സൗദി ക്ലബ്ബിനും, ബാഴ്സക്കും തിരിച്ചടി; മെസി പി.എസ്.ജിയിൽ തന്നെ തുടരും; റിപ്പോർട്ട്
football news
സൗദി ക്ലബ്ബിനും, ബാഴ്സക്കും തിരിച്ചടി; മെസി പി.എസ്.ജിയിൽ തന്നെ തുടരും; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th February 2023, 7:05 pm

2023 ജൂൺ മാസത്തോടെ പി.എസ്.ജിയിൽ മെസിയുടെ കരാർ അവസാനിക്കുകയാണ്. തുടർന്ന് ഫ്രീ ഏജന്റായി മാറുന്ന താരത്തെ സ്വന്തമാക്കാൻ അൽ ഹിലാൽ, ഇന്റർ മിയാമി, ബാഴ്സലോണ മുതലായ ക്ലബ്ബുകൾ രംഗത്തുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

കൂടാതെ മെസി തന്റെ പ്രിയപ്പെട്ട പരിശീലകൻ പെപ്പ് ഗ്വാർഡിയോളക്ക് കീഴിൽ കളിക്കാൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയേക്കാമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.

എന്നാലിപ്പോൾ താരത്തിന് പി.എസ്.ജിയിൽ തന്നെ തുടരാനാണ് താത്പര്യം എന്നും മെസി പി.എസ്.ജിയുമായി കരാർ നീട്ടാൻ തയ്യാറെടുക്കുയാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസിയുമായി ഉടൻ ചർച്ചകൾ നടത്താനും മീറ്റിങ്ങുകൾക്കും പി.എസ്.ജി മാനേജ്മെന്റ് ഒരുങ്ങുന്നതായും ലെ പാരീസിയന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണയിലെ സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് 2021ൽ മെസി ബാഴ്സ വിട്ട് പി.എസ്.ജിയിലേക്ക് കൂട് മാറിയത്.

നെയ്മർക്കും എംബാപ്പെക്കുമൊപ്പം പി. എസ്.ജിയിൽ കളിക്കുന്ന താരത്തിന് പി.എസ്.ജി മാനേജ്മെന്റിൽ നിന്നും ലഭിക്കുന്ന പിന്തുണയും പരിഗണനയുമാണ് താരത്തെ ക്ലബ്ബിൽ പിടിച്ചു നിർത്താൻ കാരണമാകുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കൂടാതെ ഇപ്പോഴും മികച്ച ഫോമിൽ കളിക്കാൻ തനിക്ക് സാധിക്കുന്നതിനാൽ സൗദിയിലേക്ക് പോകേണ്ടയെന്നാണ് മെസിയുടെ തീരുമാനമെന്നും ലെ പാരീസിയന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

പി.എസ്.ജിക്കായി ഈ സീസണിൽ ഇതുവരെ 23 മത്സരങ്ങളിൽ നിന്നും 14 ഗോളുകളാണ് മെസി സ്വന്തമാക്കിയിട്ടുള്ളത്.
ലോകകപ്പിന് ശേഷം ലീഗ് വണ്ണിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ മെസിക്ക് സാധിച്ചിട്ടില്ലെന്ന് ആരാധകരുടെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും

ടീമിന് പ്രഥമ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ മെസിയുടെ സാമീപ്യം അത്യന്താപേക്ഷിതമാണെന്നാണ് പി.എസ്. ജി മാനേജ്മെന്റിന്റെ അഭിപ്രായം. കൂടാതെ 2024 വരെയെങ്കിലും താരത്തെ ടീമിൽ പിടിച്ചു നിർത്തണമെന്ന് പി.എസ്.ജി മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അതേസമയം ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9:30ന് ടോളോസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights:Messi to stay at PSG; Report