രാജ്യത്തെക്കാളും വലുതാണ് മെസി; അർജന്റീനയെ പിന്തുണച്ച് ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുത്ത താരമടക്കം രംഗത്ത്
2022 FIFA World Cup
രാജ്യത്തെക്കാളും വലുതാണ് മെസി; അർജന്റീനയെ പിന്തുണച്ച് ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുത്ത താരമടക്കം രംഗത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th December 2022, 5:24 pm

ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.
ലുസൈൽ സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടത്തിൽ അർജന്റീന നേരിടുന്നത് നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെയാണ്.

കോപ്പ- ലോകകപ്പ് ജേതാക്കൾ തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്ന് തന്നെയായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോകകപ്പ് ഫുട്ബോളിൽ ഇനി രണ്ട് ടീമുകൾ മാത്രം അവശേഷിക്കെ ലോകമെങ്ങുമുള്ള ഭൂരിഭാഗം ഫുട്ബോൾ പ്രേമികളും ഇരു ചേരികളിലായി തിരിഞ്ഞ് രണ്ടിലൊരു ടീമിന് പ്രോത്സാഹനം നൽകുകയാണ്.

എന്നാലിപ്പോൾ തങ്ങളുടെ രാജ്യത്തെക്കാളും മെസിയോടുള്ള സ്നേഹത്തിന്റെ പേരിൽ അർജന്റീനയെ സപ്പോർട്ട് ചെയ്യുകയാണ് ഫ്രാൻസിന്റെ മുൻ ദേശീയ താരങ്ങൾ

ഫ്രാൻസിന് ആദ്യത്തെ ലോകകപ്പ് നേടിക്കൊടുത്ത 1998ലെ ലോകകപ്പ് ടീമിലെ അംഗമായിരുന്ന ഡേവിഡ് ട്രെസേഗട്ട് ആണ് ലോകകപ്പിൽ മെസിയെ പിന്തുണച്ച് രംഗത്ത് വന്ന ആദ്യ താരം.

ഫ്രാൻസിനായി 71 മത്സരങ്ങൾ കളിച്ച ഡേവിഡ് ട്രെസേഗട്ട് പകുതി അർജന്റീനക്കാരനാണ്. അദേഹത്തിന്റെ അമ്മ അർജന്റീനക്കാരിയാണ്. കൂടാതെ ബ്യൂണസ് ഐറസിലാണ് അദ്ദേഹം ജനിച്ചു വളർന്നത്.

” ഞാൻ ആവർത്തിച്ചുപറയുന്നു, മെസിയുടെ അവസാന ലോകകപ്പാണിത് എന്നത് വളരെ വിഷമകരമായ വസ്തുതയാണ്. ലിയോക്ക് ചാമ്പ്യൻ ആകാനുള്ള അർഹതയുണ്ട്. അദ്ദേഹത്തിന് തന്റെ ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കേണ്ടതുണ്ട്,’ ട്രെസേഗട്ട് പറഞ്ഞു.

കൂടാതെ മെസിയും എംബാപ്പെയും തമ്മിലുള്ള പോരാട്ടങ്ങളെ ക്കുറിച്ചും അദ്ദേഹം വാചാലനായി.
“ലിയോ തന്റെ കരിയറിന്റെ അവസാനത്തിലാണ്. എംബാപ്പെ കരിയർ ആരംഭിച്ചിട്ടെയുള്ളൂ. പി.എസ്.ജി യിൽ ഒരുമിച്ച് കളിക്കുമ്പോൾ അവർ നല്ലൊരു കോമ്പിനേഷനാണ്. എന്നാൽ അർജന്റീനക്കായി കളിക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു പുറമെ മുൻ ഫ്രാൻസ് താരമായ ആന്ദ്രേ പിയറി ഗിഗ്നാകും മെസി കിരീടം ഉയർത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു മുന്നോട്ട് വന്നിരുന്നു.“അർജന്റീനയിൽ ഉള്ളവർക്ക് മെസി കിരീടം നേടണമെന്ന ആഗ്രഹം ഉണ്ടായിരിക്കും.

ഞാൻ ഫ്രാൻസിൽ നിന്നുമാണ്. എനിക്കും മെസി കിരീടം നേടണമെന്നാണ് ആഗ്രഹം. കാരണം അദ്ദേഹം അതർഹിക്കുന്നു,’ ആന്ദ്രേ പറഞ്ഞു. 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലും 2014 യൂറോക്കപ്പിലും ഫ്രഞ്ച് ടീമിനായി ബൂട്ടണിഞ്ഞ താരമാണ് ആന്ദ്രേ പിയറി ഗിഗ്നാക്ക്.

എന്നാൽ അർജന്റീനയെ തോൽപ്പിക്കാൻ സാധിച്ചെങ്കിലും ഗ്രൂപ്പ്‌ ഘട്ടം കടക്കാൻ സൗദിക്ക് കഴിഞ്ഞില്ല. അർജന്റീനക്കൊപ്പം പോളണ്ടാണ് ഗ്രൂപ്പ്‌ സിയിൽ നിന്നും പ്രീ ക്വാർട്ടർ ഘട്ടം കടന്നത്.

അതേസമയം ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയിക്കാനായാൽ ഇറ്റലിക്കും ബ്രസീലിനും ശേഷം തുടർച്ചയായ രണ്ട് ലോകകിരീടം സ്വന്തമാക്കുന്ന ടീം എന്ന ബഹുമതി ഫ്രാൻസിന് സ്വന്തമാക്കാം. മത്സരത്തിൽ അർജന്റീന വിജയിച്ചാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം ലാറ്റിനമേരിക്കയിലേക്ക് ലോകകപ്പ് കിരീടം എത്തും.

2006ല്‍ ഫ്രാന്‍സ് ഫൈനലില്‍ ഇറ്റലിയോട് തോറ്റിരുന്നു. അര്‍ജന്റീന 2014ൽ ജർമനിയോടും ഫൈനൽ പോരാട്ടത്തിൽ കീഴടങ്ങി.

Content Highlights:Messi is bigger than the country; former french players support argentina