പ്രളയത്തില്‍ നിന്ന് പാഠം പഠിക്കുന്നില്ല; പെരുമണ്ണയില്‍ മണ്ണിടിക്കലും നീര്‍ത്തടം നികത്തലും വ്യാപകം
Agriculture
പ്രളയത്തില്‍ നിന്ന് പാഠം പഠിക്കുന്നില്ല; പെരുമണ്ണയില്‍ മണ്ണിടിക്കലും നീര്‍ത്തടം നികത്തലും വ്യാപകം
ജിതിന്‍ ടി പി
Monday, 24th December 2018, 2:50 pm

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ജൈവ വൈവിധ്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച പെരുമണ്ണ പഞ്ചായത്തില്‍ കുന്നിടിക്കലും നീര്‍ത്തടം നികത്തലും വ്യാപകമാകുന്നു. പെരുമണ്ണ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വലിയ കുന്നുകളില്‍ ഒന്നായ എറാമ്പ്ര കുന്ന് ഇടിച്ചുനിരത്തിയാണ് മണ്ണ് മാഫിയകള്‍ നീര്‍ത്തടം നികത്തുന്നത്.

എറാമ്പ്ര കുന്നിന്റെ കിഴക്കുഭാഗം കുപ്പേരിച്ചാലില്‍ മേത്തല്‍ ഭാഗത്താണ് കുന്നിടിക്കല്‍ നടക്കുന്നത്. അതേസമയം മൈനിംഗ് ജിയോളജി വകുപ്പില്‍ നിന്ന് വീട് നിര്‍മ്മിക്കാനുള്ള അനുമതി പ്രകാരം ചെങ്കുത്തായ സ്ഥലം നിരപ്പാക്കാന്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മണ്ണ് നീക്കി നിരപ്പാക്കാനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ജില്ലാ ജിയോളജി ഓഫീസ് അധികൃതരുടെ വിശദീകരണം.

ALSO READ: സ്ത്രീകളുടെ വില്ലുവണ്ടി യാത്ര മുന്നോട്ടുതന്നെ കുതിക്കും, ഞങ്ങള്‍ പോരാട്ടത്തിന്റെ പാതയിലാണ്

ഏതൊരു പ്രദേശത്തും മണ്ണ് നീക്കാന്‍ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ സ്ഥലപരിശോധനയ്ക്ക് ശേഷം അതേസ്ഥലത്തു തന്നെ ലെവല്‍ ചെയ്തിടാമെന്നുള്ള നിയമപ്രകാരം സര്‍ക്കാരിലേക്ക് നിശ്ചിത തുക മുടക്കിയതിനു ശേഷമാണ് അനുമതി നല്‍കുന്നതെന്നും നിയമം അനുശാസിക്കാത്ത വിധം വയലുകളിലോ നീര്‍ത്തടങ്ങളിലോ നിക്ഷേപിക്കരുതെന്ന് ഉത്തരവില്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പകര്‍പ്പ് അതാത് പ്രദേശത്തെ വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ 200 ലോഡ് മണ്ണ് കട്ട് ചെയ്യാനുള്ള അനുമതി ഉപയോഗിച്ച് കൂടുതല്‍ ലോറികളില്‍ അഞ്ച് ദിവസം കൊണ്ട് ആയിരത്തോളം ലോഡ് മണ്ണെടുത്ത് കൊണ്ടുപോകുകയും സമീപപ്രദേശത്തെ നീര്‍ത്തടങ്ങളിലും മാമ്പുഴയുടെ ഓരത്തും നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരില്‍ ചിലര്‍ മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ചത്.

“അവിടെ ചുറ്റുപാടും രണ്ട് ജെ.സി.ബിയും ഒരുപാട് ലോറികളും സംഘടിപ്പിച്ച് മണ്ണെടുക്കുകയാണ്. ഇന്നലെ പ്രതിഷേധവുമായി നാട്ടുകാര്‍ ഇറങ്ങിയപ്പോഴാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ” മാമ്പുഴ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് പി. കോയ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തൊട്ടടുത്തുള്ള 150 കുടുംബങ്ങള്‍ വെള്ളമെടുക്കുന്ന കിണറും അതിന്റെ ടാങ്കും ഇതിനടുത്താണുള്ളത്. അനുമതി നല്‍കിയ ജിയോളജി വകുപ്പ് അവിടെ പരിശോധന നടത്തിയതായി എനിക്ക് തോന്നുന്നില്ല. പരിശോധന നടത്തിയാല്‍ അങ്ങനെയൊരു അനുമതി കൊടുക്കുമോയെന്ന് തനിക്ക് തോന്നുന്നില്ലെന്നും കോയ പറയുന്നു.

ALSO READ: ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു: രാമദാസ് കതിരൂരിന്റെ വീടിനുനേരെ ആര്‍.എസ്.എസ് ആക്രമണം

“ഇവര്‍ ചെയ്യുന്നത് മണ്ണെടുത്ത് സമീപത്തുള്ള നീര്‍ത്തടങ്ങളില്‍ കൊണ്ടുപോയിടുകയാണ്. പ്രധാനമായും മാമ്പുഴയുടെ ഓരത്താണ് ഇത് കൊണ്ടുപോയിടുന്നത്. ഒരുപാട് നീര്‍ച്ചാലുകള്‍ പ്രദേശത്തുണ്ട്. അവയെല്ലാം ഇങ്ങനെയൊരു അവസരം വരുമ്പോള്‍ നികത്താന്‍ ശ്രമിക്കുകയാണ്.”- കോയ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഒരു ഭാഗത്ത് നീര്‍ച്ചാലുകള്‍ നഷ്ടപ്പെടുമ്പോള്‍ മറുവശത്ത് കുന്നുകള്‍ നഷ്ടപ്പെടുന്നു.

മണ്ണെടുക്കുന്നത് തടയാനൊരുങ്ങിയതോടെ കോയയ്‌ക്കെതിരെ ഭീഷണിയും ഉയര്‍ന്നു. ഇതിനെതിരെ നല്ലളം പൊലീസില്‍ കോയ പരാതി നല്‍കിയിട്ടുണ്ട്.

“മണ്ണെടുക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ഇടപെട്ടു. പിന്നെ അത് നിര്‍ത്തിവെച്ചു. അതിന് ശേഷമാണ് വന്ന് ഭീഷണിപ്പെടുത്തിയത്. ഞങ്ങള്‍ മണ്ണെടുക്കും നിങ്ങള്‍ എന്താണ് ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ എന്നായിരുന്നു ഭീഷണി.”

പൊലീസിന്റെ അനാസ്ഥയും കോയ ചൂണ്ടിക്കാണിക്കുന്നു. പരാതി കൊടുത്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ എന്നെ സ്‌റ്റേഷനില്‍ വിളിപ്പിച്ചിട്ടില്ല- കോയ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നാളെ ജലസംരക്ഷണ കമ്മിറ്റിയുടെ യോഗം വിളിച്ചിട്ടുണ്ട്. ഭാവി പരിപാടികള്‍ അതിനുശേഷമെ തീരുമാനിക്കു. പഞ്ചായത്തുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ജിയോളജി വകുപ്പിന്റെ അനുമതി ഉള്ളതാണ് അവരും ചൂണ്ടിക്കാണിക്കുന്നത്.

ഇടതുപക്ഷമാണ് പെരുമണ്ണ പഞ്ചായത്ത് ഭരിക്കുന്നത്. കേരളത്തിലെ ആദ്യ ഹരിത പഞ്ചായത്താണ് പെരുമണ്ണ പഞ്ചായത്ത്. ബാക്കിയുള്ള കുന്നുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കണമെന്ന് ഗ്രാമസഭ ചേര്‍ന്ന് പ്രമേയം പാസാക്കിയ പഞ്ചായത്ത് കൂടിയാണ് ഇത്.

ALSO READ: ഞങ്ങള്‍ക്കിവിടെ ജീവിക്കണം; കരിമണല്‍ ഖനനത്തിനെതിരെ അരനൂറ്റാണ്ടായി പോരാടുന്ന ആലപ്പാടെ മല്‍സ്യത്തൊഴിലാളികള്‍ സംസാരിക്കുന്നു

കഴിഞ്ഞ പ്രളയകാലത്ത് 23 വീടുകളില്‍ ഇവിടെ വെള്ളം കയറിയിരുന്നു. ഈ വീടുകളെല്ലാം തന്നെ മണ്ണിട്ട് നികത്തി ഉണ്ടാക്കിയതുമാണ്. പ്രളയസമയത്ത് ഇതൊക്കെ ഓര്‍മ്മപ്പെടുത്തലായിരുന്നെങ്കിലും ജനങ്ങള്‍ ഇതൊക്കെ മറന്നുപോയ നിലയിലാണെന്നും കോയ പറയുന്നു.

സംസ്ഥാനത്ത് ആദ്യമായി ജൈവവൈവിധ്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട പാരിസ്ഥിതിക പ്രാധാന്യമേറിയ കുന്നില്‍ തന്നെയാണ് മണലെടുപ്പിനായി തെരഞ്ഞെടുത്തത്.

ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏറാമ്പ്ര ശുദ്ധജലവിതരണ സംഭരണിയും കുന്നിന്റെ താഴ്‌വാരത്താണ്. കുന്നിടിക്കല്‍ വ്യാപകമാക്കാന്‍ മണ്ണ് മാഫിയ നീക്കം നടത്തുമ്പോള്‍ സമീപപ്രദേശത്ത് ഇപ്പോള്‍ ലഭിച്ചുവരുന്ന കുടിവെള്ളത്തിന്റെ ഉറവകള്‍ നശിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.