എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട്ടെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Tuesday 2nd October 2012 12:30am

കോഴിക്കോട്: നഗരത്തിലെ പ്രമുഖ വ്യാപാരിയും ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയുമായ നസീര്‍ അഹമ്മദ് കൊല്ലപ്പെട്ട കേസില്‍ അഞ്ച് പേരെ അറസ്റ്റുചെയ്തു.

നിലമ്പൂരിനടുത്ത മമ്പാട് സ്വദേശികളായ പൊങ്ങല്ലൂര്‍ വലിയ പീടികേക്കല്‍ നിസാം, പുള്ളിപ്പാടം കറുകമണ്ണയിലെ പള്ളിപ്പറമ്പില്‍ ഷിഹാബ്(30), കുന്നുമ്പുറത്ത് സുമേഷ് (24), നടുവക്കാട് കാക്കപ്പാറ ഷബീര്‍ (27), നടുവക്കാട് കിഴക്കേ തൊടിക ഷരീഫ് എന്ന നാണി (29) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച വൈകിട്ട് അറസ്റ്റുചെയ്തത്. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപം പഴയ കാറുകള്‍ വില്‍ക്കുന്ന നിസാമാണ് കൊലപാതകത്തിന്റെ ആസൂത്രകന്‍.

Ads By Google

നിസാമിന്റെ ബന്ധുവായ ചേവായൂരിലെ ഒരു സ്ത്രീയുമായി നസീര്‍ അഹമ്മദിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നസീറിനെ കൊല്ലാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും താക്കീത് ചെയ്ത് വിടാനായിരുന്നു പദ്ധതിയെന്നുമാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. മര്‍ദനത്തിനിടെ ബഹളം വെച്ചതിനാല്‍ തോര്‍ത്ത്മുണ്ടുകൊണ്ട് മുഖം പൊത്തിയപ്പോള്‍ അബദ്ധത്തില്‍ മരണം സംഭവിക്കുകയായിരുന്നു.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സ്ഥാനാരോഹണച്ചടങ്ങ് കഴിഞ്ഞ് നസീര്‍ ചേവായൂരിലെ വീട്ടില്‍ വരുന്നുണ്ടെന്നറിഞ്ഞ് ഇവര്‍ അഞ്ചുപേരും അവിടെ കാത്തുനിന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇദ്ദേഹം വീട്ടില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ബഹളം കേട്ട് സമീപവാസികള്‍ ഉണര്‍ന്നപ്പോള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മലാപ്പറമ്പ് ബൈപ്പാസിന് സമീപത്തെ പാച്ചാക്കില്‍ കൊണ്ടുപോയി മൃതദേഹം തള്ളിയത്. നിസാമിന്റെ വാനാണ് പ്രതികള്‍ ഉപയോഗിച്ചത്. നസീറിന്റെ കാറില്‍ അസഭ്യം എഴുതി വെച്ചതും നിസാമാണ്.

നാലുപേര്‍ക്കും നിസാം പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ക്വട്ടേഷന്‍ ഏര്‍പ്പാടല്ല എന്നാണ് പോലീസ് പറയുന്നത്. അഞ്ഞൂറ് രൂപയാണ് ഇവര്‍ക്ക് നല്‍കിയത്. മണല്‍ത്തൊഴിലാളികളും ഡ്രൈവര്‍മാരുമൊക്കെയായ നാലുപേരും നിസാമിന്റെ സുഹൃത്തുക്കളാണ്. ഇവര്‍ നിലമ്പൂര്‍ സ്‌റ്റേഷനില്‍ തിങ്കളാഴ്ച കീഴടങ്ങുകയായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് നിസാമിനെ കോഴിക്കോട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളുടെ പങ്കിനെക്കുറിച്ച് നേരത്തേ സൂചനയുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ചേവായൂരിലെ മൊബൈല്‍ ടവറുകള്‍ വഴി വന്ന കോളുകള്‍ പരിശോധിച്ചാണ് നിസാം ചേവായൂരില്‍ ഉണ്ടായിരുന്നെന്ന് ഉറപ്പിച്ചത്. നസീറിനെ ഭീഷണിപ്പെടുത്താന്‍ സുഹൃത്തുക്കളുമായി പത്തുതവണ നിസാം ചേവായൂരില്‍ എത്തിയിരുന്നു.

Advertisement