വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തമാണ് കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടത്; രാമചന്ദ്ര ഗുഹ
national news
വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തമാണ് കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടത്; രാമചന്ദ്ര ഗുഹ
ന്യൂസ് ഡെസ്‌ക്
Sunday, 24th May 2020, 6:26 pm

ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവുമധികം ആളുകളെ ബാധിച്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മനുഷ്യ നിര്‍മ്മിത ദുരന്തമാണ് ഇതിലൂടെ സംഭവിച്ചതെന്ന് ചരിത്രകാരനും സാമ്പത്തിക വിദഗ്ധനുമായ രാമചന്ദ്രഗുഹ.

ഇതുമൂലം രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലുള്ളവര്‍ക്ക് സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഗുഹ മുന്നറിയിപ്പ് നല്‍കി. ലോക്ഡൗണ്‍ ആരംഭിക്കുന്നതിനുമുമ്പ് നാട്ടിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ചത്തെ സമയം നല്‍കിയിരുന്നെങ്കില്‍ കുടിയേറ്റ ദുരന്തം ഒഴിവാക്കാനോ കുറഞ്ഞത് കുറയ്ക്കാനോ കഴിയുമായിരുന്നു എന്നും ഗുഹ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇത് വിഭജനത്തിന്റെയത്ര മോശമായിരിക്കില്ല, കാരണം ആ സമയത്ത് ഭീകരമായ സാമുദായിക അക്രമവും ഉണ്ടായിരുന്നു. എന്നിരുന്നാലും, വിഭജനത്തിനുശേഷം ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തമാണിത്’, അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 24 ന് രാത്രിയാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ട്രെയിന്‍ സര്‍വ്വീസുകള്‍, റോഡ് ഗതാഗതം, വ്യോമയാന ഗതാഗതം എന്നിവ തടഞ്ഞുകൊണ്ടായിരുന്നു ലോക്ഡൗണ്‍. തുടര്‍ന്ന് ലോക്ഡൗണ്‍ മൂന്ന് തവണ നീട്ടി.

‘പ്രധാനമന്ത്രി ഈ തീരുമാനങ്ങള്‍ എടുത്തത് എങ്ങനെയാണെന്ന് എനിക്കറിയില്ല. അദ്ദേഹം വിദഗ്ധരായ ഉദ്യോഗസ്ഥരോട് കൂടിയാലോചിക്കുകയോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളോട് അഭിപ്രായം തേടുകയോ ചെയ്തിരുന്നോ? അതോ അദ്ദേഹം ഏകപക്ഷീയനായി പ്രവര്‍ത്തിക്കുകയാണോ?’ ഗുഹ ചോദിച്ചു.

ഇപ്പോഴെങ്കിലും കൂടിയാലോചനകള്‍ നടത്താനോ പ്രതിപക്ഷത്തടക്കം രാജ്യത്തുള്ള വിദഗ്ധരില്‍നിന്ന് ഉപദേശം സ്വീകരിക്കാനോ അദ്ദേഹം തയ്യാറായാല്‍ സ്ഥിതിഗതികള്‍ അല്‍പമെങ്കിലും പരിഹരിക്കാനാവുമെന്നും ഗുഹ അഭിപ്രായപ്പെട്ടു.

‘പക്ഷേ, അതിന് അദ്ദേഹം തയ്യാറാവില്ല എന്നതാണ് എന്നെ ഭയപ്പെടുത്തുന്നത്. കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധിയുടെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവെക്കാനുള്ള തിരക്കിലാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍’, ഗുഹ പറഞ്ഞു.

നിര്‍ബന്ധിത ലോക്ഡൗണ്‍ കാലത്ത് ദിവസക്കൂലിക്കാരടക്കമുള്ള ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ നടന്നും സൈക്കിള്‍ ചവിട്ടിയും ട്രക്കുകള്‍ക്ക് കൈകാണിച്ചും നൂറും ആയിരവും കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയിലുടനീളമുള്ള നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമുള്ള ഈ പുറപ്പാട് രണ്ട് മാസമായി തുടരുന്നു.

അതിജീവനത്തിനായുള്ള അവരുടെ പോരാട്ടത്തിന്റെ ചിത്രങ്ങള്‍ രാജ്യത്തെ ഞെട്ടിക്കുകയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് തലക്കെട്ടാവുകയും ചെയ്തു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഒരാഴ്ചയെങ്കിലും സമയം അനുവദിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ലോക്ഡൗണിന്റെ അനന്തരഫലങ്ങളെക്കുറിച്ച് മോദിയോ അദ്ദേഹത്തിന്റെ ഉപദേശകരോ ചിന്തിച്ചിട്ടില്ല എന്നത് ദുരൂഹമാണ്. അതിനുശേഷം പുറത്തുവന്ന മാനുഷിക ദുരന്തത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണുള്ളത്’, അദ്ദേഹം പറഞ്ഞു.

