Administrator
Administrator
‘ദശരസ’ത്തെ സംഘപരിവാര്‍ ഭയക്കുന്നതെന്തിന്?
Administrator
Saturday 17th December 2011 7:21pm

എന്തുകൊണ്ട് പത്താമതൊരു രസം കൂടി എന്നല്ലേ. പാര്‍ശ്വവത്കരിക്കപ്പെട്ട ആദര്‍ശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സവിശേഷ പ്രാധാന്യത്തോടെ ഞങ്ങള്‍ക്ക് സൃഷ്ടിക്കേണ്ടി വന്ന രസമാണിത്. തിരസ്‌കൃതരുടെ വിഹ്വലതകള്‍ പ്രകാശിപ്പിക്കുന്ന ഒരു രസം.

ഈ കാലഘട്ടം പ്രേഷണം ചെയ്യുന്ന ശൃംഖാരത്തെ, കരുണത്തെ, വീരത്വത്തെ, രൗദ്രതയെ, ഹാസ്യത്തെ, ഭയാനകതയെ, ബീഭത്സതയെ, അത്ഭുതത്തെ വിത്യാര്‍ത്ഥികള്‍ സര്‍ഗസൃഷ്ടികളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു ഇതില്‍. വര്‍ത്തമാനകാലം അത്രമേല്‍ അശാന്തമാകയാല്‍ ശാന്തര രസത്തെ ഖേദപൂര്‍വ്വം ഞങ്ങള്‍ ഒഴിച്ചിട്ടിരിക്കുന്നു. (ദശരസങ്ങള്‍ മാഗസിന്‍ പുറം ചട്ടയിലെ വാചകങ്ങള്‍)


എം.എഫ് ഹുസൈന്‍

ക്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം.എഫ്. ഹുസൈന്‍ ജീവിതത്തിലും കലയിലും വേറിട്ട വഴികളാണ് താണ്ടിയത്. സ്വതന്ത്രപൂര്‍വ്വ ഇന്ത്യന്‍ മുംബൈയിലെ തെരുവുകളില്‍ നഗ്‌നപാദനായി ബോളിവുഡ് സിനിമകളുടെ പോസ്റ്റര്‍ വരച്ചു നടന്ന ഒരു യൗവ്വനമുണ്ടായിരുന്നു ഹുസൈന്. സ്വാതന്ത്ര്യാനന്തരം ഹുസൈന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ലോകപ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോ പോലും ഹുസൈന്റെ സുഹൃത്തായി മാറി. പിക്കാസോയുടെ രചനാ ശൈലിയുടെ സ്വാധീനം ഹുസൈനില്‍ പ്രകടമാണ്.

ഹുസൈനെ പലരും ഇന്ത്യന്‍ പിക്കാസോ എന്നും വിളിച്ചുപോന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഹുസൈന്‍ വരച്ച ഹിന്ദു ദേവി ദേവന്‍മാരുടെ ചിത്രങ്ങള്‍ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ അന്ത്യപാദത്തില്‍ ഹൈന്ദവ ഫാഷിസ്റ്റുകള്‍ ആക്രമണശരവ്യമാക്കി. ഹുസൈനോടുള്ള എതിര്‍പ്പിനേക്കാള്‍ വര്‍ഗീയ മുതലെടുപ്പായിരുന്നു വര്‍ഗീയവാദികളുടെ ഉന്നം. അവര്‍ ഹുസൈന്റെ ചിത്രങ്ങളെ ധ്വംസിച്ചു. ഒടുവില്‍ നിവൃത്തിയില്ലാതെ ജന്‍മനാട്ടില്‍ നിന്ന് ഹുസൈന് പലായനം ചെയ്യേണ്ടി വന്നു. ഒടുവില്‍ മനംനൊന്ത് ഹുസൈന്‍ ഖത്തറിലേക്ക് പോയി. ഖത്തര്‍ ഭരണകൂടം ഹുസൈന് ആദരപൂര്‍വ്വം പൗരത്വം നല്‍കി. ഒടുവില്‍ ലണ്ടനില്‍ വെച്ച് അന്ത്യം. ഫാഷിസം എത്രമേല്‍ സമൂഹത്തില്‍ മൗനസമ്മതങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിന്റെ രക്തസാക്ഷി കൂടിയാണ് എം.എഫ് ഹുസൈന്‍.(ദശരസങ്ങള്‍)

കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളജ് ക്യാമ്പസ് ഇപ്പോള്‍ സവിശേഷമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ക്യാമ്പസ് അരാഷ്ട്രീയമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ലോക രാഷ്ട്രീയത്തെ മഴുവന്‍ തങ്ങളുടെ മാഗസിനിലേക്ക് ആവാഹിച്ചിരിക്കയാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഭരണകൂട ഭീകരതക്കും ഫാഷിസത്തിനും മത വര്‍ഗ്ഗീയതക്കുമെതിരെ ശക്തമായ ചോദ്യമുയര്‍ത്തിയ മാഗസിന്‍ മറ്റൊരു വര്‍ഗ്ഗീയ സംഘത്താല്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കയാണിപ്പോള്‍.

സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി മാഗസിന്‍ വിതരണം നിര്‍ത്തിവെക്കാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. മാഗസിന്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് വര്‍ഗ്ഗീയ ശക്തികളുടെ ആവശ്യം. എന്നാല്‍ ഇതിന് വഴങ്ങരുതെന്ന് കാമ്പസ് വിദ്യാര്‍ത്ഥി യൂണിയനും എസ്.എഫ്.ഐയും ശക്തമായി ആവശ്യപ്പെടുന്നു. സംഘപരിവാര്‍ സംഘടനകള്‍ കഴിഞ്ഞ ദിവസം കോളജിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി. ശക്തമായ ആശയ പോരാട്ടം നടത്തി വര്‍ഗ്ഗീയ ഇടപെടലിനെ ചെറുക്കാനാണ് എസ്.എഫ്.ഐ തീരുമാനം. മാഗസിനെക്കുറിച്ചും അതുയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും മാഗസിന്‍ സ്റ്റുഡന്റ്‌സ് എഡിറ്ററായ ആര്‍.എസ് ഷിജിന്‍ സംസാരിക്കുന്നു.

കോളജ് മാഗസിനില്‍ എം.എഫ് ഹുസൈന്റെ ചിത്രം ഉള്‍പ്പെടുത്താനുള്ള സാഹചര്യമെന്തായിരുന്നു?.

ഇന്ത്യയിലെ ഫാസിസ്റ്റുകളാല്‍ നാടുകടത്തപ്പെട്ട മഹാനായ ചിത്രകാരനാണ് എം.എഫ് ഹുസൈന്‍. ഇന്ത്യ അദ്ദേഹത്തെ തിരസ്‌കരിക്കുകയായിരുന്നു. ഖത്തര്‍ സര്‍ക്കാറാണ് അദ്ദേഹത്തിന് അഭയം നല്‍കിയത്. ലണ്ടനില്‍ വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു. അദ്ദേഹം മരിച്ചപ്പോഴും പിന്നീടും ഇവിടെ വേണ്ട വിധത്തിലുള്ള അനുസ്മരണങ്ങളും ചര്‍ച്ചകളും നടന്നിട്ടില്ല. തിരസ്‌കൃതര്‍ക്ക് വേണ്ടിയാണ് മാഗസിന്‍ സമര്‍പ്പിക്കപ്പെട്ടത്. ഹുസൈന്‍ ചിത്രം ഉള്‍പ്പെടുത്താനും മാഗസിന്‍ അദ്ദേഹത്തെ സ്മരിക്കാനും കാരണം ഇതാണ്. കാമ്പസില്‍ നിന്ന് ചര്‍ച്ച സമൂഹത്തിലേക്ക് ചര്‍ച്ച വികസിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

മാഗസിനെതിരെ പ്രതിഷേധം ഉയരുന്നതെപ്പോഴാണ്? ആരാണി പിന്നില്‍?

നംവംബര്‍ 28നാണ് മാഗസിന്‍ പ്രകാശനം നടക്കുന്നത്. 1000ത്തോളം കോപ്പികള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയുമുണ്ടായി. പിന്നീട് ഡിസംബര്‍ ഏഴിനാണ് ആദ്യമായി പ്രതിഷേധമുണ്ടാകുന്നത്. കോളജിലെ ന്യൂനപക്ഷമായ എ.ബി.വി.പി പ്രവര്‍ത്തകരായിരുന്നു ഇതിന് പിന്നില്‍. ഞങ്ങള്‍ ഒരു പരിപാടില്‍ പങ്കെടുത്തുകൊണ്ടിരിക്കെ സംഘടിച്ചെത്തിയ എ.ബി.വി.പിക്കാര്‍ മാഗസിന്‍ കത്തിക്കുകയായിരുന്നു. ആദ്യം എന്താണ് അവരുടെ ഉദ്ദേശമെന്ന് അറിഞ്ഞിരുന്നില്ല. പിന്നീടാണ് മാഗസിനെതിരെ വ്യാപകമായ പ്രചാരണം നടത്താന്‍ അവര്‍ പദ്ധതിയിട്ട വിവരം ഞങ്ങളറിയുന്നത്.

