എഡിറ്റര്‍
എഡിറ്റര്‍
കൊറിയന്‍ സോളാറിന്റെ ചിത്രം കേരളത്തിന്റെ അക്കൗണ്ടിലാക്കി എം.എം മണിയുടെ ട്വീറ്റ്: തുറന്നുകാട്ടി സോഷ്യല്‍മീഡിയ
എഡിറ്റര്‍
Saturday 28th October 2017 12:27pm

കോഴിക്കോട്: വയനാട്ടിലെ ബാണാസുര സാഗറിലെ ഫ്‌ളോട്ടിങ് സോളാര്‍ എന്ന പേരില്‍ ദക്ഷിണ കൊറിയയിലെ സോളാര്‍ പവര്‍ പ്ലാന്റിന്റെ ചിത്രം പ്രചരിപ്പിച്ച് വൈദ്യുതി മന്ത്രി മന്ത്രി എം.എം മണി. ഒക്ടോബര്‍ 26ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെയാണ് മണി കൊറിയന്‍ ഫ്‌ളോട്ടിങ് സോളാറിന്റെ ചിത്രം കേരളത്തിന്റേതെന്ന തരത്തില്‍ നല്‍കിയിരിക്കുന്നത്.

കേരളത്തിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി എന്നു പറഞ്ഞുകൊണ്ടാണ് മണി കൊറിയയിലെ ചിത്രം ഷെയര്‍ ചെയ്തത്.

എന്നാല്‍ ഗൂഗിള്‍ ഇമേജ് സര്‍ച്ചില്‍ ഈ ചിത്രം ദക്ഷിണ കൊറിയയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാകുകയായിരുന്നു. കൊറിയയിലെ ഓടെ റിസര്‍വോയിര്‍ ഓഫ് സന്‍ഗ്ജു സിറ്റിയിലുള്ള എല്‍.ജി സി.എന്‍.എസ് ഫ്‌ളോട്ടിങ് സോളാര്‍ പവര്‍ പ്ലാന്റിന്റെ ചിത്രമാണിതെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതിന്റെ നിര്‍മാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഈ ഫോട്ടോഗ്രാഫുണ്ട്.

ഫോട്ടോഗ്രാഫ് ദക്ഷിണ കൊറിയയിലേതാണെന്ന് സൂചിപ്പിച്ച് നിരവധി പേരാണ് മണിയുടെ ട്വീറ്റിനു താഴെ കമന്റ് ഇട്ടിരിക്കുന്നത്.

‘എവിടെയാണ് സാങ്കേതിക വിദ്യ വികസിച്ചത്? ചിത്രം കൊറിയയുടേതാണ് അല്ലാതെ കേരളത്തിന്റേതല്ല’ എന്നാണ് മണിയുടെ ട്വീറ്റിനു കീഴിലുള്ള ഒരു പ്രതികരണം.

‘ദക്ഷിണ കൊറിയ കേരളത്തിന്റെ ഭാഗമാകാത്തിടത്തോളം കാലം ഇതൊക്കെ വ്യാജമാണെന്നാണ്’ മറ്റൊരു പ്രതികരണം.

അതേസമയം, ട്വീറ്റിലെ ചിത്രം മാറിപ്പോയെങ്കിലും അതില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെന്നു പറഞ്ഞ് ഒരു വിഭാഗം എം.എം മണിയെ പ്രതിരോധിക്കുന്നുമുണ്ട്. ഒപ്പം ബാണാസുര ഡാമിലെ റിസര്‍വോയറിലെ സോളാര്‍ പാനലിന്റെ ചിത്രവും പങ്കുവെക്കുന്നുണ്ട്.

Advertisement