പുഴകള്‍ ഒഴുകട്ടെ... ലതേച്ചിയുടെ ഓര്‍മ്മകളില്‍
Environment
പുഴകള്‍ ഒഴുകട്ടെ... ലതേച്ചിയുടെ ഓര്‍മ്മകളില്‍
ശബ്‌ന
Tuesday, 28th May 2019, 6:23 pm

ശബ്‌ന

ഡോ. ലത. പരിസ്ഥിതി കേരളത്തിന് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത പേരാണ്. അതോടൊപ്പം പരിസ്ഥിതിയെ കീറിമുറിച്ച് വികസനം മാത്രം സ്വപ്‌നം കാണുന്നവര്‍ക്കും. പുഴയെ അതിന്റെ ആഴത്തേക്കാളേറെ സ്‌നേഹിക്കുകയും അവയ്ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുകയും ചെയ്ത ഡോ. ലത, പരിസ്ഥിതി പ്രവര്‍ത്തകരുടെ ലതേച്ചി ഇല്ലാത്ത ഒന്നര വര്‍ഷമാണ് കടന്നുപോയത്. പുഴയെക്കുറിച്ച് ലതയേക്കാള്‍ അറിവുള്ളവര്‍ ഉണ്ടായേക്കാം. പക്ഷെ ഇത്രയും അഗാധമായി പുഴയെ സ്നേഹിച്ചവര്‍ അധികമുണ്ടാവില്ല.

വര്‍ഷങ്ങളോളം മാറി മാറി ഭരിച്ച സര്‍ക്കാരുകളും കെ.എസ്.ഇ.ബിയും എത്ര ശ്രമിച്ചിട്ടും അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം ലതേച്ചി അടക്കമുള്ളവരുടെ പ്രതിരോധമായിരുന്നു.

ചാലക്കുടിപ്പുഴയുടെ മനോഹരവും ജീവദായകവുമായ ഒഴുക്കിനെ ഇല്ലാതാക്കിത്തീര്‍ക്കാന്‍ കാരണമാകുന്ന അണക്കെട്ടിനെ ചെറുത്തുകൊണ്ട് തുടങ്ങിയതായിരുന്നു ഒഴുകുന്ന പുഴകള്‍ക്കായുള്ള ഡോ.ലത അനന്തയുടെ നിതാന്തപരിശ്രമം. ആ ശ്രമം ദേശീയ-അന്തര്‍ദ്ദേശീയതലങ്ങളില്‍ പുഴയൊഴുക്കിനെക്കുറിച്ച് ശാസ്ത്രീയമായും ഭാവനാത്മകമായുമെല്ലാം സംസാരിക്കാന്‍ കഴിയുന്ന, പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു വിദഗ്ദ്ധയായി ലതേച്ചിയെ മാറ്റിയിരുന്നു. പുഴ ഏതു പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി ഒഴുകാന്‍ വഴി കണ്ടെത്തിക്കൊണ്ടിരിക്കുന്നതുപോലെ ലതേച്ചിയും മുന്നോട്ടൊഴുകാന്‍ പുഴയെത്തന്നെ മാതൃകയാക്കുകയായിരുന്നു.

സഹപ്രവര്‍ത്തകരായ ഞങ്ങളിലേക്കും ആശയവിനിമയം നടത്തുന്ന ഓരോരുത്തരിലേക്കും പുഴയൊഴുക്കിന്റെ ഊര്‍ജ്ജം പ്രസരിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ലതേച്ചി ഇല്ല എന്നത് മനസ്സ് പതുക്കെ അംഗീകരിച്ചുവരുന്നതേയുള്ളൂ. സ്നേഹത്തോടെ ശകാരിച്ചുകൊണ്ട് ഒല്ലൂരിലെ വീട്ടില്‍, ചാലക്കുടിയിലെ ഓഫീസിലൊക്കെ ലതേച്ചിയുണ്ടെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം.

