സ്‌പെയിനിലും മിന്നല്‍ മുരളി തരംഗം; ലാ ലീഗ ഒഫീഷ്യല്‍ പേജില്‍ നിറഞ്ഞ് മലയാളികള്‍
Entertainment news
സ്‌പെയിനിലും മിന്നല്‍ മുരളി തരംഗം; ലാ ലീഗ ഒഫീഷ്യല്‍ പേജില്‍ നിറഞ്ഞ് മലയാളികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th January 2022, 10:06 pm

സ്പാനീഷ് ലീഗായ ലാ ലീഗയിലും മിന്നല്‍ മുരളി തരംഗം. മിന്നല്‍ മുരളിയുടെ സ്ഥാനത്ത് സെവിയ്യയുടെ താരം റാഫാ മിറിന്റെ ചിത്രം വെച്ചുള്ള
പോസ്റ്ററാണ് ലാ ലീഗയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സെവിയ്യയുടെ സ്പീഡ് സ്‌ട്രൈക്കര്‍ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

സംവിധായകന്‍ ബേസില്‍ ജോസഫ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. ഇതോടെ ലാ ലീഗയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുമായി മലയാളികളും നിറഞ്ഞിരിക്കുകയാണ്.

ഇതിന് മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍പേജിലും മിന്നല്‍മുരളി എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ താരം മഹ്റസിന്റെ ചിത്രം പങ്കുവെച്ച് ‘ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്റസ് മുരളി’ എന്ന അടിക്കുറിപ്പായിരുന്നു നല്‍കിയത്.

ഇതിന് താഴെയായി ‘മിന്നല്‍ മുരളി ഒറിജിനല്‍ വാച്ചിങ് യൂ’ എന്നായിരുന്നു ടൊവിനോ കമന്റ് ചെയ്തത്. നിരവധി മലയാളികളാണ് മാഞ്ചസ്റ്ററിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

മിന്നല്‍ മുരളി സിനിമയെയും ടൊവിനോയെയും അഭിനന്ദിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം ടൊവിനോ തോമസിന് മെസേജ് അയച്ചിരുന്നു. ചിത്രം വളരെ മികച്ചതായിരുന്നെന്നും ഒരു കള്‍ട്ട് ബ്രേക്കര്‍ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. ടൊവിനോ തന്നെയാണ് മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

May be an image of 1 person and text that says "MINNAL The new superhero MIR from Sevilla NAGA LaLiga Santander"

മിന്നല്‍ മുരളിയിലെ ‘ തീ മിന്നല്‍ തിളങ്ങി’ എന്ന പാട്ടിനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമാമായിരുന്നു. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി ഇന്ത്യയാകെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയായത്.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: minnal murali poster in la leega facebook page