എന്തായിരുന്നു എ.ബി.വി.പിയുടെ പ്രതിഷേധത്തിന്റെ കാരണം?.

എം.എഫ് ഹുസൈന്റെ ചിത്രം മാഗസിനില്‍ ഉള്‍പ്പെടുത്തിയതിനെയാണ് അവര്‍ എതിര്‍ക്കുന്നത്. ചിത്രം ഭാരതാംബയെ അപമാനിക്കുന്നതാണെന്നാണ് അവര്‍ പറഞ്ഞത്. മാഗസിന്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീട് ആര്‍.എസ്.എസ്. ബി.ജെ.പി വി.എച്ച്.പി എന്നിവരെ സംഘടിപ്പിച്ച് അവര്‍ വിപുലമായ ഒരു മാര്‍ച്ച് കോളജിലേക്ക് സംഘടിപ്പിക്കുകയുണ്ടായി.

ക്യാമ്പസിനുള്ളില്‍ വ്യാപകമായ പ്രചാരണമാണ് എ.ബി.വി.പി നടത്തുന്നത്. ഹുസൈന്റെ ചിത്രത്തെക്കുറിച്ച് ഒരു മുസ്‌ലിം വിശ്വാസി ഹിന്ദു ദേവിയെ അപമാനിച്ചുവെന്ന തരത്തിലാണ് അവര്‍ പ്രചാരണം നടത്തുന്നത്. മതപരമായ വിഭാഗീയതയുണ്ടാക്കുകയും അതില്‍ നിന്ന് മുതലെടുപ്പ് നടത്തുകയുമാണ് അവരുടെ ലക്ഷ്യം.

ഇക്കാര്യത്തില്‍ കോളജ് അധികൃതരുടെ നിലപാട് എന്താണ്?.

മാഗസിനെതിരെ എതിര്‍പ്പ് വന്നതോടെ സ്റ്റാഫ് മീറ്റിങ് വിളിച്ച് മാഗസിന്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണ് കോളജ് അധികൃതര്‍ ചെയ്തത്. മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് വിളിച്ചു ചേര്‍ക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. വിതരണം ചെയ്ത മാഗസിന്‍ തിരിച്ചുവിളിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ മാഗസിന്‍ തിരിച്ചുവിളിക്കാനുള്ള കോളജ് അധികൃതരുടെ തീരുമാനത്തെ യൂണിയന്‍ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചിട്ടുണ്ട്.

എ.ബി.വി.പിയുടെ പ്രതിഷേധത്തെ എങ്ങിനെ നേരിടാനാണ് തീരുമാനം?

ഇതിനെ ആശയപരമായി നേരിടാനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. എ.ബി.വി.പി നീക്കത്തിനെതിരെ ക്യാമ്പസിനകത്തും പുറത്തും വ്യാപകമായ പ്രചാരണം നടത്തും. ഇപ്പോള്‍ തന്നെ ചിത്രകാരി കബിത മുഖോപാധ്യായയെ പങ്കെടുപ്പിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ ക്യാമ്പസിനുള്ളില്‍ വെച്ച് പരിപാടി നടത്താന്‍ പ്രിന്‍സിപ്പല്‍ അനുവദിച്ചില്ല. പുറത്ത് റോഡരികിലാണ് ഞങ്ങള്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.

എ.ബി.വി.പി പ്രതിഷേധിച്ചപ്പോഴേക്കും മാഗസിന്‍ പിന്‍വലിക്കാന്‍ കോളജ് അധിതര്‍ തീരുമാനിച്ചത് എന്തുകൊണ്ടായിരിക്കും?.

കോളജ് അധികൃതര്‍ ഭയപ്പെട്ടിരിക്കയാണ്. പ്രത്യേകിച്ച് പ്രിന്‍സിപ്പല്‍. ഇപ്പോഴത്തെ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഞങ്ങളെ ശരിയായി കേള്‍ക്കാന്‍ പോലും തയ്യാറായില്ല. അദ്ദേഹം ആരെയോ ഭയപ്പെടുന്ന പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. സംഘപരിവാര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം പ്രിന്‍സിപ്പല്‍ ക്യാമ്പസില്‍ വന്നിട്ടില്ല.

