മെസിയൊക്കെ സൗദിയിൽ കളിച്ചാൽ എല്ലാ കളിയിലും ഗോളടിച്ചിരിക്കും; റൊണാൾഡോയെ ട്രോളി ആരാധകർ
football news
മെസിയൊക്കെ സൗദിയിൽ കളിച്ചാൽ എല്ലാ കളിയിലും ഗോളടിച്ചിരിക്കും; റൊണാൾഡോയെ ട്രോളി ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th April 2023, 9:01 am

സൗദി പ്രോ ലീഗിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ അൽ നസറിനെ സമനിലയിൽ കുരുക്കിയിരിക്കുകയാണ് അൽ ഫെയ്ഹ. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ ജയം ആവശ്യമായിരുന്ന അൽ നസർ മത്സരത്തിൽ സമനില വഴങ്ങിയതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

ലീഗിലെ മിഡ്‌ ടേബിൾ ടീമായ അൽ ഫെയ്ഹക്കെതിരെ മികവോടെ കളിക്കാൻ കഴിഞ്ഞെങ്കിലും ക്ലബ്ബിന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ സാധിക്കാത്തതാണ് അൽ നസറിന് വിനയായത്.

കളിയിൽ 60 ശതമാനത്തോളം സമയവും പന്ത് കൈവശം വെച്ച് കളിച്ച അൽ നസറിന് പക്ഷെ മൂന്ന് ഓൺ ഗോൾ ടാർഗറ്റുകൾ മാത്രമെ അൽ ഫെയ്ഹയുടെ ഗോൾ വലയിലേക്ക് ഉതിർക്കാൻ സാധിച്ചുള്ളൂ.

എന്നാൽ മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ അൽ നസർ സൂപ്പർ താരമായ റൊണാൾഡോയെ പരിഹസിച്ചും വിമർശിച്ചും രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം ഫുട്ബോൾ ആരാധകർ.

പ്രോ ലീഗിൽ 12 മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ പേരിലാക്കാൻ കഴിഞ്ഞ താരത്തിന് അൽ ഫെയ്ഹക്കെതിരെ ഒരു ഷോട്ട് ഓൺ ടാർഗറ്റ് മാത്രമേ ഉതിർക്കാൻ സാധിച്ചുള്ളൂ.

അബ്ദുൽ റഹ്‌മാൻ ഗരീബിന് മികച്ച ഒരു പാസ് റോണോ നൽകിയെങ്കിലും അതും ഗോളായി മാറിയിരുന്നില്ല.
കൂടാതെ മത്സരത്തിൽ ഡ്രിബിളുകളൊന്നും പൂർത്തിയാക്കാൻ സാധിക്കാത്തതും ഏരിയൽ ബോളുകൾ വിജയിക്കാൻ സാധിക്കാത്തതും റൊണാൾഡോക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.

‘മെസിയാണ് സൗദിയിൽ കളിച്ചിരുന്നതെങ്കിൽ എല്ലാ മത്സരത്തിലും ഗോൾ നേടുമായിരുന്നു,’ ‘ഒടുവിൽ റൊണാൾഡോയുടെ യഥാർത്ഥ ലെവലിലേക്ക് താരം എത്തി,’  തുടങ്ങിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു റൊണാൾഡോക്കെതിരെ ഉയർന്ന് വന്നിരുന്നത്.

അതേസമയം 23 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളുമായി 53 പോയിന്റോടെ സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസറിന്റെ സ്ഥാനം.

ഏപ്രിൽ 19ന് അൽ ഹിലാലിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Messi would be scoring every game if he played saudi pro league fans trolls ronaldo