2018 നവംബര്‍ 16ന് ലതേച്ചി നമ്മളെയൊക്കെ വിട്ടുപിരിഞ്ഞ് പോയിട്ട് ഒരു വര്‍ഷം തികയുന്ന ദിവസം തൃശൂര്‍ സംഗീതനാടക അക്കാദമിയില്‍ കേരളത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പുഴസംരക്ഷകപ്രവര്‍ത്തകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാഷ്ട്രീയ-സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ‘ഫ്രണ്ട്സ് ഓഫ് ലത’ എന്ന പേരില്‍ ഒത്തുചേര്‍ന്നു. കേരളക്കരയെ വിഴുങ്ങിയ പ്രളയത്തിനുശേഷം നാം പുഴകളെയും പുഴത്തടങ്ങളെയും സമീപിക്കേണ്ടതെങ്ങനെയെന്നതായിരുന്നു ദ്വിദിന ശില്പശാലയുടെ പ്രധാനപ്രതിപാദ്യം.

രോഗബാധിതയായിരുന്നപ്പോള്‍ പോലും തന്റെ ബാക്കിയുള്ള ഊര്‍ജ്ജവും പുഴകളിലെ പാരിസ്ഥിതിക നീരൊഴുക്കിനെക്കുറിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ചെലവഴിച്ച ലതേച്ചിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. ലതേച്ചിയുടെ സ്‌കൂള്‍-കോളേജ് സഹപാഠികളടക്കം നിരവധി സുഹൃത്തുക്കള്‍ ലതേച്ചിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചത് ഒരിക്കലും മറക്കാനാകില്ല. ലതേച്ചിയുടെ കൂടി പ്രചോദനവും പിന്തുണയും കൊണ്ട് വളര്‍ന്നുവന്ന ഉണ്ണിക്കൃഷ്ണപാക്കനാരുടെ മുള ബാന്റിന്റെ സംഗീതസന്ധ്യയും അവിസ്മരണീയമായ ആദരാഞ്ജലി ആയി മാറി.

പ്രളയത്തെത്തുടര്‍ന്ന് ശില്പശാലയ്ക്ക് മുമ്പ് നടക്കേണ്ടിയിരുന്ന ‘ഒഴുകണം പുഴകള്‍’ എന്ന രണ്ട് മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളടങ്ങിയ ക്യാംപെയ്ന്‍ അതിനാല്‍ത്തന്നെ പിന്നീട് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. വിവിധ പുഴത്തടങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ കേന്ദ്രീകരിച്ച് സെമിനാറുകള്‍, ചര്‍ച്ചകള്‍, പുഴസംരക്ഷണപ്രവര്‍ത്തനങ്ങള്‍, ബോധവല്കരണപ്രവര്‍ത്തനങ്ങള്‍, കലാസാസംസ്‌കാരികസംഗമങ്ങള്‍, പ്രദര്‍ശനങ്ങള്‍ അങ്ങനെ നിരവധി പരിപാടികള്‍ കേരളമൊട്ടുക്ക് പുഴ എന്ന ആശയത്തില്‍ നടത്തുക എന്നതായിരുന്നു ഉദ്ദേശം.

ചില പ്രായോഗികബുദ്ധിമുട്ടുകള്‍ കാരണം ജനുവരിയിലായിരുന്നു ക്യാംപെയ്ന്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. ജനുവരി 22ന് പാലാ അല്‍ഫോന്‍സാ കോളേജില്‍ വെച്ച് കവി പി.മധുസൂദനന്‍ നായര്‍ ‘ഒഴുകണം പുഴകള്‍’ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു. ആസ്വാദ്യകരമായ തന്റെ ആലാപനമാധുരിയില്‍ നെയ്യാറിനെക്കുറിച്ചെഴുതിയ കവിത ആലപിച്ചുകൊണ്ട് അദ്ദേഹം പുഴകളുടെ ഇന്നത്തെ അവസ്ഥയില്‍ സങ്കടം പ്രകടിപ്പിച്ചു.

