കശ്മീരില്‍ സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാണോ മെഹ്ബൂബയെ വീട്ടുതടങ്കലിലാക്കിയത്; കേന്ദ്ര വാദത്തിനെതിരെ ചിദംബരം
national news
കശ്മീരില്‍ സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാണോ മെഹ്ബൂബയെ വീട്ടുതടങ്കലിലാക്കിയത്; കേന്ദ്ര വാദത്തിനെതിരെ ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th August 2023, 3:43 pm

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചുവെന്ന സര്‍ക്കാരിന്റെ വാദത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബംരം. ഇന്ത്യയില്‍ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നത് ജമ്മു കശ്മീരിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ചരിത്രപരമാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ മാറ്റം ജമ്മു കശ്മീരിലെ സാധാരണക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാമെന്നതാണെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും അഭിപ്രായപ്പെട്ടു. അതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സംസ്ഥാനത്ത് സമാധാനം വന്നെന്ന് പറഞ്ഞ് സര്‍ക്കാരും ഗവര്‍ണറും ആഘോഷിക്കുകയാണ്.

ശവക്കുഴിയിലെ സമാധാനവും അടിമയുടെ നിശബ്ദതയും എന്ന പ്രസിഡന്റ് കെന്നഡിയുടെ വാക്കുകളാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.

ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്. എന്തിനാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെയും ഓഫീസുകള്‍ സീല്‍ ചെയ്തത്.

ഇന്ത്യ മുഴുവനും സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണ്. എന്നാല്‍ ഏറ്റവും അടിച്ചമര്‍ത്തല്‍ നടക്കുന്നത് ജമ്മു കശ്മീരിലാണ്,’ ചിദംബംരം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷിക ദിനമായ കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെയും രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കിലിലാക്കിയിരുന്നു. പി.ഡി.പി പ്രവര്‍ത്തകര്‍ സെമിനാര്‍ നടത്താന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ അധികാരികള്‍ അത് നിരസിക്കുകയും പിന്നാലെ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയുമായിരുന്നു.

മെഹ്ബൂബ മുഫ്തി തന്നെയായായിരുന്നു തന്നെ വീട്ടുതടങ്കലിലാക്കിയ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

‘മുതിര്‍ന്ന പി.ഡി.പി നേതാക്കളെയും എന്നെയും ഇന്ന് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. അര്‍ദ്ധരാത്രിയില്‍ സംഭവിച്ച അക്രമത്തിന്റെ ഭാഗമായാണ് തടങ്കലിലാക്കിയിരിക്കുന്നത്. എന്റെ നിരവധി പാര്‍ട്ടിക്കാരെ നിയമവിരുദ്ധമായി പൊലീസ് സ്റ്റേഷനുകളില്‍ തടങ്കലിലാക്കിയിട്ടാണുള്ളത്.

ആര്‍ട്ടിക്കിള്‍ 370 നിയമവിരുദ്ധമായി റദ്ദാക്കിയത് ആഘോഷിക്കാന്‍ കശ്മീരികളോട് ആഹ്വാനം ചെയ്യുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ജനങ്ങളെ ശ്വാസം മുട്ടിക്കാന്‍ വേണ്ടി മറുവശത്ത് അധികാരം ഉപയോഗിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ട വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ സുപ്രീം കോടതി ഇപ്പോള്‍ നടന്ന സംഭവങ്ങളും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നാണ് മെഹ്ബൂബ പറഞ്ഞത്.
ആര്‍ട്ടിക്കിള്‍ 370 നിയമവിരുദ്ധമായി റദ്ദാക്കിയതിന്റെ ആഘോഷത്തിനായി ബി.ജെ.പിയെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഫ്തി ആരോപിച്ചിരുന്നു.

‘ആഗസ്റ്റ് അഞ്ചിന് പി.ഡി.പി നേതാക്കളെ കസ്റ്റഡിയിലെടുക്കുമോ? ആരിഫ് ലൈഗ്രോവിനെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ആഘോഷിക്കുവാനും ബി.ജെ.പിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്തെ പൊതുജനങ്ങളെ കബളിപ്പിക്കുകയാണ്,’ അവര്‍ പറഞ്ഞു.

മുന്‍ മന്ത്രിമാരായ അബ്ദുള്‍ റഹ്മാന്‍ വീരി, നയീം അക്തര്‍, ആസിയ നകാഷ്, പി.ഡി.പി ജനറല്‍ സെക്രട്ടറി ഗുലാം നബി ലോണ്‍ ഹഞ്ജുറ, മെഹബൂബ് ബേഗ്, ജില്ലാ പ്രസിഡന്റ് ബുദ്ഗാം മുഹമ്മദ് യാസിന്‍ ഭട്ട് തുടങ്ങിയവരെയാണ് വീട്ടുതടങ്കലിലാക്കിയത്.

CONTENT HIGHLIGHTS: Mehbooba was put under house arrest because of freedom in Vaidya; Chidambaram against central argument