സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പുരുഷന്മാര്‍ ബോധവാന്മാരായിരിക്കണം: പാര്‍വതി തിരുവോത്ത്
Kerala News
സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പുരുഷന്മാര്‍ ബോധവാന്മാരായിരിക്കണം: പാര്‍വതി തിരുവോത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th March 2022, 7:54 am

കൊച്ചി: ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ കുറിച്ച് പുരുഷന്മാര്‍ ബോധാവാന്മാരായിരിക്കണമെന്ന് പാര്‍വതി തിരുവോത്ത്. പുരുഷന്മാര്‍ നല്ല ശ്രതാക്കളായിരിക്കണമെന്നും പാര്‍വതി പറഞ്ഞു.

ഹൈബി ഈഡന്‍ എം.പിയുടെ നേതൃത്വത്തില്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ മെന്‍സ്ട്രല്‍ കപ്പ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാര്‍വതി.

ആര്‍ത്തവ ശുചിത്വ രംഗത്ത് സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞു.

‘ആര്‍ത്തവ സമയത്തും ജോലിസ്ഥലത്തും സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് പുരുഷന്മാര്‍ നല്ല ശ്രോതാക്കളായി മാറണം. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന മിക്ക പ്രശ്നങ്ങള്‍ക്കും ഒരു പരിധിവരെ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം ഒരു പരിഹാരമാകും,’ പാര്‍വതി പറയുന്നു.

കൊച്ചി ഐ.എം.എയും ഗ്രീന്‍ കൊച്ചി മിഷനും മറ്റ് വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

പദ്ധതി വേള്‍ഡ് റെക്കോര്‍ഡാവുമെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.

‘ഈ കാമ്പെയ്നിലൂടെ ഞങ്ങള്‍ ഒരു ലക്ഷം സ്ത്രീകള്‍ക്ക് സൗജന്യമായി ആര്‍ത്തവ കപ്പുകള്‍ വിതരണം ചെയ്യും, ഇത് ഒരു ലോക റെക്കോര്‍ഡായിരിക്കും,’ ഈഡന്‍ പറഞ്ഞു.

മുന്‍ അംബാസിഡര്‍ ഡോ. വേണു രാജമണിയും പരിപാടിയുടെ ഭാഗമായിരുന്നു.


Content Highlights: Men must become good listeners, be aware of menstrual issues: Parvathy Thiruvothu