ശക്തമായ ജനകീയ ചെറുത്തുനില്‍പ്പുകളിലൂടെ പുഴകള്‍ക്ക് മേലുള്ള കടന്നുകയറ്റങ്ങള്‍ എതിര്‍ക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ മുന്‍കൈയിലാണ് ഈ ഉദ്ഘാടനപരിപാടി സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയില്‍ വെച്ച് അല്‍ഫോന്‍സാ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച മാതൃകാനിയമസഭയില്‍ പരിസ്ഥിതിയും പുഴയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ശ്രദ്ധേയമായി.

അതാത് സ്ഥലങ്ങളില്‍ പ്രാദേശികമായി പുഴപരിപാടികള്‍ സംഘടിപ്പിക്കുക എന്ന തരത്തിലായിരുന്നു ക്യാംപെയ്ന്‍ ആസൂത്രണം ചെയ്തത്. ചാലക്കുടിപ്പുഴത്തടത്തിലും ഇതോടനുബന്ധിച്ച് പല പരിപാടികളും നടന്നു. ‘ഒഴുകുന്ന പുഴകള്‍’ എന്ന പേരില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പുഴയോടനുബന്ധിച്ച നിരവധി വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കപ്പെട്ടു.

ചാലക്കുടി ടൗണ്‍ഹാളില്‍ വെച്ച് നടന്ന പ്രദര്‍ശനം എം.പി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ലതേച്ചിയോട് ഏറെ സൗഹൃദമുണ്ടായിരുന്ന അദ്ദേഹം ഇത്തരത്തിലുള്ള പരിപാടികളും പുഴകളെ കാത്തുരക്ഷിക്കാനുള്ള നിരന്തര ഇടപെടലുകളുമാണ് ലതയ്ക്കുള്ള ആദരമെന്ന് സൂചിപ്പിച്ചു. മൂന്ന് ദിവസം നീണ്ട പ്രദര്‍ശനം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. വിവിധ മത്സ്യബന്ധനോപാധികള്‍, പുഴച്ചിത്രങ്ങള്‍, പോസ്റ്ററുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരുന്നു.

ഒരു നല്ല ചിത്രകാരികൂടിയായിരുന്ന ലതേച്ചിയുടെ ഓര്‍മ്മകളില്‍ ഫ്രണ്ട്സ് ഓഫ് ലത, ട്രീ വാക്ക്-തിരുവനന്തപുരം, ഇന്‍ഡസ് സൈക്ലിംഗ് എംബസ്സി, നീര്‍ത്തടാകം എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വെള്ളായനി കായലിനു ചുറ്റുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ജലം എന്ന വിഷയത്തില്‍ ‘ജലരേഖകള്‍’ പെയിന്റിംഗ് മത്സരവും നടന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.

തുടര്‍ന്ന് തണ്ണീര്‍ത്തടദിനത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികള്‍ ഈ ക്യാംപെയ്നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കൈകോര്‍ത്തുവെന്നത് ലതേച്ചിയോടുള്ള സ്നേഹവും ആദരവുമായി. കോള്‍ ബേര്‍ഡേഴ്സ്, കുഫോസ്, കോളേജ് ഓഫ് ഫോറസ്ട്രി എന്നിവര്‍ സംഘടിപ്പിച്ച കോള്‍മത്സ്യസര്‍വ്വേയില്‍ നമ്മളും പങ്കാളികളായി. സര്‍വ്വേയില്‍ 82 ഇനം ശുദ്ധജലമത്സ്യങ്ങളെ രേഖപ്പെടുത്താനായി. ലോകതണ്ണീര്‍ത്തടദിനത്തില്‍ തൃശൂര്‍ ഫോറസ്ട്രി കോളേജില്‍ വെച്ച് തണ്ണീര്‍ത്തടങ്ങളെക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.

