എഡിറ്റര്‍
എഡിറ്റര്‍
സൂക്ഷ്മകൃഷി കൃത്യത, ജാഗ്രത
എഡിറ്റര്‍
Tuesday 23rd June 2015 3:24pm

kerala-karshakan

കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷന്‍ മാസിക എന്നിവയുടെ സഹായത്തോടെ ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിക്കുന്നു.


തൊഴിലാളികളുടെ ദൗര്‍ലഭ്യവും, ഉത്പാദന ചെലവിലെ വര്‍ദ്ധനവുമാണ് പച്ചക്കറി കൃഷി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍. ഒരു ഏക്കര്‍ പാവല്‍കൃഷിയില്‍ നിലമൊരുക്കുന്നതു മുതല്‍ കായ് പറിക്കുന്നതുവരെയുള്ള കാലയളവില്‍ നൂറിലധികം തൊഴിലാളികള്‍ ആവശ്യമായി വരുന്നു. സൂക്ഷ്മകൃഷിയില്‍ ഡ്രിപ്പും, ഫെര്‍ട്ടിഗേഷനും ഉപയോഗിക്കുന്നതിനാല്‍ നിത്യേനയുള്ള ജലസേചനത്തിനും വളം ചെയ്യാനും തൊഴിലാളികളുടെ സഹായം വേണ്ട.


bitter1

 


കിസാന്‍/ അരുണ്‍കുമാര്‍ ടി.വി


 

ഒരു ഏക്കര്‍ പച്ചക്കറിത്തോട്ടത്തില്‍നിന്ന് 20 ടണ്‍ വരെ പാവയ്ക്ക ഉത്പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് പാലക്കാട് ജില്ലയില്‍ കൊല്ലങ്കോട് മേഖലയിലെ യുവകര്‍ഷകരായ നാരങ്ങാക്കളം സുരേഷും പന്നിക്കോലിലെ പ്രസാദും തെളിയിച്ചിരിക്കുന്നു.

വി.എഫ്.പി.സി.കെ.യുടെ സാമ്പത്തികസഹായത്തോടെ പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ സൂക്ഷ്മകൃഷിത്തോട്ടങ്ങളിലാണ് അഭൂതപൂര്‍വ്വമായ ഈ വിജയം. കൃത്യതയോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് കൃഷിയുടെ വിജയത്തിന് നിദാനമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പാവല്‍, മത്തന്‍, വഴുതന, മുളക്, കുമ്പളം തുടങ്ങിയ പച്ചക്കറികളുടെ സങ്കര ഇനങ്ങളാണ് ഇവര്‍ സൂക്ഷ്മകൃഷിക്ക് തെരഞ്ഞെടുത്തത്. ആഴത്തില്‍ ഉഴുതുമറിച്ച് ഹെക്ടറിന് 20 ടണ്‍ ജൈവവളവും ആവശ്യത്തിന് ഫോസ്ഫറസ് വളവും ചേര്‍ത്ത് മണ്ണ് കൃഷിയോഗ്യമാക്കിയായിരുന്നു തുടക്കം.

chilliesസ്യൂഡോമോണസ് ആവശ്യാനുസരണം കലര്‍ത്തിയ ചകിരിച്ചോര്‍ കമ്പോസ്റ്റ്, പ്രോട്രേകളില്‍ നിറച്ച് ഗ്രീന്‍ ഹൗസില്‍ തയ്യാറാക്കിയ ഒരേ പ്രായവും വലിപ്പവുമുള്ള തൈകള്‍ നടാന്‍ ഉപയോഗിച്ചു. കൃത്യ അളവിലുള്ള വെള്ളവും വളവും പച്ചക്കറികള്‍ക്ക് ഉറപ്പുവരുത്താന്‍ മണ്ണിന്റെയും ജലത്തിന്റെയും പരിശോധനയ്ക്ക് ശേഷം ഡ്രിപ്പും ഫെര്‍ട്ടിഗേഷന്‍ യൂണിറ്റും സ്ഥാപിച്ചു.

ഏക്കറിന് ഏകദേശം 60000 രൂപ വരെയായി ചെലവ്. വെള്ളത്തില്‍ പൂര്‍ണ്ണമായും ലയിക്കുന്ന 19:19:19, 12:61:0 (മോണോ അമോണിയം ഫോസ്‌ഫേറ്റ്) 13:0:45 (പൊട്ടാസ്യം നൈട്രേറ്റ്) എന്നീ വളങ്ങളാണ് നനയ്‌ക്കൊപ്പം ചെടികള്‍ക്ക് നല്‍കിയത്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓരോ വിളയ്ക്കും പ്രത്യേകമുണ്ടാക്കിയ ഫെര്‍ട്ടിഗേഷന്‍ ഷെഡ്യൂള്‍ പ്രകാരം വളപ്രയോഗവും നടത്തി.

സൂക്ഷ്മകൃഷിരീതിയിലൂടെ ഒരു ഏക്കര്‍ പാവല്‍കൃഷി ചെയ്യുന്നതിന് 1,00,000 രൂപയോളം ചെലവുവരുമെങ്കിലും (ഡ്രിപ്പ്, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ് എന്നിവയ്ക്കു പുറമെ) 3 ലക്ഷം രൂപയിലധികം വരുമാനം ലഭിക്കുമെന്ന് ഈ യുവകര്‍ഷകര്‍ പറയുന്നു.

