മെസിയും ക്രിസ്റ്റ്യാനോയും കൊമ്പുകോര്‍ക്കുന്നു? ഇന്റര്‍ മയാമി VS അല്‍ നസര്‍ മത്സര സാധ്യതകള്‍ ഇങ്ങനെ
Football
മെസിയും ക്രിസ്റ്റ്യാനോയും കൊമ്പുകോര്‍ക്കുന്നു? ഇന്റര്‍ മയാമി VS അല്‍ നസര്‍ മത്സര സാധ്യതകള്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th September 2023, 3:17 pm

യു.എസ് ഓപ്പണ്‍ കപ്പ് ഫൈനലിലെ ഇന്റര്‍ മയാമിയുടെ തോല്‍വി ആരാധകരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. പരിക്കിന്റെ പിടിയിലായതിനെ തുടര്‍ന്ന് സൂപ്പര്‍ താരം ലയണല്‍ മെസിക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിക്ക് ഇനി അഞ്ച് മത്സരങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ മെസിക്ക് എത്ര മത്സരങ്ങളിലിറങ്ങാനാകും എന്ന ആശങ്കയിലാണ് ആരാധകര്‍.

എന്നാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സൗദി അറേബ്യയില്‍ നിന്ന് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസി-റൊണാള്‍ഡോ നേര്‍ക്കുനേര്‍ പോരാട്ടത്തിനായി ഒരു ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് കമ്പനി അവസരമൊരുക്കുന്നുണ്ടെന്നും ചൈനയില്‍ വെച്ച് ഇന്റര്‍ മയാമിയും അല്‍ നസറും സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സൗദി അറേബ്യന്‍ മാധ്യമ പ്രവര്‍ത്തകനായ അലി അലബ്ദല്ല ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സ്‌പോര്‍ട്ട്‌സ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റൊണാള്‍ഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതിന് ശേഷം ഇരുവരും ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മെസിയുടെ പി.എസ്.ജിയും അല്‍ നസറും തമ്മില്‍ നടന്ന സൗഹൃദ സന്നാഹ മത്സരത്തിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.

അതേസമയം, മെസിക്ക് ഈ എം.എല്‍.എസ് സീസണില്‍ കളിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്റര്‍ മയാമിയുടെ പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോ. സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് മെസി തീര്‍ച്ചയായും ടീമിനൊപ്പം ചേരുമെന്നും മെഡിക്കല്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് അദ്ദേഹം കളത്തിലേക്ക് തിരിച്ചെത്തുമെന്നും കോച്ച് പറഞ്ഞു.

എം.എല്‍.എസ് ലീഗില്‍ 32 പോയിന്റുകളുമായി നിലവില്‍ 14ാം സ്ഥാനത്താണ് ഇന്റര്‍ മയാമി. ലീഗില്‍ ഇനി അഞ്ച് മത്സരങ്ങളാണ് മയാമിക്ക് അവശേഷിക്കുന്നത്.

Content Highlights: Messi VS Cristiano friendly match will be held in China