മീഞ്ചന്ത കോളജ് നിലനില്‍ക്കുന്ന സ്ഥലത്തിന് ചുറ്റും ആര്‍.എസ്. എസ് ശക്തി കേന്ദ്രമാണ്. അവരുടെ ബലത്തിലാണ് എ.ബി.വി.പി ഇവിടെ പ്രവര്‍ത്തിക്കുന്നത്. അവരാണ് കഴിഞ്ഞ ദിവസം പ്രകടനത്തില്‍ പങ്കെടുത്തത്. ക്യാമ്പസില്‍ സംഘടന ശക്തിപ്പെടുത്താന്‍ ഏറെക്കാലമായി സംഘപരിവാര്‍ ആഗ്രഹിക്കുന്നതാണ്. ഇപ്പോഴത്തെ മാഗസിനെ മറയാക്കി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനും ക്യാമ്പസില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. അതിന് കീഴടങ്ങരുതെന്നാണ് ഞങ്ങള്‍ അധികൃതരോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ വര്‍ഗ്ഗീയതയെ ആശയപ്രചാരണത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കാന്‍ തന്നെയാണ് എസ്.എഫ്.ഐ തീരുമാനം.

വര്‍ഗ്ഗീയതക്ക് എളുപ്പത്തില്‍ പ്രചാരണം ലഭിക്കുന്നതാണ് കഴിഞ്ഞ കാലങ്ങളില്‍ നാം കണ്ടത്. വര്‍ഗ്ഗീയ പ്രചാരണത്തെ ഏത് രീതിയില്‍ ചെറുത്ത് തോല്‍പ്പിക്കാനാണ് എസ്.എഫ്.ഐ തീരുമാനം?.

ക്യാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. സാംസ്‌കാരിക സദസ്സുകള്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. വിഷയം പൊതു സമൂഹം ചര്‍ച്ച ചെയ്യട്ടെ. വിഷയം മറ്റ് കോളജുകളിലും ചര്‍ച്ചയാവുന്നുണ്ട്. ദല്‍ഹി ജെ.എന്‍.യു കോളജില്‍ മാഗസിന്‍ പിന്‍വലിച്ചതിനെതിരെ പ്രതിഷേധ പ്രകടനം നടന്നുവെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം. അടുത്ത ദിവസം കാമ്പസിന് ചുറ്റും വിദ്യാര്‍ത്ഥി ചങ്ങല തീര്‍ക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്.

മാഗസിന്‍ കൊണ്ട് നിങ്ങള്‍ അര്‍ത്ഥമാക്കിയതെന്താണ്?.

യഥാര്‍ത്ഥത്തില്‍ നമ്മുടെ ചുറ്റുപാടുകളില്‍ സംഭവിക്കുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാണ് മാഗസിനിലൂടെ ഞങ്ങള്‍ ഉദ്ദേശിച്ചത്. എം.എഫ് ഹുസൈനെ ഇതിന്റെ ഭാഗമായാണ് ഉള്‍പ്പെടുത്തിയത്. ദശരസങ്ങള്‍ എന്നാണ് ഞങ്ങള്‍ മാഗസിന് പേര് നല്‍കിയത്. നവരസങ്ങളെക്കുറിച്ചാണ് നമ്മള്‍ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ എല്ലാ രസങ്ങളും ഉള്‍ക്കൊള്ളുന്നതും എന്നാല്‍ ഭരണകൂടത്താലും ഭീതിയാലും അടിച്ചമര്‍ത്തപ്പെടുന്നതുമായ ഒരു രസം കൂടിയുണ്ട്. അതിന് ഞങ്ങള്‍ ‘തിരസ്‌കൃതം’ എന്ന് പേരിട്ടു.

മാഗസിനില്‍ മുസ്‌ലിം വര്‍ഗ്ഗീയവാദികള്‍ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റിയതിനെക്കുറിച്ച് ഒരു ലേഖനമുണ്ട്. മറ്റ് രാഷ്ട്രീയ, സാമൂഹിക സംഭവ വികാസങ്ങളെക്കുറിച്ചും മാഗസിന്‍ പറയുന്നു. എന്നാല്‍ ഇതൊന്നും കാണാനോ അറിയാനോ എ.ബി.വി.പി തയ്യാറാവുന്നില്ലെന്നതാണ് കഷ്ടം. അവര്‍ ഒരു ഹുസൈനെ മാത്രം ഉയര്‍ത്തിക്കാട്ടി വര്‍ഗ്ഗീയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ക്യാമ്പസുകള്‍ അരാഷ്ട്രീയവത്കരിക്കപ്പെടുകയും ആ സ്ഥാനത്ത് വര്‍ഗ്ഗീയ സംഘടനകള്‍ സ്വാധീനമുറപ്പിക്കുകയും ചെയ്യുന്നതായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ക്യാമ്പസുകളില്‍ അങ്ങിനെ നടക്കുന്നുണ്ടോ?.

