ഞങ്ങളോട് ക്ഷമിക്കൂ, അതിന് സാധിച്ചില്ല; ലോകകപ്പ് നേട്ടത്തിന് ശേഷം റൊസാരിയോ തെരുവിലെ ജനങ്ങളോട് മാപ്പുമായി മെസി
Sports News
ഞങ്ങളോട് ക്ഷമിക്കൂ, അതിന് സാധിച്ചില്ല; ലോകകപ്പ് നേട്ടത്തിന് ശേഷം റൊസാരിയോ തെരുവിലെ ജനങ്ങളോട് മാപ്പുമായി മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th December 2022, 12:38 pm

അര്‍ജന്റീനയുടെ ചരിത്രത്തിലേക്കായിരുന്നു ഗോണ്‍ലാസോ മൊണ്‍ടെയ്‌ലിന്റെ ഷോട്ട് പാഞ്ഞു കയറിയത്. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിനെ മറികടന്ന് ഷൂട്ടൗട്ടിലെ നാലാം ഷോട്ട് വലയിലെത്തിയപ്പോള്‍ നിറവേറിയത് ഒരു ജനതയുടെ സാക്ഷാത്കാരം കൂടിയായിരുന്നു.

ലോകകപ്പ് നേടിയതിന് ശേഷം ജന്മനാട്ടില്‍ വമ്പന്‍ സ്വീകരണമായിരുന്നു മെസിക്കും സംഘത്തിനും ലഭിച്ചത്. തുറന്ന ബസില്‍ ആരാധകരുടെ അഭിനന്ദനങ്ങളും സ്‌നേഹവുമേറ്റുവാങ്ങി താരങ്ങള്‍ കിരീട നേട്ടത്തിന്റെ സന്തോഷം അര്‍ജന്റൈന്‍ ജനതയുമായി പങ്കുവെച്ചു.

ലോകകപ്പ് നേടിക്കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷവും അര്‍ജന്റീനയിലും മെസിയുടെ ഹോം ടൗണായ റൊസാരിയോയിലും ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. ഇക്കാരണം കെണ്ടുതന്നെ മെസിക്ക് റൊസാരിയോ വിട്ട് പുറത്ത് പോകാനും സാധിച്ചിരുന്നില്ല.

 

 

ആഘോഷങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന വേളയില്‍ താരത്തെ ഓണറബിള്‍ സിറ്റിസണ്‍ (hounarable citizen) പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫ്യൂണ്‍സിലെ മേയറായ റോളി സാന്റാക്രോസിനെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

പുരസ്‌കാര നേട്ടത്തിന് പിന്നാലെ മെസി പരസ്യമായി മാപ്പു പറഞ്ഞിരിക്കുകയാണ്. ലോകകപ്പ് നേട്ടത്തിന് ശേഷം എല്ലാവരേയും കാണാന്‍ സാധിച്ചില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരം ക്ഷമാപണം നടത്തിയത്.

ഡെയ്‌ലി മെയ്‌ലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഫ്യൂണ്‍സിലെയും റൊസാരിയോയിലെയും എല്ലാവരോടും അവരുടെ സ്‌നേഹത്തിന് ആശംസകളും നന്ദിയും അറിയിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ എപ്പോഴും എനിക്ക് നല്‍കുന്ന ഈ സ്‌നേഹത്തിനും കരുതലിനും, പ്രത്യേകിച്ച് ലോകകപ്പിന് ശേഷം ഇവിടെയെത്തിയപ്പോള്‍ കാണിച്ച സ്‌നേഹത്തിന് നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ ദയവായി ഞങ്ങളോട് ക്ഷമിക്കൂ, കാരണം ഞങ്ങളിപ്പോള്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ്. അതുകൊണ്ട് നിങ്ങളെ എല്ലാവരേയും കാണുന്നത് ബുദ്ധിമുട്ടായിരിക്കും,’ മെസി പറഞ്ഞു.

1986ല്‍ ഇതിഹാസ താരം ഡിഗോ മറഡോണക്ക് ശേഷം ആദ്യമായാണ് ലാറ്റിന്‍ അമേരിക്കന്‍ വമ്പന്‍മാരുടെ കളിത്തട്ടകത്തിലേക്ക് ലോകകപ്പ് എത്തുന്നത്. 2014ല്‍ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട ലോകകപ്പ് വീണ്ടെടുത്തുകൊണ്ടായിരുന്നു മെസിയും സംഘവും ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയത്.

ലോകകപ്പ് നേട്ടത്തിന് പുറമെ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുത്തതും മെസിയെ തന്നെയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു താരം രണ്ട് വിവിധ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ കരസ്ഥമാക്കുന്നത്.

ഇതിന് പുറമെ ലോകകപ്പില്‍ അര്‍ജന്റീനക്കായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരം അസിസ്റ്റ് നല്‍കുന്ന താരം തുടങ്ങിയ വ്യക്തിഗത നേട്ടങ്ങളും മെസി സ്വന്തമാക്കിയിരുന്നു.

Content Highlight: Messi apologized to the people of Rosario for not being able to see everyone after the World Cup victory