വിമർശകർ വായടച്ചോളൂ; മെസിയും നെയ്മറും എംബാപ്പെയും തകർത്താടുന്ന പി.എസ്.ജി തിരിച്ചുവന്നു
football news
വിമർശകർ വായടച്ചോളൂ; മെസിയും നെയ്മറും എംബാപ്പെയും തകർത്താടുന്ന പി.എസ്.ജി തിരിച്ചുവന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th February 2023, 9:09 pm

ഫ്രഞ്ച് ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിൽ വീണ്ടും മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് പാരിസ് ക്ലബ്ബായ പി.എസ്.ജി.
ഞായറാഴ്ച നടന്ന മത്സരത്തിൽ ലില്ലി ലോസ്കിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പി.എസ്.ജി തകർത്ത്‌ വാരിയത്.

അടിമുടി ആവേശം നിറഞ്ഞ മത്സരത്തിൽ ഒരുവേള 2-0 എന്ന നിലയിൽ മുന്നിലായിരുന്ന പി.എസ്.ജി പിന്നീട് 2-3 എന്ന നിലയിൽ മത്സരത്തിൽ പിന്നിലായിരുന്നു. കളിയുടെ അവസാന നിമിഷത്തിൽ എട്ട് മിനിറ്റിനിടയിൽ എംബാപ്പെ, മെസി എന്നിവർ സ്കോർ ചെയ്ത ഗോളുകളിലാണ് മത്സരം പി.എസ്.ജി വിജയിച്ചത്.

ഫ്രഞ്ച് ക്ലബ്ബിനായി എംബാപ്പെ രണ്ട് ഗോളുകൾ സ്കോർ ചെയ്തപ്പോൾ നെയ്മർ, മെസി എന്നിവർ ക്ലബ്ബിനായി ഓരോ ഗോളുകൾ സ്കോർ ചെയ്തു.

ലോസ്ക് ലില്ലിക്കായി ബഫോഡ് ഡിയാകൈറ്റ്, ജോനാഥാൻ ഡേവിഡ്, ജോനാഥൻ ബാംബ എന്നിവരാണ് ഗോൾ വല ചലിപ്പിച്ചത്.


എന്നാൽ മത്സരത്തിൽ വിജയത്തിനപ്പുറം പി.എസ്.ജി ആരാധകർക്ക് ആഹ്ലാദത്തിന് വക നൽകുന്ന ഒട്ടനവധി സംഭവങ്ങൾ നടന്നിരുന്നു. ഒരു ഇടവേളക്ക് ശേഷം മെസി, നെയ്മർ, എംബാപ്പെ എന്നിവർ ഗോൾ സ്കോർ ചെയ്ത് വിജയിപ്പിച്ച ഒരു മത്സരം എന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം.

കൂടാതെ കളിയുടെ അവസാന മിനിട്ടിൽ മെസിയുടെ ഒരു മികച്ച സെറ്റ് പീസ് ഗോളും മത്സരത്തിൽ സംഭവിച്ചു. താരത്തിന്റെ ഫോമിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല എന്ന് ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു മെസിയുടെ ഗോൾ.

എന്നാൽ കളിയിൽ വിജയിച്ചെങ്കിലും പി.എസ്.ജിയെ ഏറെ നിരാശപ്പെടുത്തുന്ന ചില കണക്കുകളും മത്സരത്തിൽ പ്രകടനമാണ്. വമ്പൻ സ്‌ക്വാഡ് കൈവശമുള്ള പാരിസ് ക്ലബ്ബിനെതിരെ കൂടുതൽ സമയം പന്ത് കൈവശം വെച്ച് കളിക്കാനും ഷോട്ടുകൾ ഉതിർക്കാനും ലില്ലിക്ക് കഴിഞ്ഞിരുന്നു. കൂടാതെ ടീമിന്റെ പ്രതിരോധത്തിലെ പിഴവും ലോസ്ക്കിനെതിരെ നടന്ന മത്സരത്തിൽ നന്നായി വെളിപ്പെട്ടിരുന്നു.

അതേസമയം മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞതോടെ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളുമായി 57 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.

ഫെബ്രുവരി 27ന് മാഴ്സലെക്കെതിരെയുള്ള ഡെർബി മത്സരമാണ് പി.എസ്.ജിക്ക് അടുത്തതായി കളിക്കാനുള്ളത്.

Content Highlights: Messi, Neymar and Mbappe scored goals and psg is leading in league table