്തിയ പരാമര്‍ശവും വിമര്‍ശാനാത്മകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പെണ്ണായ മമതയ്ക്കുള്ള ശൗര്യം പോലും പിണറായിക്ക് ഇല്ലെന്നായിരുന്നു ഷാജിയുടെ പരാമര്‍ശം. ഈ ഘട്ടത്തില്‍ പെണ്ണുങ്ങള്‍ക്കെന്താ കുഴപ്പം എന്ന് ചോദിച്ച് ആരോഗ്യമന്ത്രി നടത്തിയ പ്രസംഗവും ഏറെ ചര്‍ച്ചയായിരുന്നു.

ഇത്തരത്തില്‍ എണ്ണിയാല്‍ തീരാത്ത കാരണങ്ങളുടെ പേരില്‍ കേരളത്തില്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്ന സ്ത്രീകള്‍ പലതവണ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെയെല്ലാം മൂലകാരണങ്ങളില്‍ തിരഞ്ഞു പോയാല്‍ ആണ്‍ബോധത്തില്‍ തന്നെയാണ് എത്തിച്ചേരുക.

രാഷ്ട്രീയ കേരളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന ഉയരങ്ങള്‍ക്ക് പരിധികള്‍ വെച്ചിട്ടുണ്ട് എന്നാണ് നമുക്ക് വ്യക്തമാക്കുന്നത്. ഉദാഹരണത്തിന് കേരളത്തില്‍ സ്ത്രീകള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ബഹൂദൂരം മുന്നിലാണെന്ന് നമ്മള്‍ അവകാശപ്പെടുമ്പോഴും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും, ഉന്നത രാഷ്ട്രീയ പദവികള്‍ കൈകാര്യം ചെയ്യുന്നതും ഇപ്പോഴും വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രമാണ്. നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും നാം പിറകോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. 1996 കേരളനിയമസഭയില്‍ 10.23 ശതമാനം സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കില്‍ 2016 ആയപ്പോഴേക്കും അത് 6.06 ശതമാനമായി കുറയുകയാണ് ചെയ്തത്. രാഷ്്ട്രീയത്തില്‍ മാത്രമല്ല ഈ വിവേചനം. തൊഴില്‍ മേഖലകളിലും ഇത് പ്രകടമാണ്. കേരളത്തിലെ സ്ത്രീകളുടെ ലേബര്‍ പാര്‍ട്ടിസിപ്പേഷന്‍ റേറ്റ് ഇപ്പോഴും 24.8ശതമാനം മാത്രമാണ്. പ്ലാനിങ്ങ് ബോര്‍ഡിന്റെ കണക്കുകളാണ് വനിതാപ്രാതിനിധ്യത്തിന്റെ വിഷയത്തില്‍ കേരളം ഇപ്പോഴും പതിറ്റാണ്ടുകള്‍ പിന്നിലാണ് എന്ന് പറയുന്നതെന്ന് മറ്റൊരു വൈരുദ്ധ്യം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