തണ്ണീര്‍ത്തടങ്ങളുടെ അവസ്ഥ, നമ്മുടെ തണ്ണീര്‍ത്തടങ്ങളിലെ ശുദ്ധജലമത്സ്യസമ്പത്ത്, മലിനീകരണം നിയന്ത്രിക്കുന്നതില്‍ കണ്ടല്‍ക്കാടുകളുടെ പങ്ക്, കാലാവസ്ഥാവ്യതിയാനവും തണ്ണീര്‍ത്തടങ്ങളും, തണ്ണീര്‍ത്തടങ്ങളും തുമ്പികളും എന്നീ വിഷയങ്ങളില്‍ വിവിധ വിദഗ്ദ്ധര്‍ അവതരണം നടത്തി. പുഴകള്‍ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളിലൊന്ന് എന്ന നിലയ്ക്ക് തണ്ണീര്‍ത്തടങ്ങളെ സംബന്ധിച്ച പരിപാടികള്‍ ക്യാംപെയ്ന് മുതല്‍ക്കൂട്ടായി.

അതേദിവസം തന്നെ തിരുവനന്തപുരത്ത് വെള്ളായനി കായല്‍ ശുചീകരണയജ്ഞം (സേവ് വെള്ളായനി) സമാപിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടികളിലും ‘ഒഴുകണം പുഴകള്‍’ ക്യാംപെയ്ന്‍ പങ്കാളികളായി. ജലരേഖകള്‍ പെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള പാരിതോഷികങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും നദികളും ശുദ്ധജലതടാകങ്ങളും സംരക്ഷിക്കുമെന്ന ജലസുരക്ഷാപ്രതിജ്ഞയെടുത്തു.

ഒഴുകണം പുഴകള്‍ ക്യാംപെയ്നോടനുബന്ധിച്ച് ചാലക്കുടിപ്പുഴത്തടത്തിലെ വിവിധ പൊതുഇടങ്ങളില്‍ പ്രചരണാര്‍ത്ഥം ചുവര്‍ചിത്രരചനയും (ഗ്രാഫിറ്റി) നടന്നു. ഗണേശ് അഞ്ചലിന്റെ നേതൃത്വത്തില്‍ നടന്ന ഗ്രാഫിറ്റിയില്‍ ചാലക്കുടിയില്‍ നിന്നുള്ള വിവിധ കലാകാരന്മാരും പങ്കുചേര്‍ന്നു. പുഴയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഒറ്റനോട്ടത്തില്‍ത്തന്നെ ആളുകളുടെ മനസ്സില്‍പ്പതിയുംവണ്ണമാണ് ഈ കലാകാരന്മാര്‍ ചുമരുകളില്‍ നിറം ചാലിച്ചത്.

കബനീനദീതടത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ക്യാംപെയ്നിലെ മറ്റൊരു പ്രധാന പരിപാടിയായിരുന്നു. പ്രളയസമയത്ത് ബാണാസുര അണക്കെട്ട് നിയന്ത്രിക്കുന്നതിലുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും അടുത്ത മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടുമായിരുന്നു അണക്കെട്ടിനു താഴെ ജീവിക്കുന്ന എല്ലാവരും വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടിയില്‍ പങ്കെടുത്തത്. ഇക്കാര്യങ്ങളില്‍ തുടര്‍ച്ച ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.

മുല്ലപ്പെരിയാര്‍ സംരക്ഷണസമിതിയിലെ അംഗമായ ഫാദര്‍ റോബിന്‍ ഈ രംഗത്ത് ഏറെ സജീവമാകുന്നത് ലതേച്ചിയുടെ പ്രോത്സാഹനം കൊണ്ടാണെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. കുട്ടിക്കാനത്തെ മരിയന്‍ കോളേജില്‍ സോഷ്യല്‍ വര്‍ക്ക് അധ്യാപകനായ അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളോടൊപ്പം വ്യത്യസ്തമായ പരിപാടികളോടെ ക്യാംപെയ്ന്റെ ഭാഗമായി. ഫ്ളാഷ്മോബ്, വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ഇ-പോസ്റ്റര്‍ മത്സരം, അഴുതയാറ്റില്‍ കുട്ടികളോടൊപ്പമുള്ള പുഴനടത്തവും ശുചീകരണവും, പുഴകളും മനുഷ്യരും എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു.

