മീടൂ ക്യാംപെയ്‌ന് പിന്തുണ; സുഭാഷ് കപൂര്‍ ചിത്രത്തില്‍ നിന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും പിന്മാറി
MeToo
മീടൂ ക്യാംപെയ്‌ന് പിന്തുണ; സുഭാഷ് കപൂര്‍ ചിത്രത്തില്‍ നിന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും പിന്മാറി
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 8:50 am

മുംബൈ: സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന “മൊഗുള്‍” ചിത്രത്തില്‍ നിന്നും സഹനിര്‍മ്മാതാവ് എന്ന നിലയില്‍ പിന്മാറുകയാണെന്ന് ആമിര്‍ ഖാനും കിരണ്‍ റാവുവും. സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി ലൈംഗിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാജ്യത്ത് നടക്കുന്ന മീടൂ ക്യാംപെയ്‌ന് പിന്തുണ നല്‍കിക്കൊണ്ട് ഇരുവരും പിന്മാറുന്നത്.

ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണ വിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. തങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ അല്ലെന്നും പരാതി നിയമവഴിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ കുറ്റം തെളിയുന്നത് വരെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും ഇരുവരും പറഞ്ഞു.

ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന മീടൂ ക്യാംപെയ്ന്‍ ബോളിവുഡിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ കലാകാരന്മാരെന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആമിറും കിരണ്‍ റാവുവും പ്രസ്താവനയില്‍ വ്യക്തമാക്കി.

ടി സീരിയസിനൊപ്പം ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആയിരുന്നു മൊഗുളിന്റെ സഹനിര്‍മ്മാതാവ്.