കാര്‍ഷികനിയമം പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചോളൂവെന്ന് തോമര്‍; യുവാക്കളോട് ദീര്‍ഘമായ പോരാട്ടത്തിന് തയ്യാറായിരിക്കാന്‍ കര്‍ഷകര്‍
farmers protest
കാര്‍ഷികനിയമം പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചോളൂവെന്ന് തോമര്‍; യുവാക്കളോട് ദീര്‍ഘമായ പോരാട്ടത്തിന് തയ്യാറായിരിക്കാന്‍ കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th January 2021, 8:55 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞെന്ന് കര്‍ഷകര്‍.  ഏഴാം ഘട്ട ചര്‍ച്ചയിലാണ് തോമറുടെ പരാമര്‍ശം.

‘നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കൃഷിമന്ത്രി കൃത്യമായി പറഞ്ഞു. നിയമങ്ങള്‍ക്ക് എതിരെ വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു’- കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സര്‍വന്‍ സിംഗ് പറഞ്ഞു.

ഒരു വലിയ ശക്തിപ്രകടനത്തിന് തയ്യാറാകാന്‍ തങ്ങള്‍ പഞ്ചാബിലെ യുവതയോട് ആവശ്യപ്പെടുകയാണെന്നും സര്‍വന്‍ പറഞ്ഞു.

കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് പ്രായോഗികമല്ലെന്ന് തോമറാണ് ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിക്കഴിഞ്ഞു. കാര്‍ഷിക മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങള്‍ എന്നും കേന്ദ്ര കൃഷിമന്ത്രി അവകാശപ്പെട്ടു.

നാലിന അജണ്ട മുന്‍നിര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞ തവണ തയ്യാറായത്. ഇതില്‍ രണ്ട് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിരുന്നു. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയില്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു.

എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാട് ഇന്നത്തെ ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരും നിലപാട് വ്യക്തമാക്കിയത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയെന്നത് ആത്മഹത്യാപരമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

പ്രതികൂല കാലാവസ്ഥയും മഴയും കൊടും തണുപ്പും അവഗണിച്ചാണ് കര്‍ഷക സംഘടനകള്‍ നാല്‍പ്പതാം ദിവസവും സമരം തുടരുന്നത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ സമാന്തര പരേഡ് അടക്കമുള്ളവ നടത്താന്‍ കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്. ജനുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അടുത്ത ചര്‍ച്ച.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Minister Said Won’t Repeal Law, Go To Supreme Court”: Farmers After Meet