ചിറ്റൂരില്‍ ശോകനാശിനിയുടെ തീരത്ത് പുഴയ്ക്കായി ഒത്തുചേര്‍ന്നത് ഒരു കൂട്ടം സാംസ്‌കാരികപ്രവര്‍ത്തകരാണ്. കഴിഞ്ഞ വര്‍ഷം പൊതുജനശ്രമത്താല്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട കൈവഴിയുടെ തീരത്ത് അവരെല്ലാവരും വീണ്ടും കണ്ടുമുട്ടി. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായി മുഖ്യ അതിഥിയായിരുന്ന സായാഹ്നസംഗമത്തില്‍ റഫീഖ് അഹമ്മദ്, പി.എന്‍ ഗോപീകൃഷ്ണന്‍, പി.രാമന്‍, ജ്യോതിബായി പരിയാടത്ത്, അന്‍വര്‍ അലി എന്നിവര്‍ പുഴകളെക്കുറിച്ച് അവരെഴുതിയ കവിതകള്‍ ചൊല്ലിയത് ഏറെ ആസ്വാദ്യകരമായി. പാലക്കാട് മെഹ്ഫില്‍ ഗ്രൂപ്പിന്റെ ഗസലുകളും ആ രാവിനെ സംഗീതസാന്ദ്രമാക്കി.

സമാനമായ സംഗീതസന്ധ്യകള്‍ ചാലക്കുടിപ്പുഴത്തടത്തിലെ ആറങ്ങാലി മണപ്പുറത്തും മൂഴിക്കുളം ശാലയിലും നടന്നു. ആറങ്ങാലിയിലെ ‘പാട്ടും പുഴയും നിലാവും’ എന്ന പരിപാടിയില്‍ സിതാറും മൃദംഗവും ഗിറ്റാറും പുഴപ്പാട്ടുകളും നാടന്‍പാട്ടുമെല്ലാം നിലാവെളിച്ചത്തിലെ പുഴയോളങ്ങളില്‍ അലയൊലികള്‍ തീര്‍ത്തു. മൂഴിക്കുളം ശാലയിലും കവിതകളും പാട്ടുകളുമായി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ക്യാപെയ്ന്റെ ഭാഗമായി ഒത്തുചേര്‍ന്നു. സംഗീതത്തെയും പുഴയെപ്പോലെ സ്നേഹിച്ച ലതേച്ചിയ്ക്ക് അങ്ങനെ സംഗീതപ്രണാമവും തീര്‍ക്കാനായി എന്നത് സന്തോഷത്തോടെ ഓര്‍ക്കുകയാണ്.

സ്ത്രീകള്‍ എല്ലാ രംഗത്തും മുന്നോട്ടുവരണമെന്ന് ലതേച്ചി എന്നും ആഗ്രഹിച്ചിരുന്നു. അതിനായി ഞാനടക്കമുള്ള ധാരാളം സ്ത്രീ സൗഹൃദങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. ക്യാംപെയ്ന്റെ ഭാഗമായി അന്താരാഷ്ട്രവനിതാദിനത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ പ്രഭാഷണത്തിനായി ഒത്തുചേര്‍ന്നപ്പോള്‍ കാര്‍ഷികസര്‍വ്വകലാശാലയിലെ ഇന്ദിരാദേവി ടീച്ചറും ഈ സന്തോഷം തന്നെയാണ് പങ്കുവെച്ചത്. എല്ലാ വനിതാദിനത്തിലും നമുക്ക് ലതയെ ഓര്‍ക്കാന്‍ ഒത്തുചേരാമെന്ന്. പുഴകളുടെ സംരക്ഷണത്തിന് പശ്ചിമഘട്ടവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന വ്യക്തമായ ധാരണ ലതേച്ചിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുണ്ടായിരുന്നു.

