'പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും; മരടിലെ ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ല'; ഫ്‌ളാറ്റ് വാങ്ങിയവര്‍ നിരപരാധികളെന്നും മന്ത്രി എ.സി മൊയ്തീന്‍
kERALA NEWS
'പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും; മരടിലെ ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ല'; ഫ്‌ളാറ്റ് വാങ്ങിയവര്‍ നിരപരാധികളെന്നും മന്ത്രി എ.സി മൊയ്തീന്‍
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 6:55 pm

തിരുവനന്തപുരം: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. പൊളിക്കുന്നതു പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു.

മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞദിവസം തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണം എന്ന ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു.

ഫ്‌ളാറ്റ് വാങ്ങിയവര്‍ നിരപരാധികളാണ്. ഫ്‌ളാറ്റ് വാങ്ങിയ 350 കുടുംബങ്ങളെയും സംരക്ഷിക്കണമെന്നതാണു സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

‘ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതു പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്ന വിഷയമാണ്. അതെങ്ങനെ ചെയ്യണമെന്നതു ഗൗരവകരമായ വിഷയമാണ്. നിര്‍മാണത്തിനുപയോഗിച്ച സിമന്റ്, കമ്പി തുടങ്ങിയവ നീക്കം ചെയ്യേണ്ടിവരും. ഇതുസംബന്ധിച്ച് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അവര്‍ സ്ഥലം സന്ദര്‍ശിച്ചുകഴിഞ്ഞു. അവരുടെ പരിശോധനാ റിപ്പോര്‍ട്ടിനു വിധേയമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.’- അദ്ദേഹം പറഞ്ഞു.

രടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഫ്ളാറ്റ് ഉടമകളുടെ ആവശ്യമാണു കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയത്. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്നു കഴിഞ്ഞയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജിയും കോടതി തള്ളിയിരുന്നു. അന്ന് ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരെ ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നാരോപിച്ച അദ്ദേഹം, ഇതിനു പിന്നില്‍ ആരൊക്കെയാണ് എന്നു കൃത്യമായി അറിയാമെന്നു പറഞ്ഞിരുന്നു. കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മരടിലെ അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ അന്ന് ഉത്തരവിറക്കിയത്.

അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടത്.