രമ്യ കൃഷ്ണന്റെ റോള്‍ ചെയ്യേണ്ടിയിരുന്നത് ഞാന്‍, അന്ന് അമ്മയുടെ വാക്ക് കേള്‍ക്കാതിരുന്നെങ്കിലെന്ന് ഇപ്പോഴും തോന്നും: മീന
Film News
രമ്യ കൃഷ്ണന്റെ റോള്‍ ചെയ്യേണ്ടിയിരുന്നത് ഞാന്‍, അന്ന് അമ്മയുടെ വാക്ക് കേള്‍ക്കാതിരുന്നെങ്കിലെന്ന് ഇപ്പോഴും തോന്നും: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th March 2023, 12:52 pm

രജിനികാന്തിന്റെ സിനിമാ ജീവിതത്തിലെ നാഴികകല്ലാണ് പടയപ്പ സിനിമ. ചിത്രത്തില്‍ രജിനിക്കൊപ്പം പ്രധാന്യമുള്ള കഥാപാത്രമായിരുന്നു രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി. തമിഴ് സിനിമയിലെ തന്നെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നാണ് നീലാംബരി.

ഈ റോളിലേക്ക് തന്നെയായിരുന്നു ആദ്യം വിളിച്ചതെന്ന് പറയുകയാണ് നടി മീന. അന്ന് അമ്മയുടെ വാക്ക് കേട്ട് ചിത്രത്തില്‍ അഭിനയിച്ചില്ലെന്നും ഇപ്പോഴും അതോര്‍ത്ത് കുറ്റബോധം തോന്നാറുണ്ടെന്നും സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ മീന പറഞ്ഞു.

‘എന്റെ അമ്മ എപ്പോഴും ശരിയായിരുന്നു. എന്നാല്‍ ഒരു തവണ അവരുടെ വാക്കുകള്‍ കേള്‍ക്കാതിരുന്നിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. പടയപ്പയിലെ രമ്യ കൃഷ്ണന്റെ റോള്‍ ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നോട് ആ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു.

അത്രയും നാള്‍ രജിനി സാറിന്റെ പെയറായി ഒരുപാട് സിനിമകള്‍ ചെയ്തിട്ട് ഇങ്ങനെയൊരു നെഗറ്റീവ് റോള്‍ വന്നാല്‍ എനിക്ക് ചേരില്ല എന്ന് തോന്നി. ഇത് ശരിയാവില്ല എന്ന് അമ്മ പറഞ്ഞു. ശരിയെന്ന് ഞാനും പറഞ്ഞു.

ഒരു നടിയെന്ന നിലയില്‍ ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്. ആ കഥാപാത്രം എനിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു. ഹിറ്റായിക്കോട്ടെ, അല്ലാതിരിക്കട്ടെ, അത് വേറെ കാര്യമാണ്. ആ സിനിമ വലിയ ഹിറ്റായതുകൊണ്ടോ, രമ്യക്ക് നല്ല പേര് കിട്ടിയതുകൊണ്ടോ പറയുന്നതല്ല, ഒരു നടിയെന്ന നിലയില്‍ എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു.

അങ്ങനെ ഒരു അവസരം വന്നിട്ടും ഞാനത് നഷ്ടപ്പെടുത്തി. അന്ന് അമ്മ പറഞ്ഞത് കേള്‍ക്കാതെ ഈ കഥാപാത്രം ചെയ്യണമെന്ന് പറയണമായിരുന്നു എന്ന് എനിക്ക് എപ്പോഴും കുറ്റബോധം തോന്നും,’ മീന പറഞ്ഞു.

Content Highlight: meena about ramya krishnan and padayappa movie