അങ്ങനെ തന്നെയാണ് ലതേച്ചി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പറഞ്ഞുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം ക്യാംപെയ്ന്‍ നടത്തി പൊതുജനങ്ങളോട് സംവദിക്കാനിടയായത്. മാധവ് ഗാഡ്ഗില്‍ തന്റെ പ്രഭാഷണത്തില്‍ സൈലന്റ് വാലി മുതല്‍ പ്ലാച്ചിമട വരെ കേരളത്തില്‍ നടന്ന പരിസ്ഥിതി സമരങ്ങളെയും മുന്നേറ്റങ്ങളെയും അദ്ദേഹം ഓര്‍ത്തു. റിപ്പോര്‍ട്ടില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ പ്രളയം ഇത്രയും ആഘാതമേല്‍പ്പിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുഴകളില്‍ പാരിസ്ഥിതിക നീരൊഴുക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണെന്നത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കൂള്‍സ് ഫോര്‍ റിവര്‍ പരിസ്ഥിതി പരിപാടിയുടെ ഭാഗമായി ചാലക്കുടിപ്പുഴത്തടത്തിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വീഡിയോ-പോസ്റ്റര്‍ പ്രദര്‍ശനങ്ങളും നടന്നു. പുഴയുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളിലേക്കുള്ള നിരീക്ഷണയാത്രകളും പുഴനടത്തങ്ങളും ക്യാപെയ്ന്റെ ഭാഗമായി നടന്നു. ആറങ്ങാലിയില്‍ നടന്ന പുഴനടത്തത്തില്‍ കുട്ടികള്‍ പുഴക്കരയിലിരുന്ന് പാട്ടുകള്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്തത് തികച്ചും സ്വാഭാവികമായിട്ടായിരുന്നു. യുവജനങ്ങള്‍ക്കായി നടന്ന എഴുത്തകം ക്യാംപിന്റെ ഭാഗമായി നടന്ന പുഴനടത്തത്തില്‍ അവര്‍ തീര്‍ത്ത പ്രകൃതിദത്ത ഇന്‍സ്റ്റലേഷനുകളും പോസ്റ്ററുകളും ക്യാംപെയ്നിനെ കൂടുതല്‍ വ്യത്യസ്തമാക്കി. ഇതുകൂടാതെ ലതേച്ചി പഠിച്ചിരുന്ന തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് വിദ്യാ തൊടുപുഴയ്ക്കടുത്തുള്ള തൊമ്മന്‍കുത്തിലും ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും കേരളാവനംവകുപ്പും പങ്കുചേര്‍ന്ന ക്യാംപെയ്ന്‍ പരിപാടികള്‍ നടന്നു. സി.ആര്‍ നീലകണ്ഠന്‍ മുഖ്യപ്രഭാഷകനായിരുന്ന പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുഴനടത്തവും പോസ്റ്റര്‍-ഉപന്യാസരചനാ മത്സരവും നടത്തി.

തൊമ്മന്‍കുത്തിലേക്ക് പ്രദേശവാസികള്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട കാല്‍നടജാഥയും ഉണ്ടായിരുന്നു. പുഴയോരത്തെ പാറകളില്‍ തന്നെയിരുന്ന് മുഖ്യപ്രഭാഷണം കേള്‍ക്കാന്‍ കഴിഞ്ഞത് എല്ലാവര്‍ക്കും നവ്യാനുഭവമായി. അന്താരാഷ്ട്രജലദിനത്തിന്റെ പിറ്റേ ദിവസമാണ് രണ്ട് മാസത്തെ ക്യാംപെയ്ന് പെരിയാറിലെ ഏലൂരിനടുത്തുള്ള പാതാളം ബണ്ടില്‍ സമാപനമായത്.