കാമ്പസുകള്‍ അരാഷ്ട്രീയമായിക്കൊണ്ടിരിക്കുകയാണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് പൂര്‍ണ്ണമായി അരാഷ്ട്രീയവത്കരിക്കപ്പെട്ടിട്ടില്ല. വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ ഇടപെടലുണ്ടായാല്‍ അരാഷ്ട്രീയവത്കരണത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയും. അതിന് തുറന്ന ചര്‍ച്ചയാണ് വേണ്ടത്. സമൂഹത്തില്‍ നടക്കുന്നത് ക്യാമ്പസിലും ചര്‍ച്ചയാവണം. എന്നാല്‍ ഒരു ചര്‍ച്ച പോലും വേണ്ടെന്നാണ് സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ സംഘടനകള്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളെ മതത്തിന്റെ പേരില്‍ സംഘടിപ്പിച്ച് രണ്ട് ചേരിയാക്കി നിര്‍ത്താനാണ് വര്‍ഗ്ഗീയ സംഘടനകള്‍ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ആശയ സമരത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ കോളജ് മാഗസിന്‍ ഇറക്കിയത്. ആര്‍ട്‌സ് കോളജിന്റെ അടുത്ത കാലത്തെ ചരിത്രത്തിലൊന്നും ഇത്രയും നന്നായി രാഷ്ട്രീയം കൈകാര്യം ചെയ്യപ്പെട്ട മറ്റൊരു മാഗസിനുണ്ടായിട്ടില്ല. സാധാരണ കോളജ് മാഗസിനുകള്‍ സ്വന്തം കോളജിന്റെ ചരിത്രം പറഞ്ഞും കുറച്ച് പ്രണയക്കവിതകള്‍ നിറച്ചും അവസാനിപ്പിക്കാറാണ് പതിവ്. എന്നാല്‍ ആ പതിവ് തെറ്റിക്കാനായാണ് തീഷ്ണമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.

എം.എഫ് ഹസൈന്‍ ദേവിയെ നഗ്നയാക്കി അപമാനിച്ചുവെന്ന എ.ബി.വി.പിയുടെ ആരോപണം വാസ്തവം തന്നെയല്ലേ?.

യഥാര്‍ത്ഥത്തില്‍ ഹിന്ദു ദൈവങ്ങളുടെ ശില്‍പങ്ങളെല്ലാം നിരവധി സ്ഥലങ്ങളില്‍ നഗ്നമായാണ് ചിത്രീകരിക്കപ്പെട്ടത്. മോഹന്‍ജദാരോയിലും മറ്റും ഇത് വ്യക്തമായിക്കാണാം. കാളിദാസന്റെ കുമാര സംഭവത്തില്‍ പാര്‍വ്വതീ ദേവിയെ നഗ്നയായാണ് കാണിച്ചിരിക്കുന്നത്. അതിനെയൊന്നും ആരും ഇതുവരെ എതിര്‍ത്തിട്ടില്ല. എം.എഫ് ഹുസൈന്‍ തന്നെ 1970കളിലാണ് ചിത്രം വരക്കുന്നത്. പിന്നീട് 96ലാണ് ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകള്‍ ഇത് ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതുള്‍പ്പെടെ വന്‍ തോതില്‍ വര്‍ഗ്ഗീയവത്കരണം നടക്കുന്നത് ഇക്കാലയളവിലാണ്. വര്‍ഗ്ഗീയത വളര്‍ത്താനാണ് സംഘപരിവാര്‍ എം.എഫ് ഹുസൈനെ ഉപയോഗിച്ചത്. ഇ്‌പ്പോള്‍ മീഞ്ചന്ത ആര്‍ട്‌സ് കോളജ് ക്യാമ്പസിലും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇതിനാണ്.

തയ്യാറാക്കിയത്: കെ.എം ഷഹീദ്

meenchanda arts college, magazine, dasharasangal, mf husain, abvp kerala, sfi

Malayalam news

Kerala news in English

Advertisement