എഡിറ്റര്‍
എഡിറ്റര്‍
മെര്‍സലിലെ ഒരു രംഗംപോലും വെട്ടിമാറ്റരുത്; അഭിപ്രായം പറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നത്: കമല്‍ഹാസന്‍
എഡിറ്റര്‍
Saturday 21st October 2017 9:59am

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ നയങ്ങളേയും പദ്ധതികളേയും വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ് ചിത്രമായ മെര്‍സലിലെ രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യത്തില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍.

മെര്‍സല്‍ സെര്‍ട്ടിഫൈ ചെയ്തതാണെന്നും അതുകൊണ്ട് തന്നെ ഇനി വീണ്ടും സെന്‍സര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും കമല്‍ ഹാസന്‍ പറയുന്നു.

സിനിമയ്ക്ക് എതിരായുള്ള ഇത്തരം വിമര്‍ശനങ്ങള്‍ക്ക് യുക്തിപരമായ പ്രതികരണമാണ് ആവശ്യം. വിമര്‍ശനത്തിന് മുന്നില്‍ മൗനം അരുത്.അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുകയുള്ളൂവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിക്കുന്നു.


Dont Miss ഒറിജിനലിനെ വെല്ലും വ്യാജന്‍; പുതിയ 500,2000 നോട്ടുകളുടെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്


സിനിമയില്‍ ജി.എസ്.ടിയും, ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയെല്ലാം വിജയിയുടെ കഥാപാത്രം വിമര്‍ശിക്കുന്നുമുണ്ട്. ഇതാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചത്.

ജി.എസ്.ടിയുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ മെര്‍സലിനും നടന്‍ വിജയ്ക്കും എതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു.

സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിട്ടിരുന്നു

തമിഴ്നാട്ടിലെ വിവിധ നേതാക്കളുടെ പ്രതികരണത്തിനു പുറമെ കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണനും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ചിത്രത്തിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരങ്ങള്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കരുതെന്നും കേന്ദ്ര മന്ത്രി പറയുന്നു. നേരത്തെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് സിനിമയിലെ ഇത്തരം പ്രസ്താവനയ്ക്ക് കാരണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എച്ച്.രാജ അഭിപ്രായപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്നാല്‍ ‘മെര്‍സലിനെ’ തിരെ പടയൊരുക്കം നടത്തിയ ബി.ജെ.പിക്ക് ചുട്ട മറുപടി നല്‍കി വിജയ് ആരാധകരും രംഗത്തെത്തിയിരുന്നു. മെര്‍സസില്‍ ബി.ജെ.പിയെ പ്രകോപിപ്പിച്ച അതേ ഡയലോഗുകള്‍ വിവിധ ഭാഷകളിലാക്കി തര്‍ജ്ജമ ചെയ്തുകൊണ്ട് വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ പ്രചരിപ്പിച്ചാണ് വിജയ് ഫാന്‍സ് തിരിച്ചടിച്ചത്.

‘7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ’ എന്ന മെര്‍സലിലെ ഡയലോഗ് ഇതിനകം തന്നെ സോഷ്യല്‍മീഡിയകളില്‍ ഹിറ്റ് ആയിക്കഴിഞ്ഞു.

‘കോടികള്‍ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം’ എന്ന ഡയലോഗും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. മെര്‍സലിനു പുറമേ വിജയ് ചിത്രമായ കത്തിയിലെ ഡയലോഗും ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്.

‘പലരും ചോദിക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഓണ്‍സ്‌ക്രീനിലും, ഓഫ് സ്‌ക്രീനിലും ചങ്കൂറ്റത്തേടെ പറയാന്‍ കാണിക്കുന്ന ആ മനസ്സിന് ഹാറ്റ്സ് ഓഫ് ”രക്ഷകന്‍” ഇളയ ദളപതി വിജയ് ‘ എന്നു പറഞ്ഞുകൊണ്ടാണ് വിജയ് ചിത്രത്തിലെ സാമൂഹ്യവിമര്‍ശനങ്ങള്‍ ആരാധകര്‍ പ്രചരിപ്പിക്കുന്നത്.

Advertisement