തൊഴിലാളികളുടെ ദൗര്‍ലഭ്യവും, ഉത്പാദന ചെലവിലെ വര്‍ദ്ധനവുമാണ് പച്ചക്കറി കൃഷി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍. ഒരു ഏക്കര്‍ പാവല്‍കൃഷിയില്‍ നിലമൊരുക്കുന്നതു മുതല്‍ കായ് പറിക്കുന്നതുവരെയുള്ള കാലയളവില്‍ നൂറിലധികം തൊഴിലാളികള്‍ ആവശ്യമായി വരുന്നു. സൂക്ഷ്മകൃഷിയില്‍ ഡ്രിപ്പും, ഫെര്‍ട്ടിഗേഷനും ഉപയോഗിക്കുന്നതിനാല്‍ നിത്യേനയുള്ള ജലസേചനത്തിനും വളം ചെയ്യാനും തൊഴിലാളികളുടെ സഹായം വേണ്ട. കൂടാതെ 25 മൈക്രോണ്‍ കനമുള്ള പ്ലാസ്റ്റിക് പുതകള്‍ കൃഷിസ്ഥലത്ത് ഉപയോഗിച്ചതിനാല്‍ തോട്ടത്തിലെ കളനിയന്ത്രണവും ഫലപ്രദമായി.

മഴക്കാലത്തും വളപ്രയോഗം തുടരുവാന്‍ കഴിഞ്ഞു. അതിവൃഷ്ടിമൂലമുണ്ടാകുന്ന പച്ചക്കറി കൃഷിനാശമാണ് പലപ്പോഴും വിളവെടുപ്പ് കാലത്ത് കര്‍ഷകരെ പൊറുതിമുട്ടിക്കുക. പ്രത്യേകിച്ച് ഓണം പോലെയുള്ള ഉത്സവകാലങ്ങളില്‍ അനാവശ്യമായ വിലവര്‍ധനവിനും ഇത് കാരണമാകുന്നു. സൂക്ഷ്മ കൃഷിയില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ഈ രീതിയിലും വിപണിക്കാവശ്യമായ പച്ചക്കറികള്‍ സുലഭമായി ഉത്പാദിപ്പിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കാവുന്നതേയുള്ളൂ.

 


സൂക്ഷ്മകൃഷിരീതിയിലൂടെ ഒരു ഏക്കര്‍ പാവല്‍കൃഷി ചെയ്യുന്നതിന് 1,00,000 രൂപയോളം ചെലവുവരുമെങ്കിലും (ഡ്രിപ്പ്, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ് എന്നിവയ്ക്കു പുറമെ) 3 ലക്ഷം രൂപയിലധികം വരുമാനം ലഭിക്കുമെന്ന് ഈ യുവകര്‍ഷകര്‍ പറയുന്നു.


bitterസൂക്ഷ്മകൃഷിയില്‍ ഉത്പാദനം ഇരട്ടിയില്‍ അധികമാകുന്നതോടൊപ്പം ഉത്പന്നങ്ങളുടെ ഗുണമേന്മയും വളരെ അധികം വര്‍ധിക്കുന്നു. 90 ശതമാനത്തിലധികം ഉത്പന്നങ്ങള്‍ ഒന്നാംതരമായിത്തന്നെ ലഭിക്കുന്നതിനാല്‍ കയറ്റുമതിക്കും സാധ്യതകളേറെ. വിളവെടുപ്പ് കാലയളവ് ഒന്ന് രണ്ട് മാസം കൂടുതല്‍ കിട്ടുന്നതും ഇവിടെ ശ്രദ്ധേയമായ കാര്യമാണ്. വെള്ളത്തിന്റെ ഉപയോഗം നേര്‍പകുതിയായി കുറയ്ക്കാന്‍ കഴിയുന്നുവെന്നത് കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനും ഉത്പാദന ചെലവു കുറയ്ക്കുവാനും പ്രേരകവും സഹായകരവുമായ ഘടകമാണ്.

മണ്ണുത്തി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ. നാരായണന്‍കുട്ടിയുടെ നിര്‍ദ്ദേശങ്ങളും മുന്‍ എം.എല്‍.എ. കൃഷ്ണന്‍കുട്ടിയുടെ ഉപദേശങ്ങളും പെരുമാട്ടി സര്‍വ്വീസ് സഹകരണബാങ്കിന്റെ സഹായവും വി.എഫ്.പി.സി.കെ.യുടെ മേല്‍നോട്ടവും പരീക്ഷണതോട്ടത്തിന്റെ വിജയത്തിന് സഹായിച്ചെന്ന് കര്‍ഷകര്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു.

ജനസംഖ്യാ വര്‍ദ്ധനവുകൊണ്ടും കൃഷിസ്ഥലത്തിന്റെ ദൗര്‍ലഭ്യം കൊണ്ടും തൊഴിലാളികളുടെ കുറവുകൊണ്ടും ബുദ്ധിമുട്ടുന്ന കേരളത്തിന്റെ കാര്‍ഷികമേഖല ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാനായി വരുംദിനങ്ങളില്‍ സൂക്ഷ്മകൃഷിയിലേക്ക് ചുവടുമാറ്റം നടത്തേണ്ടതുണ്ട്.

വി.എഫ്.പി.സി.കെ. ജില്ലാ മാനേജരാണ് ലേഖകന്‍

Advertisement