പൊതു ആരോഗ്യം, സാമ്പത്തികം, സാമൂഹികം എന്നിങ്ങനെ മൂന്ന് തലങ്ങളാണ് ഈ ദുരന്തത്തിനുള്ളതെന്നും ഗുഹ വിശദീകരിക്കുന്നു.

‘കൊവിഡ് വ്യാപനം ഇത്രയധികമില്ലാതിരുന്ന മാര്‍ച്ച് പകുതിയോടെയെങ്കിലും കുടിയേറ്റ തൊഴിലാളികളെ മടക്കി അയച്ചിരുന്നെങ്കില്‍ അവര്‍ക്ക് സുരക്ഷിതമായി അവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം എത്താമായിരുന്നു. ഇപ്പോള്‍ അവരില്‍ പലര്‍ക്കും രോഗം ബാധിച്ചുകഴിഞ്ഞു. അതും പേറിയാണ് അവര്‍ സഞ്ചരിക്കുന്നത്’. കുടിയേറ്റ പ്രതിസന്ധി സമ്പദ് വ്യവസ്ഥയിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗുഹ വ്യക്തമാക്കി.

മഹാമാരിക്ക് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ താറുമാറായതാണ്. ഇപ്പോഴത് തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്നു. തൊഴിലില്ലായ്മാ നിരക്ക് 25 ശതമാനം വര്‍ധിക്കുമെന്നും ഗുഹ മുന്നറിയിപ്പ് നല്‍കി.

‘സാമൂഹികവും മാനസികവുമായ മാനങ്ങളും പ്രധാനമാണ്. വളരെയധികം കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും ശേഷം നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികള്‍ ജോലി തേടി ഫാക്ടറികളിലേക്കും നഗരങ്ങളിലേക്കും മടങ്ങാന്‍ തയ്യാറാകില്ല’, അദ്ദേഹം പറഞ്ഞു. തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ, രാജ്യം നേരിടുന്ന പകര്‍ച്ചവ്യാധി തുടങ്ങി മൊത്തത്തിലുള്ള വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന്, താന്‍ എന്നത്തേതിനേക്കാളും കൂടുതല്‍ ഇന്ന് ഇന്ത്യയെക്കുറിച്ച്  അശുഭാപ്തി വിശ്വാസത്തിലാണെന്നായിരുന്നു ഗുഹയുടെ മറുപടി.

‘ഇത് വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ്. അന്ന് നമുക്ക് നെഹ്‌റു, പട്ടേല്‍, അംബേദ്കര്‍ തുടങ്ങിയ മികച്ച രാഷ്ട്രീയക്കാരുണ്ടായിരുന്നു. കമലദേവി, ചട്ടോപാധ്യായ, മൃദുല സാരാഭായി തുടങ്ങിയ മികച്ച, നിസ്വാര്‍ത്ഥരായ സാമൂഹ്യ പ്രവര്‍ത്തകരുണ്ടായിരുന്നു’, അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയെ ഒന്നിപ്പിക്കാനും സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും പുനര്‍നിര്‍മ്മിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഈ നേതാക്കള്‍ വ്യക്തിപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങള്‍ മാറ്റിവച്ചു.
ഇപ്പോള്‍, താരതമ്യേന അതേ പ്രതിസന്ധി നേരിടുമ്പോള്‍, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് അവരുടെ വ്യക്തിഗത ബ്രാന്‍ഡ് നിര്‍മ്മിക്കുന്നതിനോ അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളു’, ഗുഹയുടെ വിലയിരുത്തല്‍ ഇങ്ങനെ.

ഇതിന് മാറ്റമില്ലെങ്കില്‍, ഉടനെ മാറിയില്ലെങ്കില്‍ നമ്മുടെ ഭാവി ഭയാനകമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 1.3 കോടി ജനങ്ങളെ രണ്ടുമാസത്തെ ലോക്ക്ഡൗണ്‍ ബാധിച്ചുകഴിഞ്ഞു. ടൂറിസം, സേവന മേഖല, റീട്ടെയില്‍ വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം തുടങ്ങി നിരവധി മേഖലകള്‍ വന്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയതോടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതായത്.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ മെയ് 12 ന് മോദി 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. എന്നാലത് സമ്പദ് വ്യവസ്ഥയെ എത്രത്തോളം ത്വരിതപ്പെടുത്താന്‍ ഉപകരിക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ല.

ഡിമാന്‍ഡ് ഇല്ലാതാവുകയും വിതരണം തടസപ്പെടുകയും ചെയ്യുന്നതോടെ 40 വര്‍ഷത്തിനിടെ ഇതാദ്യമായി സമ്പദ് വ്യവസ്ഥ ചുരുങ്ങുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍ എന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: