സാമ്പത്തിക സംവരണത്തിനു വേണ്ടി നായര്‍ സമാജത്തിന്റെ പൊതുപരിപാടി; ഉദ്ഘാടകനായി മന്ത്രി സുനില്‍കുമാര്‍
kERALA NEWS
സാമ്പത്തിക സംവരണത്തിനു വേണ്ടി നായര്‍ സമാജത്തിന്റെ പൊതുപരിപാടി; ഉദ്ഘാടകനായി മന്ത്രി സുനില്‍കുമാര്‍
ന്യൂസ് ഡെസ്‌ക്
Saturday, 6th October 2018, 3:03 pm

തൃശ്ശൂര്‍: സമസ്ത നായര്‍ സമാജം തൃശ്ശൂരില്‍ നടത്തുന്ന പരിപാടിയില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ പങ്കെടുക്കുന്നത് വിവാദമാകുന്നു. സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന സിന്‍ഹു റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നായര്‍ സമാജം പരിപാടി സംഘടിപ്പിക്കുന്നത്.

നായര്‍ മഹാസംഗമം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുക്കുന്നത്. ജാതിവിവേചനം അവസാനിപ്പിച്ച് തുല്ല്യനീതി നടപ്പാക്കുക എന്നതാണ് സംഗമത്തിന്റെ മറ്റൊരാവശ്യം.


ALSO READ:  കോണ്‍ഗ്രസുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി


ജാതി സംവരണമാണ് വേണ്ടതെന്ന സി.പി.ഐയുടെ കേന്ദ്ര നിലപാട് നിലനില്‍ക്കെയാണ് സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവരുടെ പരിപാടിയില്‍ മന്ത്രി പങ്കെടുക്കുന്നത്. മന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

മന്ത്രി ഹിന്ദുത്വ സെക്യുലറിസ്റ്റാണെന്നു വരെ ആളുകള്‍ ആരോപിക്കുന്നുണ്ട്. അതേസമയം, തന്റെ മണ്ഡലത്തിലെ പൊതുപരിപാടി എന്ന നിലയ്ക്കാണ് നായര്‍ മഹാസംഗമത്തില്‍ പങ്കെടുക്കുന്നതെന്ന് മന്ത്രി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കുടുംബസംഗമം എന്ന് പറഞ്ഞാണ് തന്നെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഭരണഘടന അനുശാസിക്കുന്ന തുല്യനീതി നായര്‍ സമുദായത്തിന് ലഭിക്കണമെന്നും സിന്‍ഹു കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ ആഗസ്റ്റില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. സിന്‍ഹു കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ സമരപരിപാടികളുമായി നീങ്ങുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.


മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളും അവര്‍ക്കുള്ള ക്ഷേമപദ്ധതികളും ശുപാര്‍ശ ചെയ്ത ജസ്റ്റിസ് എസ്.ആര്‍ സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് എന്‍.എസ്.എസും ആവശ്യപ്പെട്ടിരുന്നു. ആദായനികുതി പരിധിയില്‍പ്പെടാത്ത മുന്നാക്ക വിഭാഗക്കാരെ ഒ.ബി.സിക്ക് തുല്യമായി പരിഗണിക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, പാര്‍പ്പിടം എന്നീ മേഖലകളില്‍ ക്ഷേമപദ്ധതികളും കുറഞ്ഞനിരക്കില്‍ ഭവനവായ്പയും സാമൂഹികക്ഷേമ പദ്ധതികളും തൊഴിലും വിദ്യാഭ്യാസത്തിനും സംവരണം നല്‍കാന്‍ ആവശ്യമെങ്കില്‍ ഭരണഘടനാഭേദഗതി, ദേശീയ സംസ്ഥാന തലങ്ങളില്‍ മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ തുടങ്ങിയവ സിന്‍ഹു റിപ്പോര്‍ട്ടിലെ മറ്റു ശുപാര്‍ശകളാണ്.