'മനസ്സിൽ സോറി ചേട്ടാ ഞങ്ങൾ ഇതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞു'; ക്യാബിൻ ക്രൂ അനുഭവം പങ്കുവെച്ച് മീനാക്ഷി രവീന്ദ്രൻ
Film News
'മനസ്സിൽ സോറി ചേട്ടാ ഞങ്ങൾ ഇതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞു'; ക്യാബിൻ ക്രൂ അനുഭവം പങ്കുവെച്ച് മീനാക്ഷി രവീന്ദ്രൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th November 2023, 10:54 pm

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാള പ്രേക്ഷകരുടെ ഇടയിൽ ഇഷ്ട്ടം പിടിച്ച് പറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. പിന്നീട് ഉടൻ പണം എന്ന ഷോയിലൂടെ അവതാരകയായും താരം പേരെടുത്തു. മാലിക് ഉൾപ്പെടെയുള്ള മറ്റു ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നത് തോൽവി എഫ്.സിയിലാണ്.

അഭിനയ രംഗത്ത് വരുന്നതിന് മുൻപ് മീനാക്ഷി ക്യാബിൻ ക്രൂവായി ജോലി ചെയ്തിട്ടുണ്ട്. താൻ ക്യാബിൻ ക്രൂവായിരുന്നപ്പോഴുള്ള ഒരനുഭവം മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു താരം. ഒരാൾ ദുബായിൽ പോകുന്ന ഫ്ലൈറ്റിൽ വെച്ച് പുക വലിക്കുകയും അത് പിടിക്കപെട്ടപ്പോഴുണ്ടായ അനുഭവവുമാണ് മീനാക്ഷി പങ്കുവെച്ചത്.

‘ഒരു പ്രാവശ്യം ഒരു ചേട്ടൻ ഫ്ലൈറ്റിൽ വെച്ച് സ്മോക്ക് ചെയ്തു. ശരിക്കും പുകവലിക്കാൻ പാടില്ല. എനിക്ക് തോന്നുന്നു അദ്ദേഹത്തിന് കുറച്ച് അഡിക്ഷൻ ഉണ്ടായിരുന്നു എന്ന്. അദ്ദേഹം വാഷ് റൂമിൽ കയറിയിട്ട് സ്മോക്ക് ചെയ്തു. പക്ഷെ സെൻസർ അടിച്ചല്ലോ. അപ്പോൾ ഞങ്ങൾ പിടിച്ചു. നമ്മൾ ചെന്ന് നോക്കിയപ്പോൾ വാഷ്‌ബേസിൽ സ്മോകിൻ്റെ ആഷ് ഇട്ടിട്ടുണ്ട്. അപ്പോൾ പ്രശ്നമായി. നമ്മൾ പിടിച്ചു.

മൂപ്പര് പാവമാണ് കേട്ടോ. ഞങ്ങളുടെ ഹെഡ് പേടിപ്പിക്കാൻ വേണ്ടിയിട്ട് പുള്ളിയുടെ പാസ്പോർട്ട് വാങ്ങി വെച്ചു. നാട്ടിൽ ആണെന്നുണ്ടെങ്കിൽ വലിയ സീൻ ഒന്നും ഉണ്ടാവില്ല. ചുമ്മാ ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതിയെന്ന് പറഞ്ഞാൽ വിടും. പക്ഷേ അവരുടെ അടുത്ത് നമ്മൾ പേടിപ്പിച്ച് വിട്ടാൽ മതി എന്ന് പറഞ്ഞിട്ട് കാര്യമില്ല. അവര് സീനാക്കി.

പുള്ളിയുടെ കയ്യിൽ നിന്ന് പാസ്പോർട്ട് വാങ്ങി വെച്ചു. ദുബായിൽ ചെന്ന് കഴിഞ്ഞിട്ട് ഞങ്ങൾക്ക് തന്നെ പാവം തോന്നി. ഒരാൾ കൊമ്പൻ മീശയൊക്കെ വെച്ചിട്ട് മസിലൊക്കെ ആയിട്ട് ഇങ്ങനെ കേറിവരികയാണ്. പാവം ചേട്ടന്റെ പണി അവിടെ തീർന്നു എന്ന് ഞങ്ങൾക്ക് തോന്നി. ആ ചേട്ടന്റെ അവസാന നോട്ടം കണ്ടപ്പോൾ ഞങ്ങൾക്ക് സങ്കടം വന്നു. ഞങ്ങൾ മനസ്സിൽ സോറി ചേട്ടാ ഞങ്ങൾ ഇതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞു. അയാൾ പുള്ളിയെ കൊണ്ട് പോയി,’മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi recounted an incident during her cabin crew job