കേരളാ റിവര്‍ സമ്മിറ്റ് ആയി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പുഴകള്‍ക്ക് വേണ്ടി ഒരു സമഗ്രനയം (River, River basin & River Rejuvenation Policy for Kerala 2019) അവതരിപ്പിക്കപ്പെട്ടു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജല-നദീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രവര്‍ത്തകര്‍ ഒത്തുചേരുകയും നദീനയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. വി.കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്ത റിവര്‍ സമ്മിറ്റില്‍ നിരവധി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.

നദീനയത്തെക്കുറിച്ച് ഇനിയും ചര്‍ച്ചകള്‍ നടത്തി നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ കൃത്യമാക്കിക്കൊണ്ട് ഗവണ്‍മെന്റിനെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ക്യാംപെയ്ന്‍ ഇവിടെ അവസാനിക്കുന്നില്ല. ഒരു വലിയ ക്യാംപെയ്ന്‍ ആയി ഇതിനെ വികസിപ്പിക്കാന്‍ പല പരിമിതികളും കാരണം കഴിഞ്ഞിട്ടില്ല. കൂടുതല്‍ പ്രവര്‍ത്തനോന്മുഖമായ നിരവധി പരിപാടികള്‍ തുടര്‍ച്ചയായി നടക്കേണ്ടതുണ്ട്. പുഴയോരങ്ങളും പുഴകളും പുനരുജ്ജൂവിപ്പിക്കാന്‍ നാടിന്റെ നാനാകോണില്‍ നിന്നും ആളുകള്‍ മുന്നോട്ടുവരണം. അവരവരുടെ പുഴകളെയും പുഴത്തടങ്ങളെയും കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കണം. തന്റേതുകൂടിയാണെന്ന ഉത്തരവാദിത്തബോധം കൂടി വളര്‍ന്നാലേ നമുക്ക് പ്രകൃതിസമ്പത്തുകളെ സംരക്ഷിക്കാനാകൂ.

പുതിയ ഗ്രൂപ്പുകളിലേക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം. പുഴയോരങ്ങളിലെ ജൈവസമ്പത്ത് നട്ടുപരിപാലിക്കണം, പുഴകൈയ്യേറ്റം തടയണം, അനധികൃത മണല്‍വാരല്‍ റിപ്പോര്‍ട്ട് ചെയ്യണം, മണപ്പുറങ്ങളില്‍ കൂടിയിരിക്കണം, വലിയ അണക്കെട്ടുകളെ ശക്തമായി തടയണം, ശുദ്ധജലജൈവസമ്പത്ത് നിലനിര്‍ത്തണം, നിറംമാറിയൊഴുകാത്ത പുഴകള്‍ വേണം….ഏറ്റവും പ്രധാനമായി കാട് മുതല്‍ കടല്‍ വരെ എല്ലാക്കാലത്തും ഒഴുക്കുള്ള പുഴകള്‍ നിലനിര്‍ത്താന്‍ നമുക്കാകണം. കാടര്‍ മുതല്‍ കടലോരം വരെയുള്ള ആളുകളെ ബന്ധിപ്പിച്ച് പുഴയൊഴുക്ക് നിലനിര്‍ത്താന്‍ ജീവിതാന്ത്യം വരെ പരിശ്രമിച്ച ലതേച്ചിയുടെ പ്രവര്‍ത്തനപാരമ്പര്യം ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ തന്നെയാണ് നിലനില്‍ക്കേണ്ടത്.

ഈ ക്യാംപെയ്ന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ലതയുടെ ഭാഗമായി എല്ലായിടത്തും പ്രവര്‍ത്തിച്ച എല്ലാ സുഹൃത്തുക്കളെയും നന്ദിയോടെ ഓര്‍ക്കുന്നു. പ്രസരിപ്പോടെ പ്രവര്‍ത്തിച്ചിരുന്ന ലതേച്ചിയുടെ ഓര്‍മ്മകളുടെ ഊര്‍ജ്ജം നമ്മെ എല്ലാവരെയും ഇനിയും ഒരുമിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ പുഴകള്‍ സ്വതന്ത്രമായി ഒഴുകട്ടെ.

WATCH THIS VIDEO: