സംഭരണമില്ല; കടുത്ത പ്രതിസന്ധിയില്‍ മില്‍മ; പാല്‍ ഒഴുക്കിക്കളഞ്ഞ് സംസ്ഥാനത്തെ ക്ഷീരകര്‍ഷര്‍; ആശ്വാസവുമായി സര്‍ക്കാര്‍
Details Story
സംഭരണമില്ല; കടുത്ത പ്രതിസന്ധിയില്‍ മില്‍മ; പാല്‍ ഒഴുക്കിക്കളഞ്ഞ് സംസ്ഥാനത്തെ ക്ഷീരകര്‍ഷര്‍; ആശ്വാസവുമായി സര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2020, 4:19 pm

കോഴിക്കോട്: സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ കഴിയാതെ മില്‍മ സംഭരണം നിര്‍ത്തിയതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍.

പാലക്കാടും മലബാര്‍ മേഖലയിലും അടക്കം കറന്നെടുത്ത പാല്‍ ഒഴിക്കിക്കളയേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കറന്നെടുത്ത പാല്‍ എവിടെ കൊണ്ടുപോകുമെന്ന് അറിയാതെ പ്രതിസന്ധിയിലായ കര്‍ഷകരാണ് ഒടുവില്‍ പാല്‍ ഒഴുക്കിക്കളഞ്ഞത്. പാലക്കാട് ചിറ്റൂര്‍ മേഖലയില്‍ മാത്രം ഏകദേശം എണ്‍പതിനായിരം ലിറ്റര്‍ പാലാണ് ഒഴുക്കിക്കളയേണ്ടി വന്നത്.

സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ സാധിക്കാത്തതാണ് മില്‍മ സംഭരണം നിര്‍ത്താനുള്ള കാരണം. ഇതോടെ കടുത്ത പ്രതിസന്ധിയാണ് മലബാര്‍ മേഖലയിലുള്‍പ്പെടെ ക്ഷീരകര്‍ഷകര്‍ നേരിട്ടത്.

മലബാര്‍ മേഖലയില്‍ ഓരോ ദിവസവും മില്‍മ 6 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷം ലിറ്റര്‍ പാല്‍ ചെറുകിട വിപണിയിലൂടെ വിറ്റഴിക്കുന്നതാണ് രീതി. ബാക്കിയുള്ള പാല്‍ തമിഴ്നാട്ടിലെത്തിച്ച് പാല്‍പ്പൊടിയാക്കുകയോ ഐസ്‌ക്രീം പോലെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വിനിയോഗിക്കുകയോ ചെയ്യും.

എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായ കുറഞ്ഞു. പാല്‍ വീടുകളിലും ഫ്ളാറ്റുകളിലും എത്തിച്ച് ലോങ് ലൈഫ് പാല്‍ വിതരണം നടത്തി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഇതും കാര്യമായി വിജയിച്ചില്ല. മിച്ചം വരുന്ന പാലിന്റെ ചെറിയൊരളവ് മില്‍മ തിരുവനന്തപുരം യൂണിയന്‍ വാങ്ങിയിരുന്നെങ്കിലും തിരുവനന്തപുരത്തും പ്രതിസന്ധി രൂക്ഷമായി കഴിഞ്ഞു.

എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മില്‍മ തന്നെ ബദല്‍മാര്‍ഗം കണ്ടെത്തണമെന്നാണ് കര്‍ഷകരും ക്ഷീരസംഘങ്ങളും പറയുന്നത്.

