Administrator
Administrator
മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ പ്രവേശന പരീക്ഷ തടഞ്ഞു
Administrator
Tuesday 7th June 2011 11:45am

high-court കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയില്‍ നടത്തുന്ന പ്രവേശന പരീക്ഷ ഹൈക്കോടതി തടഞ്ഞു. വിഷയത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പ്രവേശന നടപടിയില്‍ തല്‍സ്ഥിതി തുടരണമെന്ന് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലേക്കും നേരിട്ട് പ്രവേശനം നടത്തുമെന്നാണ് കേരള സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ കോടതി തടഞ്ഞത്.

സ്വാശ്രയ മാനേജ്‌മെന്റുകളുടെ പ്രവേശന നടപടികള്‍ക്കെതിരെ കോഴിക്കോട് സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സര്‍ക്കാര്‍ക്വാട്ട ഏറ്റെടുക്കണമെന്നും ഇവിടെ സര്‍ക്കാര്‍ പ്രവേശന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നും ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കണമെന്നുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ മെയ് 30നകം സര്‍ക്കാര്‍ പ്രവേശന നടപടികളെടുക്കുന്നില്ലെങ്കില്‍ തങ്ങള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്നാണ് 11 മാനേജുമെന്റുകളുടെ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോള്‍ കോടതി തടഞ്ഞത്.

സ്വശ്രയ മെഡിക്കല്‍ കോളജുകളിലെ പി.ജി പ്രവേശനം ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു. ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെഡറേഷന് കീഴിലുള്ള കോളജുകളിലെ പ്രവേശനമാണ് തടഞ്ഞത്. അമല, പുഷ്പഗിരി, ജൂബിലി, കോലഞ്ചേരി എന്നീ കോളജുകളിലെ 50 ശതമാനം സീറ്റുകളിലെ പ്രവേശനമാണ് കോടതിയുടെ അന്തിമവിധി ഉണ്ടാകുന്നത് വരെ തടഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ കരാര്‍ പ്രകാരം 50 ശതമാനം സീറ്റുകളില്‍ മാത്രമെ മാനേജ്‌മെന്റിന് പ്രവേശനം നടത്താനാവൂവെന്നും കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം 50:50 അനുപാതത്തിലുള്ള പ്രവേശനം എല്ലാ മാനേജുമെന്റുകള്‍ക്കും ബാധകമാക്കണമെന്നും അല്ലാത്ത പക്ഷം സര്‍ക്കാറുമായുണ്ടാക്കിയ കരാറില്‍ നിന്ന് പിന്‍മാറുമെന്നും എം.ഇ.എസ് അറിയിച്ചിരുന്നു.

അതിനിടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.

Advertisement