ഫലസ്തീന്‍ പൗരരെ നിരീക്ഷണത്തിലാക്കുന്ന ഇസ്രഈലിന്റെ ഫേസ് റെക്കനിഷന്‍ കമ്പനി; സാമ്പത്തിക പിന്തുണ നല്‍കുന്നത് മൈക്രോസോഫ്റ്റ്
World News
ഫലസ്തീന്‍ പൗരരെ നിരീക്ഷണത്തിലാക്കുന്ന ഇസ്രഈലിന്റെ ഫേസ് റെക്കനിഷന്‍ കമ്പനി; സാമ്പത്തിക പിന്തുണ നല്‍കുന്നത് മൈക്രോസോഫ്റ്റ്
ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 10:36 am

ജറുസലേം: ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ഫേസ് റെക്കനിഷന്‍ ടെക്‌നോളജി ലോകമെമ്പാടും വളര്‍ച്ച നേടുകയാണ്. ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങളുടെ ഫേസ് റെക്കനിഷന്‍ കമ്പനികള്‍ വളര്‍ച്ച പ്രാപിക്കുന്നതിനിടയിലേക്കിതാ പുതിയൊരു കമ്പനി കൂടി വേരോട്ടത്തിന് മുതിരുകയാണ്.

ഇസ്രഈലിന്റെ എനിവിഷന്‍ കമ്പനിയാണത്. ഒട്ടേറെ വിവാദങ്ങളിലാണ് എനിവിഷന്‍ ഇതിനകം ഉള്‍പ്പെട്ടിരിക്കുന്നത്. സോഫ്റ്റ് വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് എനിവിഷന് സാമ്പത്തിക പിന്തുണ നല്‍കുന്നു എന്നാണ് ഇതില്‍ ഒന്നാമത്തേത്. ജൂണിലാണ് എനിവിഷന്‍ ഇതു സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ധാരണയിലാവുന്നത്. ഇസ്രഈല്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എനിവിഷന് സാമ്പത്തിക പിന്തുണ നല്‍കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എനിവിഷന്‍ എന്ന കമ്പനിയുടെ വേരോട്ടം ചെറുതല്ല ഇസ്രഈലില്‍.ഇസ്രഈല്‍ സൈന്യത്തിന്റെയും ഇസ്രഈല്‍ ചാര സംഘടനയായ മൊസാദിന്റെയും സഹകരണത്തോടെ വെസ്റ്റ്ബാങ്കില്‍ ഫേസ് റെക്കനിഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്നുണ്ട് എന്ന് വാര്‍ത്താ മാധ്യമമായ എന്‍.ബി.സി യുടെ റിപ്പോര്‍ട്ട് മുമ്പ് പുറത്തു വന്നിട്ടുണ്ട്.

ഒക്ടോബറില്‍ എന്‍.ബി.സി അന്വേഷണം നടത്തിയപ്പോള്‍ എനിവിഷന്‍ ഇസ്രഈല്‍ സൈന്യവുമായി സഹകരിച്ച് വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ ജനതയക്കു മേല്‍ രഹസ്യ നിരീക്ഷണം നടത്തിയിരുന്നു എന്ന് ഉറപ്പു വരുത്തിയിരുന്നു. വെസ്റ്റ് ബാങ്കിലെ ഫല്‌സതീന്‍ ജനതയ്ക്കുമേലാണ് എനിവിഷന്‍ ആദ്യ പരീക്ഷണവും നടത്തിയത്. റിപ്പോര്‍ട്ട് പ്രകാരം ‘ഗൂഗിള്‍ അയോഷ് ‘ എന്ന പേരിലായിരുന്നു ഈ പ്രൊജക്ട് നടന്നത്. അയോഷ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇസ്രഈല്‍ അധിനിവേശ ഫലസ്തീന്‍ മേഖലയെയും ഗൂഗിള്‍ എന്നത് നിരീക്ഷണം എന്ന അര്‍ത്ഥത്തിലുമാണ്.

എന്‍.ബി.സിയുടെ റിപ്പോര്‍ട്ട് വിവാദമായപ്പോള്‍ എനിവിഷന്‍ തങ്ങളുടെ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം ഔദ്യോഗിക പരിശോധന നടത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു.

യു.എസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ ആരോപണം അന്വേഷിക്കുമെന്നായിരുന്നു നവംബറില്‍ മൈക്രാസോഫ്റ്റ് അറിയിച്ചത്. എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തു വന്നിട്ടില്ല.

എന്നാല്‍ റിപ്പോര്‍ട്ട് വന്നില്ലെങ്കിലും എനിവിഷന്  മൈക്രോസോഫ്റ്റ് നല്‍കുന്ന പിന്തുണ നിയമ വിരുദ്ധമാണ് എന്നാണ് വാസ്തവം.

2018ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തു പുലര്‍ത്തുന്ന ധാര്‍മ്മിക പരമായ ചട്ടങ്ങളില്‍ ഫേസ് റെക്കനിഷന്‍ സംബന്ധിച്ച ആറു മര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്. ജനാധിപത്യവും മനുഷ്യാവകാശവും ലംഘിക്കപ്പെടുന്നിടങ്ങളില്‍ ഈ സാങ്കോതിക വിദ്യയ്ക്ക് പിന്തുണ നല്‍കില്ല എന്നായിരുന്നു അത്.

അങ്ങനെയെങ്കില്‍ ഫലസ്തീന്‍ ജനതയ്ക്കുനേരെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന ഇസ്രഈല്‍ സൈന്യവുമായി സഹകരണത്തിലുള്ള എനി വിഷന് എങ്ങനെയാണ് സാമ്പത്തിക പിന്തുണ നല്‍കാന്‍ പറ്റുക.

അധിനിവേശം നടത്തിയ ഒരു മേഖലയില്‍ ഡിജിറ്റല്‍  രംഗം ശക്തി പ്രാപിക്കുന്നത് അപകടകരമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ആഗോള കമ്പനികള്‍ ഈ വസ്തുതയെ കണ്ടല്ലെന്ന് നടിക്കുകയാണ് എന്നാണ് വസ്തുത.

എനിവിഷന്‍ ആഗോള തലത്തില്‍ ശക്തി പ്രാപിക്കുകയാണെങ്കില്‍ ഡിജിറ്റല്‍ സുരക്ഷിതത്വത്തിന് വലിയ ഭീഷണിയാണുണ്ടാവുക. ഇസ്രഈലിന്റെ ചാര സംഘടനയായ മൊസാദിനെ ഇത് വീണ്ടും ശക്തമാക്കും. ഈയടുത്ത് ഇസ്രഈല്‍ കമ്പനി ഇന്ത്യന്‍ പൗരരുടെ വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ത്തിയത് ഏറെ വിവാദമായിരുന്നു.