‘കറന്ന പാല്‍ മില്‍മ എടുത്തില്ലെങ്കില്‍ ഞങ്ങള്‍ എന്തുചെയ്യും. മറ്റൊന്നും ചെയ്യാന്‍ സാധിക്കുകയില്ല ഇത് കളയുകയല്ലാതെ. നഷ്ടം സഹിച്ചും പാല്‍ ഒഴുക്കിക്കളയേണ്ടി വരികയാണ്. പ്രാദേശികമായി പോലും വില്‍പ്പന നടത്താന്‍ കഴിയുന്നില്ല. കടകളും വാഹനങ്ങളും ഇല്ലാത്തതും തിരിച്ചടിയാണ്, മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകനായ ബാലന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കറന്ന പാല്‍ കര്‍ഷകരുടെ ആവശ്യം കഴിഞ്ഞുള്ളത് മുഴുവന്‍ ഒഴുക്കിക്കളയുകയാണ് ചെയ്യുന്നതെന്ന് കുന്നങ്കാട്ട്പതി ക്ഷീരകര്‍ഷക സെക്രട്ടറി ജയപ്രകാശ് പറഞ്ഞു. ‘ഇവിടെ പ്രാദേശിക വില്‍പ്പന ഒട്ടുമില്ല. പിന്നെ അവര്‍ എവിടെ കൊണ്ടുകൊടുക്കും. വാഹനമൊന്നും പുറത്തിറങ്ങുന്നില്ല. ആര്‍ക്കും പാല്‍ വേണ്ട. മറ്റ് വഴികളൊന്നും അവര്‍ക്ക് മുന്നിലില്ല’, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വരെ 2 ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റിയിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി കാലഹരണപ്പെട്ടതും തിരിച്ചടിയായി. ഇതുമൂലം ഇതര സംസ്ഥാനങ്ങളിലെത്തിച്ച് പൊടിയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഓരോ ലിറ്റര്‍ പാലിലും 10 രൂപയോളം അധികചിലവാണ് ഇതുമൂലമുണ്ടാകുന്നത്.

തമിഴ്നാട് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ കേരളത്തില്‍ നിന്നുള്ള പാല്‍ എടുക്കില്ലെന്ന് അറിയിച്ചതായിരുന്നു തിരിച്ചടിയായത്. ഇതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും തമിഴ്‌നാട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിന് ആവുന്നത്ര അളവില്‍ പാല്‍ സ്വീകരിച്ച് പാല്‍പ്പൊടിയാക്കി സൂക്ഷിക്കാന്‍ ധാരണയാവുകയും ചെയ്തിട്ടുണ്ട്.

കൂടാതെ ആന്ധ്രയിലെ ഗുണ്ടൂരിലേക്ക് കൂടി ഇത്തരത്തില്‍ പാല്‍ അയക്കുവാന്‍ ധാരണയായിട്ടുണ്ടെന്ന് മലബാര്‍ റീജ്യണല്‍ കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ അറിയിച്ചു.

കഴിഞ്ഞ മാസം 8.5 ലക്ഷം ലിറ്റര്‍ പാല്‍ മില്‍മ പാല്‍പ്പൊടിയാക്കി സൂക്ഷിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീര-വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് മലബാറിലെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാരുമായി നടത്തിയ ഇടപെടലാണ് ഫലം കണ്ടത്.

ഇതോടെ കൊവിഡ് 19 നുമായി ബന്ധപ്പെട്ട ക്ഷീര സംഭരണ വിതരണ മേഖലയിലെ നിലവിലുള്ള താത്ക്കാലിക പ്രതിസന്ധിക്ക് ആശ്വാസമായതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 2 ാം തിയതി മുതല്‍ തന്നെ ക്ഷീര സംഘങ്ങള്‍ക്ക് രാവിലത്തെ മുഴുവന്‍ പാലും സംഭരിക്കാവുന്നതാണെന്നും മില്‍മ മലബാര്‍ റീജ്യണല്‍ കോപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ പ്രതികരിച്ചു.

‘പാല്‍ വില്‍പ്പന സംവിധാനങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുകയോ വില്‍പ്പന വര്‍ധിക്കുകയോ കൂടുതല്‍ പാല്‍ പൊടിയാക്കുന്നതിനുള്ള സാധ്യത ഉണ്ടാകുകയോ ചെയ്യുന്ന പക്ഷം സംഭരണ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും ക്ഷീര സംഘങ്ങളിലൂടെ സംഭരിക്കാനാവും.

മലബാറിലെ ക്ഷീര കര്‍ഷരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് ക്ഷീര കര്‍ഷകരുടെ നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണിയും മാനേജിങ് ഡയരക്ടര്‍ കെ.എം വിജയകുമാരനും പറഞ്ഞു.

മില്‍മ പാലുകള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പാല്‍ വാങ്ങാമെന്ന് തമിഴ്നാട് സമ്മതിച്ചിട്ടുണ്ടെന്നും ഇത് പ്രകാരം പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ ഈറോഡിലെ ഫാക്ടറി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അംഗന്‍വാടികള്‍ വഴി അതിഥി തൊഴിലാളികള്‍ക്കും പാല്‍ വിതരണം ചെയ്യും. ഇതിനാല്‍ ബാക്കിവരുന്ന പാലിന്റെ കാര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